13 January, 2019 09:06:23 PM
ഏഴരപൊന്നാനയുടെ നാട്ടില്‍ ചൊവ്വാഴ്ച മുതല്‍ ചൂളംവിളി ഉയരും
ഏറ്റുമാനൂര്‍ : ഏഴരപൊന്നാനയുടെ നാട്ടില്‍ സമയമറിയിക്കാന്‍ ചൊവ്വാഴ്ച മുതല്‍ ചൂളംവിളി മുഴങ്ങും. ഏറ്റുമാനൂര്‍ നഗരസഭ ആസ്ഥാനത്ത് സ്ഥാപിച്ച സൈറണ്‍ ഞായറാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു. ഞായറാഴ്ച രാവിലെയും വൈകിട്ടും അടുപ്പിച്ച് സൈറണ്‍ മുഴങ്ങുന്നത് കേട്ട നാട്ടുകാര്‍ ഒന്നു പരിഭ്രാന്തരായെങ്കിലും പിന്നീട് ആളുകളും ജനപ്രതിനിധികളും പറഞ്ഞ് വിവരമറിഞ്ഞപ്പോള്‍ സന്തോഷവാന്മാരായി. മറ്റ് നഗരസഭകളിലെപോലെ ഏറ്റുമാനൂര്‍ നിവാസികള്‍ക്കും ഇനി ചൂളംവിളി കേട്ട് സമയക്ലിപ്തത പാലിക്കാം.
മുംബൈ കേന്ദ്രമായുള്ള ഒരു അന്താരാഷ്ട്രകമ്പനിയാണ് ഒരു ലക്ഷത്തിലേറെ രൂപ ചെലവില്‍ സൈറണ്‍ ഘടിപ്പിച്ചത്. ദിവസവും രാവിലെ 8നും ഉച്ച കഴിഞ്ഞ് ഒന്നിനും വൈകിട്ട് അഞ്ചിനുമാണ് തുടക്കത്തില്‍ സൈറണ്‍ മുഴങ്ങുക. പിന്നീട് ജനങ്ങളുടെ ആവശ്യകത അനുസരിച്ച് സമയത്തില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണെന്ന് നഗരസഭാ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ശല്യമാകും എന്നതിനാല്‍ രാത്രികാലങ്ങളില്‍ ഇത് പ്രവര്‍ത്തിപ്പിക്കില്ല. നഗരസഭയുടെ ഏറ്റവും മുകളിലത്തെ നിലയില്‍ കോണ്‍ക്രീറ്റ് തൂണ് പണിത് അതിലാണ് സൈറണ്‍ ഘടിപ്പിച്ചിരിക്കുന്നത്. നഗരസഭാ ആസ്ഥാനത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ സൈറണ്‍ മുഴങ്ങി കേള്‍ക്കും.