08 January, 2019 10:54:31 AM
പണിമുടക്ക് ദേശീയതലത്തില്‍ ഭാഗികം: ബംഗാളില്‍ സംഘര്‍ഷം; കേരളത്തില്‍ ജനജീവിതം സ്തംഭിച്ചു
ദില്ലി: വിവിധ ആവശ്യങ്ങളുന്നയിച്ച് ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ചേര്‍ന്ന് നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് കേരളത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചെങ്കിലും ദേശീയതലത്തില്‍ വലിയ പ്രതികരണം സൃഷ്ടിച്ചില്ല. ദില്ലി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഗുരുഗ്രാം, തുടങ്ങി ഉത്തരേന്ത്യയിലേയും ദക്ഷിണേന്ത്യയിലേയും പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ ജനജീവിതം സാധാരണ നിലയിലാണ്. എല്ലായിടത്തും റോഡ്-റെയില്‍ ഗതാഗതം സാധാരണ നിലയിലാണ് വ്യാപാരസ്ഥാപനകളും ഫാക്ടറികളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും ഒഡീഷയിലും പണിമുടക്കിനോടനുബന്ധിച്ച് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗാളില്‍ പണിമുടക്കിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ നേരത്തെ രംഗത്ത് വന്നിരുന്നു. കൊല്‍ക്കത്തയില്‍ സമരം നടത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരേയും നേതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ അസൻ സോളിൽ തൃണമൂൽ കോൺഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഒഡീഷയില്‍ പണിമുടക്കിയ തൊഴിലാളികള്‍ ഭുവനേശ്വറില്‍ ദേശീയ പാത 16 ഉപരോധിച്ചു. വടക്ക് കിഴക്കാന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു.
രാജ്യതലസ്ഥാനമായ ദില്ലിയിലും മറ്റു പ്രമുഖ നഗരങ്ങളിലും പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനങ്ങള്‍ നടത്തി. റോഡ്-റെയില്‍ ഗതാഗതം തടസ്സപ്പെട്ടെങ്കിലും രാജ്യത്ത് എല്ലായിടത്തും മെട്രോ ട്രെയിനുകള്‍ പതിവ് പോലെ സര്‍വ്വീസ് നടത്തുന്നുണ്ട്. മുംബൈ നഗരത്തിന്‍റെ ജീവനാഡിയായ ബെസ്റ്റ് ബസ് സര്‍വ്വീസ് ജീവനക്കാര്‍ ഇന്ന് രാവിലെ മുതല്‍ അനിശ്ചിതകാല സമരം തുടങ്ങി. ദീർഘനാളായുള്ള ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാത്തത്തിൽ തുടർന്നാണ് അവര്‍ സമരം തുടങ്ങിയത്. എന്നാല്‍ സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്കുമായി ഇവരുടെ സമരത്തിന് ബന്ധമില്ല.