24 January, 2019 11:22:26 AM
മനയ്ക്കപ്പാടം അടിപ്പാത നിര്‍മ്മാണം: അതിരമ്പുഴ റോഡിലൂടെ ഗതാഗതം നിരോധിക്കും
ഏറ്റുമാനൂര്‍: പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി ഏറ്റുമാനൂര്‍ - അതിരമ്പുഴ റോഡില്‍ മനയ്ക്കപ്പാടത്തുള്ള റയില്‍വേ അടിപ്പാതയുടെ നിര്‍മ്മാണം രണ്ടാം ഘട്ടം പുരോഗമിക്കുന്നു. പുതിയ പാലം നിര്‍മ്മിക്കുന്നതിനായി അതിരമ്പുഴ റോഡിലൂടെയുള്ള ഗതാഗതം ജനുവരി 28 മുതല്‍ നിരോധിക്കും. മൂന്ന് മാസത്തേക്ക് നീണ്ടൂര്‍ റോഡിലൂടെ ഗതാഗതം തിരിച്ചുവിടും. പാലം പുതുക്കി പണിയുന്നതിനായി അടിപ്പാതയുടെ മുകളിലുള്ള പാലം കഴിഞ്ഞ ഡിസംബര്‍ 12ന് പൊളിച്ചു നീക്കിയിരുന്നു.
പണ്ട് മീറ്റര്‍ഗേജായിരുന്ന പാളം ബ്രോഡ്ഗേജാക്കിയതിന്‍റെ ഭാഗമായി ഇരുമ്പ് പാലം മനയ്ക്കപ്പാടത്ത് നിര്‍മ്മിച്ചത് പഴമക്കാര്‍ ഇന്നും ഓര്‍ക്കുന്നു. ഇത് മാറ്റി കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിരത്തി അടിപ്പാതയുടെ മുകളില്‍ പുതിയ പാലം നിര്‍മ്മിച്ചത് 1992ലാണ്. നിലവില്‍ ഒരു വരി റയില്‍ പാതയായിരുന്നു ഇവിടെ. റയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്‍റെ ഭാഗമായി ഈ ഭാഗത്ത് നാല് വരി റയില്‍ പാത വരേണ്ടതുകൊണ്ടാണ് മനയ്ക്കപ്പാടം പാലവും പൊളിച്ചത്.
പഴയ പാലത്തോട് ചേര്‍ന്ന് രണ്ട് വരിപാതയോടുകൂടിയ പുതിയ പാലം നേരത്തെ പണിത് ട്രയിന്‍ഗതാഗതം ഇതുവഴി തിരിച്ചു വിട്ടിരുന്നു. വലിയ ക്രയിന്‍ ഉപയോഗിച്ച് പഴയ പാലത്തിന്‍റെ സ്ലാബുകള്‍ പൊക്കിമാറ്റുകയാണ് ഒരു മാസം മുമ്പ് ചെയ്തത്. റയില്‍വേ സ്റ്റേഷനു സമീപം നീണ്ടൂര്‍ റോഡില്‍ പൊളിച്ചു പണിത മേല്‍പ്പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെയും പുതിയ റയില്‍വേ സ്റ്റേഷന്‍ റോഡിന്‍റെയും ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്കുമുമ്പ് ഇതുവഴി ഗതാഗതം പുനസ്ഥാപിച്ചിരുന്നു.
തീരെ വീതി കുറവായിരുന്ന റോഡിന് വീതി കൂട്ടികൊണ്ടാണ് അടിപ്പാത നവീകരിക്കുന്നത്. അടിപ്പാത നിര്‍മ്മാണത്തിന്‍റെ ഭാഗമായി സംരക്ഷണഭിത്തികള്‍ കെട്ടുന്നതുള്‍പ്പെയുള്ള ജോലികള്‍ നടക്കേണ്ടതുണ്ട്. ഇതിനായി ജനുവരി പകുതിയോടെ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ അതിരമ്പുഴ പള്ളി പെരുനാള്‍ പ്രമാണിച്ചാണ് നീട്ടിവെച്ചത്. ജനുവരി 28 മുതല്‍ ഗതാഗതം നിരോധിക്കുന്നത് സംബന്ധിച്ച കത്ത് റയില്‍വേ അധികൃതര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി.