• തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി അദ്ദേഹത്തിന്‍റെ കസേരയിലിരുന്ന ചെല്ല ചന്ദ്രജോസ് (53) അന്തരിച്ചു. 

    സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെല്ല ചന്ദ്രജോസ് കയറിയത് വലിയ വാര്‍ത്തയായിരുന്നു. പരേതരായ സി ചെല്ലന്‍റെയും സില്‍വിയുടെയും മകനാണ്. 

    2011 ഓഗസ്റ്റ് 3 ന് ഉച്ചയ്ക്കാണ് ഉറിയാക്കോട് നെടിയവിള റോഡരികത്തു പുത്തന്‍വീട്ടില്‍ ചെല്ല ചന്ദ്രജോസ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കസേരയില്‍ കയറിയിരുന്നത്. ഓഫിസ് ഫോണില്‍ നിന്നു രണ്ടു നമ്പറുകളിലേക്കു വിളിക്കുകയും ചെയ്തു ജോസ്. മന്ത്രിസഭാ യോഗം കഴിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയ അന്നത്തെ മന്ത്രിമാരായ കെബാബുവും കെപി മോഹനനുമാണ് മുഖ്യമന്ത്രിയുടെ മുറിയില്‍ ജോസിനെ കണ്ടത്. ഇറങ്ങിപ്പോകാന്‍ ശ്രമിച്ച ജോസിനെ രണ്ടു മന്ത്രിമാരും ചേര്‍ന്നു പിടിച്ചു വച്ചു.

    ഓഫീസിലേക്കെത്തിയപ്പോള്‍ ആരാണ് എന്ന് അന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചപ്പോള്‍ 'ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്' എന്നായിരുന്നു ചെല്ല ചന്ദ്രജോസിന്‍റെ മറുപടി.'ഞാനിവിടെ ഉള്ളപ്പോള്‍ മുഖ്യമന്ത്രിയൊന്നും വരേണ്ട. എല്ലാം ഞാന്‍ നോക്കിക്കോളാം' എന്നു ജോസ് പറഞ്ഞത് ലോകമാകെ ലൈവ് ആയി കണ്ടു. അന്ന് വെബ്‌സൈറ്റ് വഴി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം മുഴുവന്‍ സമയം തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.

    കന്റോണ്‍മെന്റ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തെങ്കിലും കേസെടുക്കാതെ വിട്ടയയ്ക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കുകയായിരുന്നു. കായിക താരമായിരുന്ന ചെല്ല ചന്ദ്രജോസും ധനുവച്ചപുരം സ്വദേശി ബാഹുലേയനും കൂടി വര്‍ഷങ്ങള്‍ക്കു മുന്‍പ് പാറശാല മുതല്‍ കാസര്‍കോട് വരെ ഓടി അര്‍ബുദ രോഗികള്‍ക്ക് 8 ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു.


  • കടപ്ലാമറ്റം :  വയലാ സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് ഒഴുകയിൽ (ആറുകാക്കിയിൽ ) എ. സി ജോസഫ്  (പാപ്പു - 89) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 11ന് വയലാ സെൻ്റ് ജോർജ് പള്ളിയിൽ. കേരള കോൺഗ്രസ്സ് സ്ഥാപക നേതാക്കളിൽ ഒരാളാണ്. വയലാ  സഹകരണ ബാങ്ക്, ക്ഷീരോത്പാദക സംഘം, റബ്ബർ ഉത്പാദക സംഘം തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിക്കാൻ നേതൃത്വം നൽകിയിട്ടുണ്ട്.  ക്ഷീരോത്പാദക സംഘം പ്രസിഡൻ്റ്, ഇൻഫാം വയലാ യൂണിറ്റ് പ്രസിഡൻ്റ്, കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്' പഞ്ചായത്ത് ആദ്യകാല അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാളിയങ്കൽ പനച്ചിക്കൽ കുടുംബയോഗം പ്രസിഡൻ്റും ആണ്. ഭാര്യ : പരേതയായ ക്ലാരമ്മ കുഞ്ഞാനയിൽ കുടുംബാംഗം. മക്കൾ  : മേരി (യുഎസ്എ), സണ്ണി (കാഞ്ഞങ്ങാട് ),  ബെന്നി  ,അസ്സോ പ്രഫ. സിബി കൽപ്പറ്റ, ഷാൻ്റി, റോസ് റാണി. മരുമക്കൾ : ജേക്കബ് പാപ്പിനിശ്ശേരിൽ (യുഎസ്എ, കാഞ്ഞിരത്താനം) , മനു ചാമക്കാലയിൽ (മുട്ടം), ഡോളി കൈതക്കൽ (കോതമംഗലം), ജൂലി കാഞ്ഞമല (പൂവരണി), സിറിൽ വെള്ളായിപറമ്പിൽ (കുറവിലങ്ങാട്), തോമസ് സഖറിയാസ് മാളിയേക്കൽ (ചങ്ങനാശ്ശേരി - ജി.എം  ഫിനാൻസ് )



  • പുനൈ: പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്കാര ജേതാവുമായ പ്രഭ അത്രെ അന്തരിച്ചു. 92 വയസായിരുന്നു. 
    ഇന്ന് രാവിലെ പുനൈയിലെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

    ഹൃദായാഘതത്തെ തുടർന്ന് ഉടൻ തന്നെ കോത്രുഡ് മേഖലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ കിരാന ഖരാനയെ പ്രതിനീധികരിച്ച അവരെ കേന്ദ്രസർക്കാർ പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.



  • കൊച്ചി: നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്ര സലീം അന്തരിച്ചു. കാന്‍സര്‍ ബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 

    സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു സാന്ദ്ര. കാനഡയിലെ ഒന്റാരിയോ കൊണസ്റ്റോഗാ കോളേജ് വിദ്യാര്‍ഥിനി ആയിരിക്കെ ആണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. എട്ട് മാസം മുമ്പ് വയറ്റില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്‌സിക്ക് അയയ്ക്കുകയുമായിരുന്നു. 

    എന്നാല്‍ കാനഡയിലെ ആശുപത്രിയില്‍ നിന്നും കൃത്യ സമയത്ത് രോഗവിവരം അറിയിക്കാത്തത് മൂലമാണ് സാന്ദ്രയുടെ ജീവന്‍ അപകടത്തിലായതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നുണ്ട്. ഏറെ വൈകിയാണ് കാന്‍സര്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതായി കണ്ടെത്തിയത്. 


  • കാസര്‍ഗോഡ്: ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ (45) കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍വെച്ചാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

    കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കേരള വിദ്യാര്‍ഥി യൂണിയനിലൂടെ കടന്നു വന്ന നേതാവായിരുന്നു വിനോദ് കുമാര്‍. തന്റെ കലാലയ കാലഘട്ടം നെഹ്‌റു കോളജ് യൂണിയന്‍ കൗസിലര്‍ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), കെ.എസ്.യു ജില്ല പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ്, പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, പുല്ലൂര്‍ – പെരിയ പഞ്ചായത്ത് സ്റ്റാന്‍ഡിങ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

    നിലവില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും ജില്ല ആശുപത്രി വികസന സമിതി അംഗവും മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) ജില്ല പ്രസിഡന്റുമാണ്. മൃതദേഹം മാവുങ്കാല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


  • കോയമ്പത്തൂർ: പ്രമുഖ ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു. 69 വയസായിരുന്നു. രോഗബാധിതനായി കോമ്പത്തൂരിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. 

    സുരേഷ്-വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995 ൽ പുറത്തിറങ്ങിയ 'മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത' ആണ് ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം. അതേ വർഷം തന്നെ ജെ.പള്ളാശ്ശേരിയുടെ തിരക്കഥയിൽ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 2008 ൽ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയിൽ സിബിഐയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ആയുഷ്മാൻ ഭവഃ, ഭർത്താവുദ്യോഗം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.




  • കൊച്ചി: കഥാകൃത്തും നോവലിസ്റ്റുമായ ജോസഫ് വൈറ്റില അന്തരിച്ചു. 84 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്.

    കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ മുഖപത്രമായ 'സമയം' മാസികയുടെ പത്രാധിപരായിരുന്നു. രണ്ടു നാടകങ്ങളും തിരക്കഥകളും ഉൾപ്പെടെ ഇരുപത്തഞ്ചോളം കൃതികൾ രചിച്ചിട്ടുണ്ട്.


  • കൊച്ചി: ചെമ്മീൻ നോവൽ ജപ്പാൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത് പ്രശസ്തയായ ജപ്പാൻ സ്വദേശിയും സാഹിത്യകാരിയുമായ  തക്കാക്കോ തോമസ് അന്തരിച്ചു. 81 വയസായിരുന്നു. കൊച്ചി വരാപ്പുഴ കൂനൻമാവിലെ വീട്ടിൽ ഇന്ന് രാവിലെയായിരുന്നു മരണം. 

    ജപ്പാനിലെ ഇറ്റാമിയ സ്വദേശിയായ തക്കാക്കോ  വരാപ്പുഴ സ്വദേശിയായ തോമസിനെ വിവാഹം ചെയ്ത് 56 വർഷമായി കൊച്ചിയിലാണ്  കുടുംബ സമേതം താമസിക്കുന്നത്. ജപ്പാനിൽ നിന്ന് എത്തുന്ന നയതന്ത്ര ഉദ്യോഗസ്ഥർക്കായി  ദ്വിഭാഷിയായും  പ്രവർത്തിച്ചിരുന്നു. 10 വർഷം കുസാറ്റിൽ ജാപ്പനീസ്  ഭാഷ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.


  • അതിരമ്പുഴ: ഇരുപ്പേൽ ബെന്നി ജോസഫ് (51) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ചൂട്ടുവേലി മേലേട്ട് മലയിൽ വീട്ടിൽ മേരി ജോസഫ് ( സന്ധ്യ). മക്കൾ: നിവ്യ ബെന്നി, നോയൽ ബെന്നി.



  • കുറവിലങ്ങാട്: മംഗളം ദിനപത്രം കുറവിലങ്ങാട്  ലേഖകൻ ജോൺ ജോസഫ് (ജോജോ ആളോത്ത് 50 ) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഞായർ ഉച്ചയ്ക്ക് 1.30 ന് വീട്ടിൽ ആരംഭിച്ച് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ഫെറോന പള്ളിയിൽ. മൃതദേഹം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വീട്ടിൽ കൊണ്ടുവരും.ആളോത്ത് പരേതനായ ജോസഫിൻ്റെ മകനാണ് .ഭാര്യ ലിസി കുറവിലങ്ങാട് വേങ്ങ മറ്റത്തിൽ കുടുംബാംഗം. മക്കൾ ജിലു ജിസ് ജോൺ, അമ്മാൾ ക്ലാര ജോൺ ( ബിരുദാനന്തര വിദ്യാർത്ഥിനി സെൻ്റ് തോമസ് കോളജ് പാലാ) അലൻ ജെ ആളോത്ത് (നിയമ വിദ്യാർത്ഥി ഭാരത് മാതാ ലോ കോളജ് അലുവ) പരേതൻ കുറവിലങ്ങാട് പ്രസ് ക്ലബ് പ്രസിഡൻറ്, സി.പി.ഐ.കടുത്തുരുത്തി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ, ഫാം വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.


  • തിരുവനന്തപുരം: പ്രശസ്ത നാടകകൃത്തും നടനും സംവിധായകനും എഴുത്തുകാരനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു. 51 വയസ് ആയിരുന്നു. മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഛായാമുഖി എന്ന നാടകം ഉള്‍പ്പെടെ ഒട്ടേറെ നാടകങ്ങളുടെ സംവിധായകനാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

    2008ലാണ് മോഹന്‍ലാലിനെയും മുകേഷിനെയും ഉള്‍പ്പെടുത്തി ഛായാമുഖി രംഗത്ത് അവതരിപ്പിച്ചത്. മഹാഭാരതത്തില്‍ ഹിഡുംബിക്ക് ഭീമന്‍ സമ്മാനിക്കുന്ന ഛായാമുഖി എന്നുപേരായ ഒരു കണ്ണാടിയാണ് ഈ നാടകത്തിന്‍റെ പ്രമേയപരിസരം. മഹാഭാരതത്തില്‍‌ ഇല്ലാത്ത ഛായാമുഖി പ്രശാന്തിന്‍റെ ഭാവനയായിരുന്നു. മകരധ്വജൻ, മഹാസാഗരം, മണികർണ്ണിക തുടങ്ങി നിരവധി ഹിറ്റ് നാടകങ്ങൾ സംവിധാനം ചെയ്തു. നിഴൽ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

    2003ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കമുള്ള പുരസ്കാരങ്ങള്‍ ഈ നാടകത്തിന് ലഭിച്ചിരുന്നു.നാടകത്തിനു പുറമേ സിനിമയിലും വേഷങ്ങള്‍ ചെയ്തു. പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.


  • വാകത്താനം: ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ പൊങ്ങന്താനം മാങ്കുളത്ത് ജെസ്സി ബിനോയി (48) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 3ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം നാളെ 12 മണിക്ക് പൊങ്ങന്താനം സെന്റ്. തോമസ് ഓർത്തഡോക്സ് പള്ളിയിൽ.


  • ചെന്നൈ: തമിഴ് നടനും മുൻ പ്രതിപക്ഷ നേതാവും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായതോടെ  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് ആശുപത്രി അധികൃതർ വിജയകാന്തിന്‍റെ മരണം സ്ഥിരീകരിച്ചത്.

    തമിഴിൽ നിരവധി സൂപ്പർഹിറ്റുകൾ നൽകിയ താരം കുറച്ചു കാലമായി അസുഖങ്ങളുടെ പിടിയിലായിരുന്നു. രണ്ടു തവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. ഭാര്യ പ്രേമലത, മക്കൾ ഷൺമുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ.


  • ആലപ്പുഴ: സംഘട്ടന സംവിധായകൻ ജോളി ബാസ്റ്റിൻ (53) അന്തരിച്ചു. ഇന്നലെ വൈകിട്ട് നെഞ്ചു വേദനയെ തുടർന്ന് വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ക്രിസ്തുമസ് പ്രമാണിച്ച് കുടുംബവുമായി ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴ എത്തിയതായിരുന്നു. മൃതദേഹം ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച്ച ബംഗളൂരുവിൽ വച്ച് നടക്കും.

    അയാളും ഞാനും തമ്മിൽ, കമ്മട്ടിപാടം, മാസ്റ്റർ പീസ്, അങ്കമാലി ഡയറീസ്, ഡ്രൈവിങ് ലൈസൻസ്, ഓപ്പറേഷൻ ജാവ, തങ്കം, നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിൽ ഫൈറ്റ് മാസ്റ്റർ ആയിരുന്നു ജോളി ബാസ്റ്റിൻ. സൈലൻസ് എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണൂർ സ്ക്വാഡ് ആണ് അവസാന ചിത്രം. സ്വന്തമായി ഓർകെസ്ട്ര ടീം ഉള്ള ജോളി ഒരു ഗായകനും കൂടിയാണ്.

    മലയാളിത്തിൽ നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ജോളി ഏറെയും കന്നട സിനിമകളിലാണ് സജീവമായിരുന്നു. കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ജോളി സ്റ്റണ്ട് ഡയറക്ടായിട്ടുണ്ട്. കന്നടയിൽ 'നികാകി കാടിരുവെ' എന്ന റൊമാന്റിക് ത്രില്ലർ ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.



  • കോഴിക്കോട്: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍(59) അന്തരിച്ചു. ഇന്ന് വൈകിട്ടോടെയാണ് അന്ത്യം. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറാണ്. കൂത്തുപറമ്പ് മാങ്ങാട്ടിടം കെ ടി ഗോപിനാഥിന്റെയും സി ശാരദയുടെയും മകനാണ്. ഭാര്യ മിനി. മക്കള്‍: മാളവിക, ഋഷിക. 

    മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'എക്‌സിക്കുട്ടന്‍' കാര്‍ട്ടൂണ്‍ പംക്തി രജീന്ദ്രകുമാറിന്റേതാണ്. അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍-കാരിക്കേച്ചറുകള്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.




  • പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പ്രൊഫ. പി ജെ കുര്യന്‍റെ ഭാര്യ സൂസൻ കുര്യൻ നിര്യാതയായി. 75 വയസ്സായിരുന്നു. 

    വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്കൂളിലെ അധ്യാപികയായിരുന്നു സൂസൻ കുര്യൻ.



  • കോഴിക്കോട്: ഡബ്ലിയുഎംഒ ജനറൽ സെക്രട്ടറിയും മുസ്ലിംലീഗ് വൈസ് പ്രസിഡന്റുമായ എം എ മുഹമ്മദ് ജമാൽ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയനാട് മുസ്ലിം ഓർഫനേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്ഥാപക നേതാവാണ്. സാമൂഹ്യ സേവന പ്രവർത്തനരംഗത്ത് നിറസാന്നിധ്യമായിരുന്നു എം എ ജമാൽ.


  • കോട്ടയം: പരിപ്പ് പത്മവിലാസത്തിൽ പരേതനായ കെ.വി ജനാർദ്ദനന്‍റെയും പത്മിനിയുടെയും മകന്‍ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പരിപ്പ് പത്മവിലാസത്തിൽ ജെ. പത്മകുമാർ (55) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിലെ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. സി.ജെ സിത്താരയാണ് ഭാര്യ. മക്കൾ: മെഡിക്കൽ വിദ്യാർഥിനി നന്ദന, പ്ലസ്ടു വിദ്യാർഥി നവനീത്. സഹോദരങ്ങൾ: ജയകുമാർ ജെ. (സ്വിറ്റ്സർലൻഡ് ), ഹർഷകുമാർ ജെ. (സെഞ്ച്വറി കൺസ്ട്രക്ഷൻസ് കോട്ടയം). സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പരിപ്പിലെ വീട്ടുവളപ്പിൽ.


  • കോട്ടയം: പള്ളം കറുകപറമ്പിൽ വി. രമേശൻ (റിട്ട. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ ) അന്തരിച്ചു. 83 വയസ്സായിരുന്നു. സംസ്കാരം നാളെ രാവിലെ 8 മണിക്ക് കോട്ടയം മുട്ടമ്പലം ശ്മശാനത്തില്‍.

    ഭാര്യ: ശാന്തലത ( റിട്ട. മെഡിക്കൽ റിക്കാർഡ്സ് ലൈബ്രേറിയൻ. മകൾ: ഷാലിമ ആർ. മരുമകൻ: എം. മനോജ്‌ ( വിജിലൻസ് ജഡ്ജി കോട്ടയം, ശബരിമല സ്പെഷ്യൽ കമ്മീഷ്ണർ )


  • തൃശൂർ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി വിശ്വനാഥൻ മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ കല്ലായിൽ പാങ്ങന്‍റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. ഒരു അഭിഭാഷകൻ കൂടിയാണ് കെ.പി. വിശ്വനാഥൻ. യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം.

    1967 മുതൽ 1970 സംഘടനയുടെ തൃശൂർ ജില്ലാ പ്രസിഡൻറായിരുന്നു. 1970 ൽ കുന്നംകുളത്തുനിന്നാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. അന്ന് പരാജയപ്പെട്ടിരുന്നു. രണ്ടു തവണ യുഡിഎഫ് സർക്കാരിൽ വനംമന്ത്രിയായും ആറു തവണ എംഎൽഎയായിരുന്നു. രണ്ടു തവണയും കാലാവധി പൂർത്തിയാക്കാതെ രാജിവയ്ക്കേണ്ടി വന്നു.



  • കാസർകോഡ്: സിപിഐ എം മുൻ കാസർകോഡ് ജില്ലാസെക്രട്ടറിയും മുൻ സംസ്ഥാന കമ്മറ്റിയംഗവും തൃക്കരിപ്പൂർ എംഎൽഎയുമായിരുന്ന കെ കുഞ്ഞിരാമൻ (80) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു. നിലവിൽ സിപിഐ എം ചെറുവത്തൂർ ഏരിയാകമ്മിറ്റിയംഗമാണ്‌. 1994 മുതൽ 2004 വരെ ജില്ലാസെക്രട്ടറിയായിരുന്നു.

    2006 മുതൽ 16 വരെ തൃക്കരിപ്പൂർ എംഎൽഎ.1979 മുതൽ 84 വരെ ചെറുവത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം വഹിച്ചു.1943 നവംബർ 10ന്‌ തുരുത്തിയിൽ ജനിച്ച കുഞ്ഞിരാമൻ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവർത്തനത്തിൽ സജീവമായത്.ഇന്ന് രാവിലെ 10 മണിക്ക് കാലിക്കടവ്,11 മണിക്ക് കാരിയിൽ, 12 മണിക്ക് ചെറുവത്തൂർ എന്നിവിടങ്ങളിൽ പൊതു ദർശനം നടക്കും. ഉച്ചക്ക് 1 മണിക്ക് മട്ടലായിയിലെ വീട്ടു വളപ്പിൽ ആണ് സംസ്കാരം.



  • കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടർന്ന് കഴിഞ്ഞ ദിവസം കാൽ പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

    കോട്ടയം വാഴൂർ സ്വദേശിയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി ചുമതലയിൽ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നൽകിയിരിക്കെയാണ് അന്ത്യം. 2015 മുതൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.1982 മുതൽ 93 വരെ വാഴൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി.എഐടിയുസി സംസ്ഥാന സെക്രട്ടറി ആയിരുന്നു


  • മുംബൈ: പ്രമുഖ ഹിന്ദി സിനിമാ നടൻ ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു.

    അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിൽ സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം ചെയ്തിരുന്നു. 'കട്ടി പതംഗ്', 'മേരാ നാം ജോക്കർ', 'പർവരീഷ്', 'ദോ ഔർ ദോ പാഞ്ച്', 'ഹാഥി മേരെ സാഥി', 'ജുദായി', 'ദാദാഗിരി', 'കാരവന്‍', 'ബ്രഹ്മചാരി' എന്നിങ്ങനെ തുടങ്ങിയ നിരവധി ചിത്രങ്ങൾ അദ്ദേഹം ഒരുക്കി.

    നടനും ഗായകനുമായ മെഹ്മൂദ് അലിയാണ് അദ്ദേഹത്തിന് ജൂനിയർ അലി എന്ന പേര് നൽകിയത്. 1967 ൽ പുറത്തിറങ്ങിയ 'നൗനിഹാൽ' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമയിലേക്ക് കടന്നുവന്നത്. ഒരു അഭിനേതാവെന്നതിനപ്പുറം മറാഠി സിനിമകൾ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.



  • കൊച്ചി: നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഷാര്‍ജയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ ജനപ്രീതി നേടിയ 'കാക്ക' എന്ന ഷോര്‍ട് ഫിലിമിലൂടെ ശ്രദ്ധനേടിയ നടിയാണ്പ ള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളാായ ലക്ഷ്മിക ഷാര്‍ജയില്‍ ബാങ്കിൽ ജോലി ചെയ്ത് വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. 

    2021 ഏപ്രിലില്‍ ആണ് 'കാക്ക' റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പഞ്ചമി എന്ന നായിക വേഷം ആയിരുന്നു ലക്ഷ്മിക അവതരിപ്പിച്ചത്. കറുപ്പിനാല്‍ മാറ്റിനിര്‍ത്തപ്പെട്ടവരുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകള്‍ ഏറെ നേടിയിരുന്നു. കറുത്ത നിറമുള്ള, പല്ല് ഉന്തിയ ഒരു പെണ്‍കുട്ടിയായി ലക്ഷ്മിക ജീവിക്കുകയായിരുന്നു. തന്റെ രൂപം കാരണം വീട്ടുകാരില്‍ നിന്നുപോലും പഴികേള്‍ക്കേണ്ടിവന്ന, മാറ്റിനിര്‍ത്തപ്പെട്ട പഞ്ചമി, പിന്നീട് അവയെ എല്ലാം പോസിറ്റീവ് ആയി എടുത്ത് സധൈര്യം മുന്നേറുന്ന കഥയായിരുന്നു കാക്ക പറഞ്ഞത്. 

    മലയാള സിനിമയിലും ലക്ഷ്മിക തന്റെ സാന്നിധ്യം അറിയിച്ചു. യമണ്ടൻ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളില്‍ ലക്ഷ്മിക, ചെറിയ വേഷങ്ങള്‍ ചെയ്ത് കയ്യടി നേടിയിരുന്നു.


  • പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43)  ആണ് മരിച്ചത്. കീഴ്ശാന്തി നാരായണൻ നമ്പൂതിയുടെ സഹായിയായ രാം കുമാറിനെ ഇന്ന് പുലർച്ചെയോടെ വിശ്രമ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സന്നിധാനം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. തുടർന്ന് ശുദ്ധി കലശത്തിനുശേഷം  20 മിനിറ്റ് ഓളം വൈകിയാണ് നട തുറന്നത്.



  • പുതുപ്പള്ളി: റിട്ട. എക്സൈസ് ഇന്‍സ്പെക്ടര്‍ ഇരവിനല്ലൂര്‍ തുരുത്തിനായപള്ളിയില്‍ പി.എന്‍.ശശിധരന്‍ നായര്‍ (75) അന്തരിച്ചു. ഭാര്യ: പുന്നത്തുറ പീഞ്ഞാണിയില്‍ കുടുംബാംഗം രേവമ്മ (സരസ്വതി). മക്കള്‍: സന്ദീപ് ( കാനഡ), സുദീപ് (ഇസ്കോണ്‍, മുംബൈ), സൗമ്യ (യുഎസ്എ). മരുമക്കള്‍: രാഗി സന്ദീപ് (കാനഡ), രാകേഷ്  (യുഎസ്എ). സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍. 



  • ചെങ്ങന്നൂർ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസീൽദാർ അങ്ങാടിക്കൽ കൊച്ചാദിശ്ശേരി അനിഴം വീട്ടിൽ കവിത കെ.എസ് (54) അന്തരിച്ചു. പുലർച്ചെ 4ന് ചെങ്ങന്നൂർ ഉഷാ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക്. ഭർത്താവ്: സുരേഷ് അനിഴം മക്കൾ: സോവിൻ സുരേഷ്, രുദ്രാക്ഷ് സുരേഷ്


  • കൊച്ചി: രാഷ്ട്രപതി പ്രതിഭ പട്ടീലിന്‍റെ സെക്രട്ടറി ആയിരുന്ന ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് (73) അന്തരിച്ചു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസ് കെഎസ്‌ഐഡിസി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

    നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നഗര വികസന വകുപ്പ്, ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം ക്ലാപ്പന സ്വദേശിയായ ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ഏറെക്കാലമായി കൊച്ചി കലൂരിലായിരുന്നു താമസം. നിലവില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ ചെയര്‍മാനാണ്.

    പെട്രോളിയം മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി, വാണിജ്യ മന്ത്രാലയത്തില്‍ സ്‌പെഷ്യല്‍ സെക്രട്ടറി, ടൂറിസം മന്ത്രാലയം സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും ക്രിസ്റ്റി ഫെര്‍ണാണ്ടസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.


  • തിരുവനന്തപുരം: മലയാള സിനിമയിൽ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോ​ഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്

    മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിലും അഭിനയിച്ചു. നടി താരകല്യാണിന്റെ അമ്മയും സോഷ്യൽ മീഡിയ താരം സൗഭാഗ്യ വെങ്കിടേഷിന്റെ മുത്തശ്ശിയുമാണ് സുബ്ബലക്ഷ്മി. കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധക പ്രീതി നേടിയ സുബ്ബലക്ഷ്മി ഒട്ടേറെ പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു.  നന്ദനം (2002), കല്യാണരാമൻ (2002), പാണ്ടിപ്പട (2005), എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അവർ ശ്രദ്ധിക്കപ്പെട്ടു .

    സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ്, ജവഹർ ബാലഭവനിൽ സംഗീത നൃത്ത അധ്യാപികയായിരുന്നു. 1951 മുതൽ ആകാശവാണിയിൽ പ്രവർത്തിച്ചു. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആകാശവാണിയുടെ ആദ്യ വനിതാ കംപോസർ എന്ന നിലയിൽ അവർ ശ്രദ്ധേയയാണ്. നിരവധി സംഗീതകച്ചേരികൾ ചെയ്തിട്ടുണ്ട്. കൂടാതെ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്.


  • വാഷിങ്ടണ്‍: നൊബേല്‍ സമ്മാന ജേതാവും അമേരിക്കന്‍ മുന്‍ സേറ്റ് സെക്രട്ടറിയുമായ ഹെന്‍റി കിസിന്‍ജര്‍ അന്തരിച്ചു. 100 വയസായിരുന്നു. ഇന്നലെ സ്വവസതിയിലായിരുന്നു അന്ത്യം. വിയയ്റ്റാനം യുദ്ധം അവസാനിപ്പിച്ച പാരീസ് ഉടമ്പടിരൂപം നല്‍കുന്നവരില്‍ ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായിരുന്നു ഹെന്‍റി. 1973ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം സ്വന്തമാക്കിയിരുന്നു.

    നയതന്ത്രജ്ഞന്‍, രാഷ്ട്രീയക്കാരന്‍, രാഷ്ട്രീയ തത്വചിന്തകന്‍ എന്നിങ്ങനെ വിവിധ തലങ്ങളിൽ സുപ്രധാന സംഭാവനകൾ നൽകിയ കിസിജ്ഞർ, അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശിൽപിയെന്നാണ് അറിയപ്പെടുന്നത്. 1969 മുതല്‍ 1977 വരെയായിരുന്നു ഓദ്യോഗിക പ്രവര്‍ത്തനകാലം. വിയറ്റ്നാം യുദ്ധം മുതല്‍ ബംഗ്ലാദേശിന്‍റെ വിമോചനയുദ്ധം വരെ എല്ലായിടത്തും കിസിൻജറിന് പങ്കുണ്ടായിരുന്നു.

    രണ്ട് അമേരിക്കന്‍ പ്രസിഡന്‍റുമാരുടെ കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായി ഹെന്‍റി കിസിന്‍ജര്‍ പ്രവര്‍ത്തിച്ചിരുന്നു. നൂറാം വയസിലും രാഷട്രീയരംഗത്തും മറ്റും നിറസാന്നിധ്യമായിരുന്നു ഹെന്‍റി. ഉത്തര കൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണിയെക്കുറിച്ച് അമേരിക്കന്‍ സെനറ്റിന് മുന്‍പാകെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലായില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.


  • ഏറ്റുമാനൂര്‍: റിട്ടയേഡ് അധ്യാപകൻ മേടയില്‍ കേശവന്‍‌ നായര്‍ (92) അന്തരിച്ചു. കുമാരനല്ലൂര്‍ പുലിപ്രയില്‍ കുടുംബാംഗമാണ്. കൈപ്പുഴ സെന്‍റ് ജോർജ് ഹൈസ്കൂൾ, പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ, ഉഴവൂർ ഒ.എൽ.എൽ. ഹൈസ്കൂൾ, കോട്ടയം എസ് എച്ച് മൗണ്ട് ഹൈസ്കൂൾ, ചിങ്ങവനം സെന്‍റ് തോമസ് ഹൈസ്കൂൾ, ഏറ്റുമാനൂർ മംഗളം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, തെള്ളകം ഹോളി ക്രോസ് ഹൈസ്കൂൾ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മേടയിൽ വിജയമ്മ   (സീനിയർ സൂപ്പർവൈസർ, ടെലികോം). മക്കൾ: ബിന്ദു. കെ (എൻജിനീയർ, വി എസ് എസ് സി, തിരുവനന്തപുരം), ബിനി. കെ (പോസ്റ്റ്മിസ്ട്രസ്, കൂനമ്മാവ്), ബിജി കെ  (അദ്ധ്യാപിക, കരുവാറ്റ എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂൾ), മരുമക്കൾ: സുരേഷ് പി (എൻജിനീയർ, വി എസ് എസ് സി, തിരുവനന്തപുരം), രാജീവ് ബി (മാനേജർ, കോട്ടക് മഹീന്ദ്ര ബാങ്ക്, പാലാരിവട്ടം), ഡോ. വിനോദ്. ബി (പ്രൊഫസർ, സെന്‍റ് ജോസഫ് ഫാർമസി കോളേജ്, ചേർത്തല). സംസ്കാരം നാളെ പകല്‍ രണ്ടു മണിക്ക് ഏറ്റുമാനൂർ പേരൂർ റോഡിലുള്ള എൻഎസ്എസ് കരയോഗം ശാന്തിനിലയത്തിൽ. 



  • കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം വിഭാഗത്തിൽ നിന്നുള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറായിരുന്നു. പിന്നാക്ക വിഭാഗ കമ്മീഷൻ ആദ്യ അധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

    1950 നവംബര്‍ 14-നാണ് ഫാത്തിമ ബീവി അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോഡിനേറ്റ് മുന്‍സിഫായി നിയമിതയായി. 1968-ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972-ല്‍ ചീഫ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് ആയും 1974-ല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആയി. 1980 ജനുവരിയില്‍ ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ ജുഡീഷ്യല്‍ അംഗമായി.

    1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984-ല്‍ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രില്‍ 29-ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചെങ്കിലും 1989 ഒക്ടോബര്‍ 6-ന് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിമനം ലഭിച്ചു. 1992 ഏപ്രില്‍ 29-നാണ് വിരമിച്ചത്.


  • കൊച്ചി: ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തും സഹസംവിധായകനുമായിരുന്ന എൻ കെ ശശിധരൻ(68) അന്തരിച്ചു. രൗദ്രം, മര്‍മ്മരങ്ങള്‍, കോക്കസ്, ഡര്‍ട്ടിഡസന്‍, അഗ്നിമുഖം, എക്‌സ്‌പ്ലോഡ്, മന്ത്രകോടി, ഡസ്റ്റിനേഷന്‍, ആസുരം, യുദ്ധകാണ്ഡം, അങ്കം, ചിലന്തി, ഞാന്‍ സൂര്യപുത്രന്‍ തുടങ്ങി അനവധി നോവലുകളുടെ രചയിതാവാണ്. 14 വർഷത്തോളം സിനിമ-സീരിയൽ രംഗത്ത് സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

    1955 നവംബര്‍ ഇരുപത്തിയഞ്ചിന് കൊടുങ്ങല്ലൂരില്‍ എന്‍ കെ സരോജിനി അമ്മയുടെയും ടി ജി നാരായണപ്പണിക്കരുടെയും മകനായാണ് ജനനം. 'രാജപരമ്പര'യാണ് സഹസംവിധായകനായ ആദ്യ ചിത്രം. 'ചുവന്ന അങ്കി', 'അഗ്‌നിശലഭങ്ങള്‍' എന്നീ ചിത്രങ്ങള്‍ക്ക്‌ തിരുക്കഥയും സംഭാഷണവും 'ചക്രവര്‍ത്തി' എന്ന ചിത്രത്തിന്‌ സംഭാഷണവുമെഴുതി. ആകാശവാണി തൃശൂര്‍-കോഴിക്കോട്‌ നിലയങ്ങള്‍ അദ്ദേഹത്തിന്‍റെ നാടകങ്ങള്‍ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. കര്‍ഫ്യൂ എന്ന കൃതി ചലച്ചിത്രമായിരുന്നു. 2020ൽ പ്രസിദ്ധീകരിച്ച അഗ്നി കിരീടമാണ് അവസാന നോവൽ.


  • കൊല്ലം: കരുനാഗപ്പള്ളി മുൻ എംഎൽഎ ആർ രാമചന്ദ്രൻ അന്തരിച്ചു. ഇന്നു പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥിയായിരുന്നു. ദീർഘകാലം സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. സിപിഐ സ്റ്റേറ്റ് കൗൺസിൽ അംഗമാണ്.

    സംസ്കാരം നാളെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കൊല്ലം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കും. സിപിഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ചവറ, കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസുകളിലും വീട്ടിലും ഇന്ന് പൊതുദർശനം ഉണ്ടാകും.


  • കൊച്ചി: ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്ര ക്രിയയെ തുടർന്നു തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു.

    കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ആയി ഷെൽന നിഷാദ് മത്സരിച്ചിരുന്നു. ആലുവ എംഎൽഎ ആയിരുന്ന കെ മുഹമ്മദ്‌ അലിയുടെ മരുമകൾ ആണ്‌ ഷെൽന നിഷാദ്. 

    ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അർബുദ രോ​ഗ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന് ശേഷവും രക്തത്തിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞു വരികയായിരുന്നു. എന്നാൽ ക്യാംപ് നടത്തി ജീവതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ആലോചനയിലായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്.


  • ചെന്നൈ: റിസർവ് ബാങ്ക് മുൻ ഗവർണർ എസ്. വെങ്കിട്ടരമണൻ അന്തരിച്ചു. 92 വയസ്സായിരുന്നു. 8-ാമത്തെ ആർബിഐ ഗവർണറായിരുന്നു എസ് വെങ്കിട്ടരാമൻ. 1990 മുതൽ 1992 വരെ രണ്ട് വർഷക്കാലം അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. തമിഴ്‌നാട് മുൻ ചീഫ് സെക്രട്ടറിയായ ഗിരിജ വൈദ്യനാഥൻ ഉൾപ്പെടെ രണ്ട് പെൺമക്കളുണ്ട്. 

    കടുത്ത സാമ്പത്തിക പ്രതിസന്ധി കാലത്തും ഉദാരവത്കരണത്തിന്റെ ആദ്യ നാളുകളിലും ഗവര്‍ണറായിരുന്ന എസ് വെങ്കിട്ടരാമൻ 1985 മുതൽ 1989 വരെ ധനമന്ത്രാലയത്തിൽ ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ആർബിഐ ഗവർണറായി നിയമിക്കുന്നതിനുമുമ്പ് കർണാടക സർക്കാരിന്റെ ഉപദേശകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

    അക്കാലത്ത് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന നാഗർകോവിലിൽ 1931-ൽ ജനിച്ച അദ്ദേഹം ആറ്റിങ്ങൽ മോഡൽ ബോയ്സ് സ്കൂൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 

    രൂപയുടെ മൂല്യത്തകർച്ചയും സാമ്പത്തിക പരിഷ്‌കരണ പരിപാടികളും ആരംഭിച്ച ഐഎംഎഫിന്റെ സ്ഥിരത പദ്ധതി ഇന്ത്യ സ്വീകരിച്ചതും എസ് വെങ്കിട്ടരാമൻഗവര്ണയിരുന്ന കാലയളവിൽ ആയിരുന്നു. .


  • പാലക്കാട്: കൂത്ത്, കൂടിയാട്ടം കുലപതി പത്മശ്രീ പി കെ നാരായണൻ നമ്പ്യാർ അന്തരിച്ചു. 96 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചികിത്സയിലിരിക്കെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

    ഒറ്റപ്പാലം ലക്കിടി പടിഞ്ഞാറെ കോച്ചാമ്പിള്ളി മഠം കുടുംബാംഗമാണ്. ദീർഘകാലം കേരള കലാമണ്ഡലത്തിൽ മിഴാവ് അധ്യാപകനായിരുന്നു. പത്മശ്രീ മാണിമാധവ ചാക്യാരുടെ മകൻ കൂടിയാണ് പി കെ നാരായണൻ നമ്പ്യാർ. മൃതദേഹം അൽപ സമയത്തിനകം ലക്കിടി കിള്ളിക്കുറുശി മംഗലത്തെ വീട്ടിലെത്തിക്കും.


  • ചെന്നൈ :  സിപിഐഎമ്മിന്‍റെ സ്ഥാപകരിലൊരാളും മുതിര്‍ന്ന നേതാവുമായ എന്‍ ശങ്കരയ്യ അന്തരിച്ചു. ഇന്നലെയാണ് പനിബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 

    1964 ല്‍ സിപിഐ ദേശീയ കൗൺസിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഎം പടുത്തുയര്‍ത്തിയ 32 സഖാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ട് പേരില്‍ ഒരാളാണ് എന്‍.ശങ്കരയ്യ. 1922 ജൂലൈ 15ന് മധുരയിലായിരുന്നു ശങ്കരയ്യയുടെ ജനനം. അഞ്ചാംക്ലാസുവരെ തൂത്തുക്കുടിയിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് മധുര സെയിന്‍റ് സ്കൂളില്‍ ചേര്‍ന്നു. 

    പതിനേഴാം വയസ്സില്‍ സിപിഐ അംഗമായി. 1962-ല്‍ ഇന്ത്യ ചൈന യുദ്ധസമയത്ത് ജയിലില്‍ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകളില്‍ ഒരാള്‍ ശങ്കരയ്യയായിരുന്നു. 1964-ല്‍ സിപിഐ ജനറല്‍ സെക്രട്ടറി പിസി ജോഷി മധുരയില്‍ വന്നിരുന്നു. അന്ന് സമ്മേളനത്തില്‍ ഒരു ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ചത് ശങ്കരയ്യയുടെ മിടുക്കായിരുന്നു.

    1965-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അടിച്ചമര്‍ത്താന്‍ ശ്രമം നടന്നപ്പോള്‍ 17 മാസം ജയിലില്‍ കിടന്നു. കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റുന്ന സമയത്ത് കണ്ണൂര്‍ ജയിലില്‍ തടവുകാരനായി ശങ്കരയ്യയും ഉണ്ടായിരുന്നു. 1967,1977,1980 തിരഞ്ഞെടുപ്പുകളില്‍ സിപിഎം അംഗമായി തമിഴ്നാട് നിയമസഭയിലെത്തി. 

    തമിഴ്നാട് നിയമസഭയില്‍ ആദ്യമായി തമിഴ് സംസാരിച്ചത് തങ്ങളുടെ കാലത്താണെന്ന് ശങ്കരയ്യ പറയാറുണ്ട്. അന്ന് തമിഴ് സംസാരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. കുടുംബം ഭാര്യ -പരേതയായ നവമണി അമ്മാള്‍. സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവയായിരുന്ന അവര്‍ 2016-ല്‍ അന്തരിച്ചു. 3 മക്കളുണ്ട്.


  • തോട്ടുമുക്കം: നരിതൂക്കിൽ ജോസഫ് (ഔസേപ്പച്ചൻ 85) അന്തരിച്ചു. പൈക നരിതൂക്കിൽ കുടുംബാഗാമാണ്. ഭാര്യ: പരേതയായ പെണ്ണമ്മ (വെട്ടിക്കൽ മാനന്തവാടി കുടുംബാഗം). മക്കൾ: ടെസ്സി,  ജോസി ജോസ് (ക്രിസ്ത്യൻ മൈനൊരിറ്റി സ്കൂൾ സംസ്ഥാന കൺവീനർ), അസി ജോസ്. മരുമക്കൾ: സണ്ണി ഞാറാകാട്ട് ആനാക്കംപൊയിൽ, സിജി വള്ളോംപുരയിടത്തിൽ കക്കാടംപൊയിൽ, പരേതയായ അനിറ്റ് പുല്ലന്താനി തോട്ടുമുക്കം. സംസ്കാരം നാളെ രാവിലെ 10 മണിക്ക് സെന്‍റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം പള്ളി കുടുബക്കല്ലറയില്‍.


  • കൊല്‍ക്കൊത്ത: മുതിര്‍ന്ന സിപിഎം നേതാവും മുൻ പാർലമെന്‍റ് അംഗവുമായ ബസുദേബ്‌ ആചാര്യ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബസുദേബ് ആചാര്യ ഏതാനും വർഷങ്ങളായി മകൻ്റെ വസതിയിൽ കഴിഞ്ഞുവരികയായിരുന്നു.

    1942 ജൂൺ 11-ന് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെറോയിൽ ജനിച്ച ബസുദേബ് ആചാര്യ റാഞ്ചി സർവ്വകലാശാലയിലും, കൊൽക്കൊത്ത സർവ്വകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് 1975 ഫെബ്രുവരി 25-ന് രാജലക്ഷ്മി ആചാര്യയെ വിവാഹം ചെയ്തു.

    ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ നേതൃനിരയിലേക്ക് എത്തിച്ചു. 1980-ൽ ഏഴാം ലോകസഭയിലേക്കാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 1984 മുതൽ 2014 വരെ തുടർച്ചയായി 9 തവണ പശ്ചിമ ബംഗാളിലെ ബങ്കുര മണ്ഡലത്തിൽനിന്നുള്ള എംപിയായിരുന്നു ബസുദേബ്. 2014ൽ തൃണമൂൽ കോൺഗ്രസ് നേതാവ് മുൻമുൻ സെന്നിനോട് പരാജയപ്പെട്ടു.

    1981-ൽ സി.പി.ഐ. (എം)-ൻ്റെ പുരുലിയ ജില്ലാ കമ്മിറ്റി, 1985 മുതൽ സി.പി.ഐ. (എം)‌-ൻ്റെ പശ്ചിമ ബംഗാൾ ഘടകത്തിൻ്റെ സംസ്ഥാന കമ്മിറ്റി, എന്ന് തുടങ്ങി ദീർഘകാലം സിപിഎമ്മിൻ്റെ സംസ്ഥാന സമിതിയിലും കേന്ദ്ര കമ്മിറ്റിയിലും ബസുദേബ് അംഗമായിരുന്നു.