22 January, 2019 02:58:58 PM
ഏറ്റുമാനൂരില്‍ നൈപുണ്യ വികസനകേന്ദ്രം ഉടന്‍; തുടക്കത്തില്‍ 20 റസിഡന്‍ഷ്യല്‍ കോഴ്സുകള്‍
കോട്ടയം : ഏറ്റുമാനൂര്‍ ഐ ടി ഐ ക്യാമ്പസില്‍ പ്രധാനമന്ത്രിയുടെ സ്കില്‍ ഇന്ത്യാ പദ്ധതി പ്രകാരമുള്ള നൈപുണ്യ വികസന കേന്ദ്രത്തിന്‍റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബിപിസിഎല്‍ (ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍) മുഖേന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് ഐ ടി ഐക്കാര്‍ക്കും സാങ്കേതിക വിദ്യാഭ്യാസമുളളവര്‍ക്കും ഗുണം ചെയ്യുന്ന രീതിയിലാണ് . ഒരു വര്‍ഷം ആയിരം പേര്‍ക്ക് പഠിച്ചിറങ്ങാനാകും.
പൂര്‍ണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. നാഷണല്‍ സ്കില്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. റസിഡന്‍ഷ്യല്‍ കോഴ്സുകളാണ് ഇവിടെ നടത്തുക. 20 കോഴ്സുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും റസിഡന്‍ഷ്യല്‍ കോഴ്സുകളായതിനാല്‍ പഠിതാക്കള്‍ക്ക് താമസ സൗകര്യവും ഉണ്ടായിരിക്കും. സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളും പുതിയ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പൂര്‍ണ്ണസജ്ജമായ വര്‍ക്ക് ഷോപ്പുകളും ഉണ്ടായിരിക്കും. ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള കെട്ടിടമായിരിക്കും നിര്‍മ്മിക്കുക.
നിര്‍മ്മാണം ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്. ഐടിഐയുടെ കൈവശമുള്ള 8.85 ഹെക്ടര്‍ ഭൂമിയില്‍ 3.24 ഹെക്ടര്‍ ബിപിസിഎല്‍ നടപ്പാക്കുന്ന സ്കില്‍ ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുവാന്‍ 2017 ഒക്ടോബര്‍ 25ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഭൂമി കഴിഞ്ഞ മാര്‍ച്ചില്‍ ബിപിസിഎല്ലിന് കൈമാറി. ബിപിസിഎല്ലിനൊപ്പം മറ്റ് എണ്ണക്കമ്പനികളും പദ്ധതിയുമായി സഹകരിക്കും.
കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഏറ്റുമാനൂരില്‍ നൈപുണ്യ കേന്ദ്രം നിര്‍ദ്ദേശിച്ചത്. ഇതിനുളള സ്ഥലം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ഈ എട്ടേക്കര്‍ സ്ഥലം കേന്ദ്രത്തിന് വിട്ടു നല്‍കിയത്. കൂടാതെ ഒരേക്കര്‍ സ്ഥലം ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനും വിട്ടു നല്‍കി. ഇപ്പോള്‍ പത്തേക്കര്‍ സ്ഥലമാണ് ഐടിഐയ്ക്ക് ശേഷിക്കുന്നത്.
ഇതിനിടെ ഏറ്റുമാനൂരില്‍ നൈപുണ്യവികസനകേന്ദ്രം തുടങ്ങുന്നത് ഗവ. ഐടിഐയുടെ വികസനത്തിന് തടസമാകുമെന്ന വാദം ഉയര്‍ന്നിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ട കേരളത്തിലെ പത്ത് ഐടിഐകളില്‍ ഒന്നാണ് ഏറ്റുമാനൂരിലേത്. അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ഐടിഐയില്‍ നടത്തപ്പെടേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നതോടെ നിശ്ചലമാവുമെന്നായിരുന്നു ചൂണ്ടികാണിക്കപ്പെട്ടത്.
നിലവിലുള്ള ഭൂമിയില്‍ ഒന്നര ഏക്കറോളം റയില്‍വേ വികസനത്തിനായി ഏറ്റെടുത്തു. ബാക്കി സ്ഥലത്ത് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഹോസ്റ്റലുകള്‍, ആധുനികരീതിയുള്ള പുതിയ വര്‍ക്ക് ഷോപ്പുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, ലൈബ്രറി, റിംഗ് റോഡുകള്‍ ഇവയെല്ലാം നിര്‍മ്മിക്കാനുള്ള എസ്റ്റിമേറ്റ് സമര്‍പ്പിച്ച പിന്നാലെയാണ് സ്ഥലം ബിപിസിഎലിന് വിട്ടുകൊടുക്കാനുള്ള മന്ത്രിസഭാ തീരുമാനം ഉണ്ടായത്.
2017 ജനുവരി മുപ്പതിനാണ് ഐടിഐ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തി കൊണ്ടുള്ള പ്രഖ്യാപനം മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഏറ്റുമാനൂരില്‍ നടത്തിയത്. കേരളത്തിലെ പത്ത് ഐടിഐകള്‍ക്കും കൂടി 228 കോടി രൂപയാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളത്. 29 കോടി 23 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഏറ്റുമാനൂരില്‍ കിസ്ബി വഴി നടത്താന്‍ തീരുമാനമായതും. ഇതിന് പിന്നാലെ 68 കോടിയുടെ പുന:ക്രമീകരിച്ച എസ്റ്റിമേറ്റ് ഐടിഐ അധികൃതര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.