14 January, 2019 06:52:18 PM
ഓടനിര്‍മ്മാണം പ്രതിസന്ധിയിലാക്കി ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റും ഹോട്ടലുകളും; നഗരസഭ കടുത്ത നടപടികളിലേക്ക്

ഏറ്റുമാനൂര്‍: ഹോട്ടലുകളിലേയും മറ്റ് വ്യാപാരശാലകളിലേയും മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കുന്നതുമൂലം തടസപ്പെട്ട ഓടനിര്‍മ്മാണം നാട്ടുകാര്‍ക്ക് തലവേദനയായി. മലിനജലം ഒഴുക്കുന്നതിന് വ്യാപാരികള്‍ ഓടയിലേക്ക് ഘടിപ്പിച്ചിരിക്കുന്ന പൈപ്പുകള്‍ അടച്ച് നല്‍കിയാലേ നിര്‍ത്തിവെച്ച ഓടനിര്‍മ്മാണം പുനരാരംഭിക്കാനാവു എന്ന് കാട്ടി പൊതുമരാമത്ത് വകുപ്പ് നഗരസഭയ്ക്ക് കത്ത് നല്‍കി. ഇതിനിടെ നഗരത്തിലെ മാലിന്യം മുഴുവന്‍ ഓടയിലൂടെ പാടത്തേക്കും അതുവഴി മീനച്ചിലാറ്റിലേക്കും ഒഴുക്കുന്നുവെന്ന് മന്ത്രി മേഴ്സികുട്ടിയമ്മയ്ക്ക് നാട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി ഇന്നലെ വ്യാപാരികളുടെ യോഗം വിളിച്ചു. മാലിന്യനിര്‍മ്മാര്‍ജനത്തിന് നഗരസഭ ആവിഷ്കരിച്ചിക്കുന്ന പദ്ധതികള്‍ നടപ്പിലാകുന്ന വരെ ഹോട്ടലുകളിലേതുള്‍പ്പെടെയുള്ള മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനം വ്യാപാരികള്‍ കണ്ടെത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ ജോയി ഊന്നുകല്ലേലും ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസും ആവശ്യപ്പെട്ടു. ഘടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കച്ചവടക്കാര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും ഇവര്‍ വ്യക്തമാക്കി.
അതേസമയം ഇതിനോട് യോജിക്കാന്‍ വ്യാപാരികള്‍ക്കായില്ല. വളരെ പരിമിതമായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന കടകളില്‍ മാലിന്യസംസ്കരണത്തിനുള്ള സംവിധാനമുണ്ടാക്കുക എന്നത് അപ്രായോഗികമാണെന്നും നഗരസഭയുടെ ക്രമീകരണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതുവരെ മാലിന്യം ഓടകളിലേക്ക് ഒഴുക്കാന്‍ അനുവദിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. പേരൂര്‍ കവലയില്‍ പൊളിച്ചിട്ടിരിക്കുന്ന ഓട മലിനജലം കെട്ടികിടക്കുന്നതിനെ തുടര്‍ന്ന് പുനര്‍ നിര്‍മ്മിക്കാനാവാത്ത സ്ഥിതിയിലാണ്. ഇവിടെ കെട്ടികിടക്കുന്ന ജലം തങ്ങള്‍ ഒഴുക്കുന്നത് മാത്രമല്ലെന്നും മത്സ്യമാര്‍ക്കറ്റിലെ മാലിന്യങ്ങളാണ് കൂടുതല്‍ ഒഴുകിയെത്തുന്നതെന്നും വ്യാപാരികള്‍ ചൂണ്ടികാട്ടി.
മത്സ്യമാര്‍ക്കറ്റില്‍ വ്യാപാരികള്‍ക്കായി അഞ്ച് ലക്ഷം രൂപാ ചെലവില്‍ സംസ്കരണപ്ലാന്‍റ് പണിതിട്ടുണ്ടെങ്കിലും മാലിന്യമടങ്ങയി ജലം അങ്ങോട്ടൊഴുക്കാതെ ഓടയില്‍ തള്ളുകയാണെന്നും ചൂണ്ടികാണിക്കപ്പെട്ടു. പ്ലാന്‍റിലേക്കായി സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളില്‍ മത്സ്യാവശിഷ്ടങ്ങളും മദ്യകുപ്പികളും നിറച്ച് വെള്ളമൊഴുകാനാവാത്ത വിധം തടസമുണ്ടാക്കിയിരിക്കുകയാണ് വ്യാപാരികള്‍. മാലിന്യം നിറഞ്ഞ് ഓടനിര്‍മ്മാണം പാതിവഴിയില്‍ നിലച്ചതോടെ മൂക്ക് പൊത്താതെ നഗരവീഥികളിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഒപ്പം കൊതുകുശല്യവും വര്‍ദ്ധിച്ചു.
അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ചാണ് നഗരത്തിലെ ഓടകളുടെ നവീകരണം ആരംഭിച്ചത്. അതിരമ്പുഴ റോഡില്‍ നിന്നും തുടങ്ങിയ പണികള്‍ പാലാ റോഡിലേക്ക് നീങ്ങിയപ്പോഴാണ് നാട്ടുകാരും അധികൃതരും ഒന്നുപോലെ ഞെട്ടിയത്. നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളുടെയും മാലിന്യം തള്ളുന്ന പൈപ്പുകള്‍ ഓടയിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത് നവീകരണത്തിന് സ്ലാബുകള്‍ ഉയര്‍ത്തി നോക്കിയപ്പോള്‍. പല സ്ഥാപനങ്ങളുടെയും കക്കൂസ് മാലിന്യം വരെ ഈ ഓടയിലേക്കാണ് ഒഴുക്കിയിരുന്നത്. മാലിന്യപ്രശ്നത്തില്‍ മത്സ്യമാര്‍ക്കറ്റിലെ വ്യാപാരികള്‍ക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാന്‍ നഗരസഭ തീരുമാനിച്ചതായി ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് വ്യക്തമാക്കി.