14 January, 2019 05:35:35 PM
രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം
ന്യൂഡല്‍ഹി: കനയ്യ കുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പാര്‍ലമെന്‍റ് ആക്രമണക്കേസിലെ സൂത്രധാരന്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരിയില്‍ ജെഎന്‍യു ക്യാംപസില്‍ നടന്ന പരിപാടിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നുളള ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
1200 പേജുകളുള്ള കുറ്റപത്രത്തില്‍ രാജ്യ ദ്രോഹത്തിന് പുറമെ കലാപം ഉണ്ടാക്കല്‍, അനധികൃതമായി സംഘം ചേരല്‍ എന്നിവയാണ് പത്തുപേര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്‍ ആണ് കേസ് അന്വേഷിച്ചിരുന്നത്. കനയ്യ കുമാറിന് പുറമെ സയ്യദ് ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ, അക്വിബ് ഹുസൈന്‍, മുജീബ് ഹുസ്സൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുള്‍, റയീസ് റസൂല്‍, ബാഷാരത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവരാണ് കേസിലുള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് പ്രതികള്‍.