15 January, 2019 03:29:33 PM
കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിനുളള പിന്തുണ രണ്ട് സ്വതന്ത്ര എം എല്‍ എ മാര്‍ പിന്‍വലിച്ചു
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ച് രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കത്ത് ഗവര്‍ണര്‍ക്ക് കെെമാറി. മുലബാഗിലു മണ്ഡലത്തിലെ എംഎല്‍എ എച്ച്. നാഗേഷ്, റാണെബെന്നൂര്‍ മണ്ഡലത്തിലെ എംഎല്‍എ ആര്‍. ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്.
ഇവര്‍ ഇപ്പോള്‍ മുംബെെയിലെ ഹോട്ടലിലാണെന്നാണ് സൂചന. കര്‍ണാടകയിൽ ബിജെപി കുതിരക്കച്ചവടം നടത്തുന്നതായി കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്ന സാഹചര്യത്തിലാണ് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മത്സരിച്ചാല്‍ അത് ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കും. കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും പൂര്‍ത്തിയായെന്ന് ബിജെപി നേതാക്കള്‍ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.