17 January, 2019 04:43:37 PM
എംജി സര്‍വ്വകലാശാലയിലെ എസ്എഫ്ഐയുടെ രാപ്പകല്‍ സമരം 8-ാം ദിവസം പിന്നിടുന്നു
കോട്ടയം: എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഫെല്ലോഷിപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് എം ജി സര്‍വ്വകലാശാലയില്‍ നടത്തുന്ന അനിശ്ചിതകാല രാപ്പകല്‍ സമരം 8-ാം ദിവസം പിന്നിടുന്നു. എംഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെയും ഫെലോഷിപ്പ് ലഭിക്കാതിരിക്കുകയും പിഎച്ച്ഡി ചെയ്യുന്നവര്‍ക്ക് നാല് മാസമായി ഫെലോഷിപ്പ് ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുളളത്.
ഫണ്ടില്ലാത്തതിനാലാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്ന തുക ഫെല്ലോഷിപ്പായി നല്‍കാന്‍ കഴിയാത്തതെന്നാണ് സര്‍വ്വകലാശല പറയുന്നത്. എന്നാല്‍ സിനിമ നിര്‍മ്മിക്കാനും കെട്ടിടം ഉയര്‍ത്താനും സര്‍വ്വകലാശാല ശ്രമിക്കുന്നുണ്ടെന്നും കുട്ടികള്‍ക്കുള്ള ഫെല്ലോഷിപ്പ് മനപൂര്‍വ്വം പിടിച്ച് വച്ചിരിക്കുകയാണെന്നും എസ്‌എഫ്‌ഐ പറയുന്നു.
സമരത്തെ തുടര്‍ന്ന് എംഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസം 2000 രൂപ ഫെല്ലോഷിപ്പ് നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചെങ്കിലും അത് മാന്യമായ തുക അല്ലെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് എസ്‌എഫ്‌ഐ യുടെ അറിയിച്ചു.