05 January, 2019 02:46:56 PM
ഹിമാചൽ പ്രദേശിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 6 വിദ്യാർത്ഥികൾ ഉൾപ്പടെ 7 മരണം
ഷിംല: ഹിമാചൽ പ്രദേശിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് വിദ്യാർത്ഥികൾ ഉൾപ്പടെ ഏഴ് പേർ മരിച്ചു. സൻഗ്രയിലെ ദാവ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളാണ് മരിച്ചത്. ഹിമാചൽ പ്രദേശിലെ സിർമർ ജില്ലയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. കുട്ടികളേയും കയറ്റി സ്കൂളിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. വണ്ടി റോഡിൽനിന്ന് തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് വാർത്ത വിതരണ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. ബസ് ഡ്രൈവർ സ്വരൂപിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സമീർ (5), ആദർശ് (7), കാർത്തിക് (14), അഭിഷേക്, സഹോദരി സഞ്ജന, നൈതിക് ചൗഹാൻ എന്നിവരാണ് മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ 12ഓളം വിദ്യാർത്ഥികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില അതീവഗുരുതമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിൽ തകർന്ന ബസിൽ നിന്ന് മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം വളരെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തതെന്ന് നാട്ടുകാർ പറയുന്നു. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം.