16 January, 2019 09:22:55 AM
മസ്‌ക്കറ്റില്‍ മൊട്ടിട്ട പ്രണയം മീനച്ചിലാർ തീരത്ത് പൂവണിഞ്ഞു; പാരീസുകാരി വധുവിനെയും കൊണ്ട് വരൻ ബൈക്കിൽ വീട്ടിലേക്ക്
പാലാ: ആർപ്പുവിളികളും കുരവയും ഉച്ചസ്ഥായിയിലായി. ബന്ധുക്കൾ പുഷ്പ വൃഷ്ടിയോടെ അനുഗ്രഹം ചൊരിഞ്ഞു. മനു അഗതയുടെ കഴുത്തിൽ മിന്നുചാർത്തി. കടൽ കടന്നെത്തിയ പ്രണയത്തിന് അങ്ങിനെ മീനച്ചിലാർ തീരത്ത് കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രസന്നിധിയിൽ മംഗളപരമായ സാഫല്യം.
മസ്‌ക്കറ്റില്‍ മൊട്ടിട്ട പ്രണയമാണ് മലയാള നാട്ടില്‍ പൂവണിഞ്ഞത്. വരന്‍ മനു കൃഷ്ണന്‍ കിടങ്ങൂര്‍കാരന്‍. വധു അഗതാ ലോറന്റ് ഫ്രാന്‍സിലെ പാരീസുകാരി. രണ്ടുവര്‍ഷം നീണ്ട ഇവരുടെ പ്രണയത്തിന് മിന്നുകെട്ടിന്റെ സാഫല്യമായത് കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര സന്നിധിയില്‍.
കിടങ്ങൂര്‍ കൊങ്ങൂര്‍ പള്ളിത്തറ ഗോപാലകൃഷ്ണന്‍ - രാധ ദമ്പതികളുടെ ഇളയമകനായ മനു (28) മസ്‌ക്കറ്റിലെ മില്യേനിയം ഹോട്ടലില്‍ ബാര്‍ വിഭാഗത്തില്‍ മാനേജരാണ്. ഹോട്ടലിലെ ഇവന്റ് വിഭാഗത്തില്‍ രണ്ടുവര്‍ഷം മുമ്പാണ് പാരീസ്‌കാരി അഗത മാനേജരായി വന്നത്. പാരീസിലെ സാമൂഹ്യപ്രവര്‍ത്തകനായ ബര്‍ണാള്‍ഡിന്റെയും പട്രീഷ്യയുടെയും ഇളയ മകളാണ് അഗത. മസ്‌ക്കറ്റിലെ ഹോട്ടലില്‍ വച്ചുള്ള പരിചയം പ്രണയത്തിലാകാന്‍ അധികനാള്‍ വേണ്ടിവന്നില്ല.
കഴിഞ്ഞ നവംബറില്‍ മനു അവധിക്ക് നാട്ടില്‍ വന്നു.
മനുവിനെ കാണാതെ ഒരാഴ്ച പിന്നിട്ടപ്പോള്‍ അഗതയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. പിന്നാലെ അഗതയും പറന്നു കേരളത്തിലേക്ക്. മനുവിന്റെ കസിന്‍ സഹോദരിക്കൊപ്പമാണ് കഴിഞ്ഞ രണ്ടുമാസമായി അഗത കഴിഞ്ഞുവന്നത്. സന്ദര്‍ശക വിസയിലെത്തിയ അഗതയ്ക്ക് ഫെബ്രുവരി 18 നുള്ളില്‍ മടങ്ങിയേ പറ്റൂ. ഇതിന് മുമ്പ് വിവാഹം നടത്താന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച അഗതയുടെ അച്ഛന്‍ ബര്‍ണാള്‍ഡ് കിടങ്ങൂരിലെത്തി. മകരം ഒന്നിന് വിവാഹം നിശ്ചയിച്ചു. ഇന്നലെ ഹൈന്ദവാചാരപ്രകാരം കിടങ്ങൂര്‍ ക്ഷേത്രസന്നിധിയിലാണ് മിന്നുകെട്ട് നടന്നത്. ഇനി ഇരുവരും ഫ്രാന്‍സിലേക്കാണ് മടങ്ങുന്നത്. അവിടെ ക്രിസ്ത്യന്‍ ആചാരപ്രകാരവും വിവാഹം നടത്തുമെന്ന് അഗതയും അച്ഛന്‍ ബര്‍ണാള്‍ഡും പറഞ്ഞു.
കേരളത്തിലെ വിവാഹച്ചടങ്ങുകളും തുടര്‍ന്നുള്ള സദ്യയും അച്ഛനും മകള്‍ക്കും വേറിട്ട അനുഭവമായിരുന്നു. മിന്നുകെട്ടിന് ശേഷം മനുവിനൊപ്പം ബൈക്കില്‍ അഗത കിടങ്ങൂര്‍ നഗരം ചുറ്റി. ആല്ലാ ആഹ്ലാദാരവങ്ങളുമായി മനുവിന്റെ കൂട്ടുകാരും ഒപ്പം ബൈക്കിലുണ്ടായിരുന്നു.