16 January, 2019 03:31:00 PM
ഏഴരപൊന്നാനയുടെ നാട് നാളെ മുതൽ അഞ്ച് മണിക്ക് ഉണരും
ഏറ്റുമാനൂര്‍ : ഏഴരപൊന്നാനയുടെ നാട് നാളെ മുതൽ 5 മണിക്ക് ഉണരും. ഏറ്റുമാനൂര്‍ നഗരസഭ ആസ്ഥാനത്ത് സ്ഥാപിച്ച സൈറണ്‍ ഇന്ന് ഉച്ചയ്ക്ക് 1.00 മണിക്ക് നഗരസഭാ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ ഉദ്ഘാടനം ചെയ്തു. സൈറണ്‍ ഞായറാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. മറ്റ് നഗരസഭകളിലെപോലെ ഏറ്റുമാനൂര്‍ നിവാസികള്‍ക്കും ഇനി ചൂളംവിളി കേട്ട് സമയക്ലിപ്തത പാലിക്കാം.
രാവിലെ 05.00 മണി, 08.00 മണി, ഉച്ചയ്ക്ക് 01.00 മണി, വൈകിട്ട് 05.00 മണി, രാത്രി 08.00 മണി എന്നീ സമയക്രമത്തിലായിരിക്കും സൈറണ്‍ മുഴങ്ങുക.
മുംബൈ കേന്ദ്രമായുള്ള ഒരു അന്താരാഷ്ട്രകമ്പനിയാണ് ഒരു ലക്ഷത്തിലേറെ രൂപ ചെലവില്‍ സൈറണ്‍ ഘടിപ്പിച്ചത്. നഗരസഭയുടെ ഏറ്റവും മുകളിലത്തെ നിലയില്‍ കോണ്‍ക്രീറ്റ് തൂണ് പണിത് അതിലാണ് സൈറണ്‍ ഘടിപ്പിച്ചിരിക്കുന്നത്. നഗരസഭാ ആസ്ഥാനത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ സൈറണ്‍ മുഴങ്ങി കേള്‍ക്കും.