16 January, 2019 05:52:56 PM
മദ്യം ഉപേക്ഷിക്കാനുറച്ച് കുടുംബനാഥന്‍; ചികിത്സക്ക് സൗകര്യം ഒരുക്കി വനിതാ കമ്മീഷന്‍
കോട്ടയം: പ്രതിബന്ധങ്ങളെ അതിജീവിച്ച് പ്രണയത്തിലൂടെ ജീവിതപങ്കാളിയായ ഭാര്യയും മൂന്നു മക്കളും തന്നെ വിട്ടു പോകാന്‍ കാരണമായ മദ്യത്തെ ഉപേക്ഷിക്കാന്‍ ഉറച്ച തീരുമാനമെടുത്ത കുടുബനാഥന് ലഹരി മോചന ചികിത്സയ്ക്ക് സൗകര്യമൊരുക്കി വനിതാ കമ്മീഷന്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ ഇന്നലെ നടന്ന മെഗാ അദാലത്തില്‍ വാദിയും പ്രതിയുമായെത്തിയ ദമ്പതികള്‍ നേരെ പോയത് കുറിച്ചിയിലെ ലഹരി വിമോചന കേന്ദ്രത്തിലേക്കാണ്.
ഗണിത ശാസ്ത്രത്തില്‍ ബിരുദധാരിയായ ഭര്‍ത്താവ് തടിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. പണികഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഭര്‍ത്താവിന്റെ ശാരീരിക പീഢനം സഹിക്കാനാകാതെ വന്നപ്പോള്‍ ഭാര്യ വീടുവിട്ടു പോവുകയായിരുന്നു. ഭര്‍ത്താവില്‍ നിന്ന് മക്കളെ വിട്ടു കിട്ടുന്നതിനും ജീവിത ചെലവ് ലഭിക്കുന്നതിനുമുള്ള പരാതിയുമായാണ് അവര്‍ അദാലത്തിലെത്തിയത്.
അദാലത്ത് നയിച്ച കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍. കമ്മീഷനംഗം ഇ.എം.രാധ, ഡയറക്ടര്‍ വി.യു കുര്യക്കോസ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ സ്വന്തം കുറ്റങ്ങള്‍ അയാള്‍ക്ക് വ്യക്തമാവുകയായിരുന്നു. മദ്യപാനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹമുണ്ടെന്നും അതിനായി സഹായിക്കണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടതനുസരിച്ച് ലഹരി മോചന കേന്ദ്രത്തിലെ ഡോക്ടറുമായി അപ്പോള്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ട് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി. കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ ഭര്‍ത്താവിനെ ചികിത്സിച്ച് രക്ഷപ്പെടുത്താന്‍ ഭാര്യയും തയ്യാറായി. ചികിത്സക്ക് ആശുത്രിയില്‍ കിടക്കേണ്ടി വരുന്ന ദിവസങ്ങളില്‍ കുട്ടികളുടെ സംരക്ഷണത്തിനായി ഇവരുടെ ഒരടുത്ത ബന്ധുവിനെയും കമ്മീഷന്‍ തന്നെ ഇടപെട്ട് ചുമതലപ്പെടുത്തും.