21 January, 2019 01:37:18 PM
അയ്യപ്പഭക്ത സംഗമം സവര്‍ണ കൂട്ടായ്‌മ; പങ്കെടുക്കാതിരുന്നത് മഹാഭാഗ്യം- വെള്ളാപ്പളളി

ഏറ്റുമാനൂര്‍: ഇന്നലെ തിരുവനന്തപുരത്ത് നടന്ന അയ്യപ്പ ഭക്ത സംഗമത്തില്‍ കണ്ടത് സവര്‍ണ ഐക്യമാണെന്നും പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമെന്നും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഗമത്തില്‍ പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യമൊന്നും ഉണ്ടായില്ലെന്നും ക്ഷണിച്ചിരുന്നെങ്കിലും അതില്‍ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായി എന്ന് താന്‍ ഇപ്പോള്‍ കരുതുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏറ്റുമാനൂര്‍ 40-ാം നമ്പര്‍ യൂണിയന്‍റെ ക്ഷേത്രസമര്‍പ്പണം പരിപാടിയുടെയും പൊതുസമ്മേളനത്തിന്‍റെയും ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എത്തിയ അവസരത്തിലാണ് വെള്ളാപ്പളളി ഇക്കാര്യം പറഞ്ഞത്.
ശബരിമല വിഷയത്തില്‍ യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. എന്നാല്‍ ശരിയായ വസ്തുത പറഞ്ഞ് പ്രകടിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കാതെപോയി. ശബരിമല കയറിയ സ്ത്രീകളുടെ തെറ്റായ കണക്ക് കോടതിയില്‍ കൊടുത്തത് വലിയ വീഴ്ചയായി.
ഭക്തിയല്ല, രാഷ്ട്രീയം തന്നെയാണ് തങ്ങള്‍ക്കുള്ളതെന്ന് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞിട്ടുമുണ്ട്. ശബരിമല വിഷയത്തില്‍ ഹിന്ദുത്വ അജണ്ട മുന്നോട്ടുവെച്ച് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുവരെ അവര്‍ ഇത് മുന്നോട്ടുകൊണ്ടുപോകും. എന്നാല്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇപ്പോള്‍ ഒപ്പമുള്ള ആരൊക്കെ ഉണ്ടാകുമെന്ന് കണ്ടറിയാമെന്നും അദ്ദേഹം പറഞ്ഞു.