09 January, 2019 06:53:51 AM


സാമ്പത്തികസംവരണം: ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭ പാസാക്കി; എതിർത്തത് 3 പേർ മാത്രം


ദില്ലി: സാമ്പത്തിക സംവരണത്തിനു ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. കോൺഗ്രസും സിപിഎമ്മും ബില്ലിനെ പിന്തുണച്ചു. മുസ്ലിം ലീഗ് എതിർത്ത് വോട്ടു ചെയ്തു എസ്പിയും, ബിഎസ്പി, ആർജെഡി തുടങ്ങിയ പാർട്ടികളും അനുകൂലിച്ചു. ബില്ല് ഇനി രാജ്യസഭ പരിഗണിക്കും

 
അടുത്ത കാലത്തൊന്നും കാണാത്ത ഐക്യമാണ് സാമ്പത്തിക സംവരണ വിഷയത്തിൽ ലോക്സഭയിൽ ദൃശ്യമായത്. ബില്ലിനെ 323 പേർ അനുലിച്ചപ്പോൾ മൂന്നു പേരാണ് എതിർത്തത്. മുസ്ലിം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും എംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുമാണ് ബില്ലിനെ എതിർത്ത് വോട്ടു ചെയ്തത് ബിജെപി നീക്കത്തെ സഭയ്ക്കു പുറത്ത് എതിർത്ത പാർട്ടികളും യോജിപ്പിന്റെ അന്തരീക്ഷം കണ്ട് അകത്ത് നിലപാട് മാറ്റി. കോൺഗ്രസ് ബില്ലിൽ മാറ്റങ്ങൾ നിർദ്ദേശിച്ചു.

ബില്ല് പിൻവലിക്കണം എന്നായിരുന്നു ഇന്നലെ ഉച്ചയ്ക്ക് സിപിഎം നിലപാട്. വേണ്ടത്ര കൂടിയാലോചന ഇല്ലാതെ കൊണ്ടു വന്ന ബിൽ പാസ്സാക്കരുതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കുകയും ചെയ്തു. എന്നാൽ സഭയിലെ അന്തരീക്ഷം കണ്ട പാർട്ടി നിലപാട് വീണ്ടും മാറ്റി. ഇതുവരെ സാമ്പത്തികസംവരണത്തെ എതിർത്തിരുന്ന സമാജ് വാദി പാർട്ടിയും ആർജെഡിയും ബില്ലിനെ പിന്തുണച്ചു. 

അണ്ണാ ഡിഎംകെ മാത്രം സഭ ബഹിഷ്ക്കരിച്ചു.  ബില്ല് രാജ്യസഭയിൽ കൊണ്ടുവരാൻ ബജറ്റ് സമ്മേളനം ഒരു ദിവസത്തേക്ക് നീട്ടി. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള സർക്കാരിന്റെ  അപ്രതീക്ഷിത നീക്കത്തിൽ പ്രതിപക്ഷത്തെ ആശയക്കുഴപ്പം വ്യക്തമായിരുന്നു.  സർക്കാർ വരച്ച വരയിലേക്ക് ഒടുവിൽ പ്രതിപക്ഷത്തിനും വരേണ്ടി വന്നു. വോട്ടെടുപ്പ് ബഹിഷ്ക്കരിക്കാനുള്ള ആലോചന പോലും അവസാനം വേണ്ടെന്നു വക്കേണ്ടി വന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K