18 January, 2019 11:33:43 AM
കോട്ടയം മെഡി. കോളേജ് കാന്‍റീന്‍ വൃത്തിഹീനം; നടത്തിപ്പ് ചുമതല കുടുംബശ്രീക്ക് നല്‍കണം - മന്ത്രി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്‍റീനിന്‍റെ നടത്തിപ്പ് ചുമതല കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ. കഴിഞ്ഞ ദിവസം ചേര്‍ന്ന ആശുപത്രി വികസന സമിതിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാല ഇതിനോടകം ഒട്ടേറെ പരാതികള്‍ക്കിട നല്‍കിയിരുന്നു.
കാന്‍റീന്‍ ചുമതല കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതിനൊപ്പം ജോലി ചെയ്യുന്ന ആളുകളുടെ ആരോഗ്യപരിപാലനത്തിലും അതീവശ്രദ്ധ വേണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ജീവനക്കാര്‍ക്ക് പകര്‍ച്ചവ്യാധികള്‍ പോലുള്ള അസുഖങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുകയും യൂണിഫോം, ഹെല്‍ത്ത്കാര്‍ഡ്, തൊപ്പി മുതലായവ ഉറപ്പു വരുത്തുകയും ചെയ്യണം. കാന്‍റീനില്‍ നിന്ന് നല്ല ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ വ്യക്തി നടത്തുന്ന കാന്‍റീന്‍റെ അവസ്ഥ വളരെ പരിതാപകരമാണെന്നും മെഡിക്കല്‍ കോളേജിനുളളിലൂടെ പോകുന്ന ഓടയുടെ സമീപത്താണ് ഭക്ഷണശാല സ്ഥിതി ചെയ്യുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ ആശുപത്രി ജീവനക്കാരും രോഗികളും പരാതി ഉന്നയിച്ചിരുന്നുവെങ്കിലും നടപടികള്‍ ഉണ്ടായില്ല.
വിഐപി സ്യൂട്ട്റൂമുകളോടു കൂടിയ പുതിയ പേ വാര്‍ഡുകള്‍ ആശുപത്രിയില്‍ നിര്‍മ്മിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സാമ്പത്തികശേഷി ഉളളവരില്‍ നിന്നും ഇതുവഴി കൂടുതല്‍ തുക കണ്ടെത്താന്‍ കഴിയുമെന്നും ഈ തുക പാവപ്പെട്ട ആളുകളുടെ ചികിത്സയ്ക്കായി വിനിയോഗിക്കാന്‍ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആശുപത്രി ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ചും ഗ്രീന്‍ പ്രോട്ടോക്കോള്‍, സ്പോണ്‍സര്‍ഷിപ്പ് പ്രോഗ്രാമുകള്‍ തുടങ്ങി ഇതര വിഷയങ്ങളിലും ചര്‍ച്ച നടന്നു.
ജില്ലാകളക്ടര്‍ പി. കെ സുധീര്‍ബാബുവിന്‍റെ അധ്യക്ഷതയില്‍ മുന്‍ എംഎല്‍എ വി. എന്‍ വാസവന്‍, ആശുപത്രി സൂപ്രണ്ട് റ്റി. കെ ജയകുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, ഐസിഎച്ച് സൂപ്രണ്ട് പി.സവിദ തുടങ്ങിയവര്‍ പങ്കെടുത്തു.