17 January, 2019 06:03:40 PM
ഏറ്റുമാനൂര്‍ നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സ് & മള്‍ട്ടിപ്ലക്സ് തീയേറ്റര്‍ നിര്‍മ്മാണം ഒരു മാസത്തിനകം
നിര്‍മ്മാണചുമതല കേന്ദ്രസര്‍ക്കാര്‍ അംഗീകൃത ഏജന്‍സി വാപ്കോസിന്

ഏറ്റുമാനൂര്‍: മള്‍ട്ടിപ്ലക്സ് തീയേറ്ററുകള്‍ ഉള്‍പ്പെടെയുള്ള ഷോപ്പിംഗ് കോംപ്ലക്സിന്‍റെ നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം. രണ്ട് അക്രഡിറ്റഡ് ഏജന്‍സികളാണ് കെട്ടിടസമുശ്ചയം നിര്‍മ്മിക്കാന്‍ സമ്മതപത്രം നല്‍കിയിരുന്നത്. കേരളസംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ നാലര ശതമാനവും കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ വാപ്കോസ് മൂന്ന് ശതമാനവും സൂപ്പര്‍വൈസറി ചാര്‍ജ് ഉദ്ദരിച്ച്കൊണ്ടാണ് കത്ത് നല്‍കിയത്. നിരക്ക് കുറച്ച് കാണിച്ച വാപ്കോസിന് നിര്‍മ്മാണചുമതല നല്‍കാന്‍ കഴിഞ്ഞ ദിവസം ചെയര്‍മാന്‍ ജോയ് ഊന്നുകല്ലേലിന്‍റെ അധ്യക്ഷതയില്‍ നടന്ന കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു.
ഇരുപത്തേഴ് കോടിയുടെ സാങ്കേതികാനുമതി ലഭിച്ച കെട്ടിടസമുശ്ചയം നിര്‍മ്മിക്കുന്നതിനാവശ്യമായ തുക കെ.യു.ആര്‍.ഡി.എഫ്.സിയില്‍ നിന്നും വായ്പ എടുക്കും. മൂന്ന് നിലകളിലുള്ള കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിന് പതിനഞ്ച് കോടി രൂപയാണ് വായ്പയെടുക്കുന്നത്. മന്ത്രിയുടെ സമയവും കൂടി കണക്കാക്കി ഒരു മാസത്തിനകം തന്നെ തറക്കല്ലിടുവാനാണ് നഗരസഭാ അധികൃതര്‍ ലക്ഷ്യമിടുന്നത്.
എം.സി.റോഡില്‍ നഗരസഭയുടെ സ്ഥലത്തോട് ചേര്‍ന്നുള്ള വ്യാപാരസ്ഥാപനങ്ങളും മന്ദിരം പണിയ്ക്കായി ഏറ്റെടുക്കുവാന്‍ ധാരണയായിരുന്നു. നിലവിലുള്ള വ്യാപാരികള്‍ക്ക് ഇപ്പോള്‍ അവര്‍ ഉപയോഗിക്കുന്ന അത്രയും വിസ്തൃതിയില്‍ സ്ഥലം പുതിയ കെട്ടിടത്തില്‍ വിട്ടുകൊടുക്കും. കൂടുതല്‍ വിസ്തൃതി ആവശ്യമുള്ളവര്‍ക്ക് നഗരസഭ നിശ്ചയിക്കുന്ന സെക്യൂരിറ്റിയും വാടകയും ഈടാക്കി കടമുറികള്‍ വിട്ടുകൊടുക്കാനാണ് തീരുമാനം. പത്ത് കോടി രൂപ വ്യാപാരികളില്‍ നിന്നും സുരക്ഷാ നിക്ഷേപമായി വാങ്ങി കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു. താഴത്തെ നിലയിലും ഒന്നാം നിലയിലും ഇരുപത്തേഴ് കടകള്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യമാണ് ഉള്ളത്.
നഗരഹൃദയത്തില്‍ പണിയുന്ന സമുച്ചയത്തില്‍ രണ്ട് തീയേറ്ററുകളാണ് ഉണ്ടാവുക. തീയേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ലൈസന്‍സും മറ്റും ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ എടുക്കണമെന്നാണ് ധാരണ. സെന്‍ട്രല്‍ ജംഗ്ഷനില്‍ സ്വകാര്യ ബസ് സ്റ്റാന്‍റിലേയ്ക്കുള്ള പ്രവേശനകവാടത്തിനരികില്‍ എം.സി.റോഡിനഭിമുഖമായാണ് കെട്ടിടസമുശ്ചയം പണിയാന്‍ ഉദ്ദേശിച്ചത്. മൂന്ന് നിലകളിലായി പണിയുന്ന കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലാണ് മള്‍ട്ടിപ്ലക്സ് തീയേറ്റര്‍ പ്രവര്‍ത്തിക്കുക. ആദ്യ രണ്ട് നിലകള്‍ നഗരസഭയുടെയും മുകളിലത്തെ നില സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെയും നേതൃത്വത്തില്‍ പണികഴിപ്പിക്കുവാനായിരുന്നു തീരുമാനം.