• ചെങ്ങന്നൂർ: സംവിധായകനും നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള(കെ ആർ ഉണ്ണികൃഷ്ണൻ നായർ) അന്തരിച്ചു. ചെങ്ങന്നൂരിലെ ലോഡ്ജിൽ വെച്ച് ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എതിർപ്പുകൾ(1984), സ്വർഗം(1987) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ‌വ്യക്തിയാണ് ഉണ്ണി. എതിർപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് ഉർവശി മലയാള സിനിമയിലെത്തുന്നത്. പൂനുള്ളും കാറ്റേ, മനസൊരു മാന്ത്രിക കുതിരയായ് (എതിർപ്പുകൾ) ഈരേഴു പതിനാല് ലോകങ്ങളിൽ (സ്വർഗം) തുടങ്ങി ഉണ്ണി രചിച്ച ഗാനങ്ങളും ഹിറ്റായിരുന്നു.

    കമ്പ്യൂട്ടർ കല്യാണം ആയിരുന്നു അവസാന ചിത്രം. കോഴഞ്ചേരി സെന്റ്തോമസ് കോളജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, തേവര സേക്രട്ട് ഹാർട്ട് കോളജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഡിഫൻസ് അക്കൗണ്ട്സിൽ ഉദ്യോഗസ്ഥനായ ഉണ്ണി ആറന്മുള സിനിമയോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിക്കുകയായിരുന്നു. അവിവാഹിതനായിരുന്നു.സംസ്കാരം നാളെ ഉച്ചക്ക് ആറന്മുള കോട്ടക്കകത്തുള്ള വീട്ടുവളപ്പിൽ നടക്കും.


  • കല്ലിശ്ശേരി:  മാധ്യമം ദിനപത്രം സീനിയർ റിപ്പോർട്ടർ എബി തോമസിൻ്റെ മാതാവും, കല്ലിശ്ശേരി വെസ്റ്റ് ഓതറ തൈമറവുംങ്കര ആലുംമൂട്ടിൽ പരേതനായ തോമസ് കുരുവിളയുടെ ഭാര്യയുമായ  ശോശാമ്മ(കുഞ്ഞുമോൾ -75) അന്തരിച്ചു. പുനലൂർ പാലമൂട്ടിൽ കുടുംബാംഗമാണ്.

    സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 ന് കല്ലിശ്ശേരി  സെൻ്റ് തോമസ് മലങ്കര കത്തോലിക്കാപ്പള്ളി സെമിത്തേരിയിൽ. മറ്റ് മക്കൾ: ജോബി തോമസ് (ഓസ്ട്രേലിയ), ബോബി തോമസ് (ടയോട്ട , തിരുവല്ല). മരുമക്കൾ : ചിറ്റാർ കുളത്തുങ്കൽ സോണി ജോബി , ചരിവുപറമ്പിൽ മറിയാമ്മ ബോബി, വള്ളികുന്നം ചുങ്കത്തടത്തിൽ ജിൻസി.ജി. ജോൺ.


  • തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം.പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്. തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഇദ്ദേഹം കഴിഞ്ഞ 40 കൊല്ലമായി പ്രവര്‍ത്തിച്ച് വന്നത് .  

    ക്ലാസ്സിക്‌ മലയാളം സിനിമകളുടെ നിർമ്മാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു.  
    ആദ്യമായി ഗാന്ധിമതി ബാലന്‍ നിര്‍മ്മിച്ച ചിത്രം  നേരം ഒത്തിരി കാര്യമാണ്. ആദാമിന്റെ വാരിയെല്ല് , പഞ്ചവടി പാലം , മൂന്നാം പക്കം , തൂവാനത്തുമ്പികൾ , സുഖമോ ദേവി , മാളൂട്ടി , നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താംമുദയം തുടങ്ങിയ 30ൽ പരം ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ചു. 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ ആയിരുന്നു.

    63 വയസിൽ ആലിബൈ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട്അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനം ആയി വളർത്തി. 
    ഇവന്‍റ്സ് ഗാന്ധിമതി എന്ന ഇവന്റ്മാനേജ്മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലൻ നാഷനൽ ഗെയിംസ് അടക്കം നിരവധി വലിയ പരിപാടികൾ സംഘടിപ്പിച്ച ഒരു മികച്ച സംഘാടകൻ ആയിരുന്നു.

    മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗാന്ധിമതി എന്നത് ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്ത് വലിയൊരു ബ്രാൻഡായി ആയി വളർത്തി. 

    ഒരു കാലത്ത് മോഹൻലാലിനെയും മമ്മൂട്ടിയേയും വെച്ച് കൂടുതൽ സിനിമ ചെയ്ത നിർമാതാവായിരുന്നു. സ്ഫടികം, കിലുക്കം എന്നിവയുടെ നിർമാണ ചുമതലകൾക്ക് നേതൃത്വം നൽകിയിരുന്നു. തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റർ ഉടമ ആയിരുന്നു.  അനശ്വര സംവിധായകൻ പത്മരാജന്റെ കൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതൽ പടങ്ങൾ ചെയ്തത്. പദ്മരാജന്റെ ആകസ്മിക മരണത്തെ തുടര്‍ന്നാണ് സിനിമയിൽ നിന്നും പിൻവാങ്ങിയത്.

    ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ , സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യം ആയിരുന്നു ബാലൻ . പ്ലാന്റേഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു.  വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ, കലാമൂല്യത്തിന് പ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച് , അതിൽ വിജയിച്ച അപൂർവം നിർമാതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.  റോട്ടറി ഉൾപ്പടെ നിരവധി സാമൂഹിക മേഖലകളിൽ പ്രവർത്തിച്ച ബാലൻ വലിയ സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു.

    ഭാര്യ - അനിത ബാലൻ.  മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ -ആലിബൈ സൈബർ ഫോറെൻസിക്സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്ണർ - മെഡ്റൈഡ്, ഡയറക്ടർ-ലോക മെഡി സിറ്റി) മരുമക്കൾ: കെ.എം.ശ്യാം 
    (ഡയറക്ടർ - ആലിബൈ സൈബർ ഫോറെൻസിക്സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് & എക്സ്പോർട്സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).



  • തിരുവനന്തപുരം: പ്രശസ്ത കൂടിയാട്ടം കലാകാരൻ മലപ്പുറം വണ്ടൂർ കാപ്പിൽ വാരിയത്ത് കലാമണ്ഡലം രവീന്ദ്രൻ അന്തരിച്ചു. 58 വയസായിരുന്നു. സംസ്കാരം ഇന്ന് തിരുവനന്തപുരത്ത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള കലാമണ്ഡലം രവീന്ദ്രൻ വിദേശത്തും ഇന്ത്യയിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മാർഗി, ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ‌ സ്മാരക കലാകേന്ദ്രം, തൃശൂർ ചാവക്കാട് അങ്കണം തിയറ്റർ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. ഭാര്യ: വിജി രവീന്ദ്രൻ. മക്കൾ: അർജുൻ, അരവിന്ദ്. സഹോദരങ്ങൾ: പരേതയായ വിജയകുമാരി, ഇന്ദിര, രമ, രശ്മി.



  • ചെന്നൈ: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ നടക്കും.

    നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ഡാനിയൽ ബാലാജി, മലയാളം, തെലുങ്ക്, കന്ന‍ട സിനിമകളിലും പ്രത്യേക സാനിധ്യമായിട്ടുണ്ട്. കമൽ ഹാസന്റെ ഇതുവരെ റിലീസ് ചെയ്യാത്ത ചിത്രമായ 'മരുതനായകത്തി'ൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്ക് അദ്ദേഹം കടന്നുവരുന്നത്.

    ഒരു തമിഴ് ടെലിവിഷൻ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് കടന്ന നടന്റെ വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവൻ (2017) തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിന് പ്രശംസകൾ നേടിയിട്ടുണ്ട്. 'ബ്ലാക്ക്' എന്ന ചിത്രത്തിലാണ് മലയാള സിനിമയിൽ ആദ്യമായി ഡാനിയൽ ബാലാജി അഭിനയിച്ചത്. പിന്നീട് മോഹൻലാൽ നായകനായ 'ഭഗവാൻ', മമ്മൂട്ടിയുടെ 'ഡാഡി കൂൾ' തുടങ്ങിയ ചിത്രങ്ങളിലും വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയിട്ടുണ്ട്.



  • ചെന്നൈ: ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് എംപി ​ഗണേശമൂർത്തി അന്തരിച്ചു. എംഡിഎംകെ എംപിയായ ​ഗണേശമൂർത്തി ഇന്ന് പുലർച്ചെയാണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് അബോധാവസ്ഥയിൽ ​ഗണേശമൂർത്തിയെ മുറിയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് 76കാരനായ ​ഗണേശമൂർത്തി മരണത്തിന് കീഴടങ്ങിയത്. 

    2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈറോഡിൽ നിന്നാണ് എംപി ജനവിധി തേടിയത്. മാർച്ച് 24 ന് അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് എംപിയെ കുടുംബാംഗങ്ങൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ​ഗുരുതരാവസ്ഥയിലായിരുന്ന ​ഗണേശമൂർത്തിയെ പിന്നീട് ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതമായി ഉറക്ക ​ഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്.

    ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതുമായി ബന്ധപ്പെട്ട വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു. ഇത്തവണ ഈറോഡ് സീറ്റിൽ ഇന്ത്യ മുന്നണിയുടെ ഭാ​ഗമായ ഡിഎംകെയാണ് മത്സരിക്കുന്നത്. പകരം നൽകിയ സീറ്റിലും ​ഗണേശമൂർത്തിക്ക് അവസരം ലഭിച്ചിരുന്നില്ല. ഇതിൽ മനോവിഷമത്തിലായിരുന്നുവെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു. അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. 



  • കളത്തൂർ: കാഞ്ഞിരം കാലായിൽ പരേതനായ കെ.ജെ. ജോസഫിന്‍റെ ഭാര്യ കുട്ടിയമ്മ ജോസഫ് (78) അന്തരിച്ചു. സംസ്കാരം നാളെ 3 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം കളത്തൂർ സെന്റ് മേരീസ്‌ ദേവാലയത്തിൽ. മക്കൾ ടോമി ജോസഫ്, ജാൻസി തോമസ്, ബേബിജോസഫ് (പരേതൻ ) ജെസ്സി ജോസഫ്, ഷാജിമോൻ ജോസഫ്, കുഞ്ഞുമോൾ ഷിബു മരുമക്കൾ തോമസ് ജോർജ്, ലില്ലികുട്ടി ബേബി, അൽഫോൻസാ ഷാജി, ഷിബു ഡേവിഡ് കൊച്ചു മക്കൾ സാം സെബാസ്റ്റ്യൻ, സോനു സെബാസ്റ്റ്യൻ, സണ്ണി സെബാസ്റ്റ്യൻ



  • തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ ബി സി ജോജോ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.  കേരള കൗമുദി ദിനപ്പത്രത്തിൽ എക്സിക്യുട്ടീവ് എഡിറ്ററായിരുന്നു. ഇന്ത്യയിലെ ആദ്യ വെബ് ടിവികളിൽ ഒന്നായ ഇന്ത്യ പോസ്റ്റ് ലൈവിന്റെ എഡിറ്ററൂം എംഡിയുമായിരുന്നു.

    കേരളത്തെ പിടിച്ചുകുലുക്കിയ അന്വേഷണാത്മക വാര്‍ത്തകളിലൂടെയാണ് ജോജോ ശ്രദ്ധേയനായത്. പാമോലിൻ അഴിമതി രേഖകളടക്കം പുറത്തുകൊണ്ടുവന്നതും മതികെട്ടാൻ ചോലയിലെ കൈയ്യേറ്റങ്ങൾ പുറത്തെത്തിച്ചതും മുല്ലപ്പെരിയാർ കരാറിലെ വീഴ്ചകൾ പുറത്തെത്തിച്ചതുമടക്കം നിരവധി വാർത്തകളാണ് ജോജോ ജനമധ്യത്തിലേക്ക് എത്തിച്ചത്. രാഷ്ട്രീയ വാര്‍ത്തകൾ കൈകാര്യം ചെയ്തിരുന്ന ജോജോ ഉന്നത രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിലെ പടലപ്പിണക്കങ്ങൾ സംബന്ധിച്ചും വാര്‍ത്തകൾ പുറത്തെത്തിച്ചിരുന്നു.



  • കണ്ണൂർ: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എൻ പ്രകാശ് അന്തരിച്ചു. 69 -ാം വയസിലാണ് പ്രിയ എഴുത്തുകാരൻ ജീവിതത്തിൽ നിന്നും വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ പ്രകാശിന്‍റെ ഏറ്റവും ശ്രദ്ധ നേടിയ നോവൽ കൈകേയി ആയിരുന്നു. പുരാണ കഥാപാത്രം കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ച നോവൽ നിരൂപക പ്രശംസ നേടിയിരുന്നു. താപം, തണൽ, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ. നിരവധി ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതി. കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എൻ പ്രകാശിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ അനുശോചനം അറിയിച്ച് രംഗത്തെത്തി.



  • കോട്ടയം: ഫാ. ആൻഡ്രൂസ് ചിരവത്തറ കോർഎപ്പിസ്ക്കോപ്പ അന്തരിച്ചു. യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികനും മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സഹ വികാരിയുമായ ആൻഡ്രൂസ് ചിരവത്തറ കോർഎപ്പിസ്ക്കോപ്പ അന്തരിച്ചു. കുറച്ചു നാളായി വിശ്രമത്തിലായിരുന്നു. കോട്ടയം ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും


  • സോഫിയാ: ബള്‍ഗേറിയന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ നിയോഫിത് പാത്രിയര്‍ക്കീസ് (78) കാലം ചെയ്തു. ബുധനാഴ്ച രാത്രി തലസ്ഥാനമായ സോഫിയായിലെ മിലിട്ടറി മെഡിക്കല്‍ അക്കാദമിയിലായിരുന്നു അന്ത്യം. നവംബര്‍ മുതല്‍ അവിടെ ചികിത്സയിലായിരുന്നു.

    നിയോഫിത് എന്ന സിമയോണ്‍ നികോളോവ് ദിമത്രോവ് 1945 ഒക്ടോബര്‍ 15ന് ജനിച്ചു. 1975ല്‍ സന്യാസം സ്വീകരിച്ചു. 1985ല്‍ ബിഷപ്പും 1994ല്‍ മെത്രാപ്പോലീത്തായുമായി. മാക്സിം പാത്രിയര്‍ക്കീസ് കാലം ചെയ്തതിനെ തുടര്‍ന്ന് 2013 ഫെബ്രുവരി 24ന് പാത്രിയര്‍ക്കീസ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും അന്നു തന്നെ സ്ഥാനാരോഹണവും നടന്നു.

    പൂര്‍വ യൂറോപ്പിലെ ബാള്‍ക്കന്‍ മേഖലയിലാണ് ബള്‍ഗേറിയ. ബള്‍ഗേറിയന്‍ സഭ ബൈസന്‍റയിന്‍ ഓര്‍ത്തഡോക്സ് സഭാ കുടുംബത്തില്‍ പെടുന്നു. അൻപത് ലക്ഷത്തിലധികം വിശ്വാസികളുണ്ട്. രാജ്യത്തെ 60 % ജനങ്ങള്‍ സഭാംഗങ്ങളാണ്.


  • അതിരമ്പുഴ: കോട്ടയം പ്രസ്ക്ലബ് മുൻ പ്രസിഡൻറും കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻറും ആയിരുന്ന കെ.പി.ജോസഫ് കൊട്ടാരം (89) അന്തരിച്ചു. മലയാള മനോരമ മുൻ അസിസ്റ്റൻ്റ് എഡിറ്റർ ആണ്. മൃതദേഹം ബുധനാഴ്ച രാവിലെ 9ന് അതിരമ്പുഴ മറ്റം കവലയിലുള്ള വീട്ടിൽ കൊണ്ടുവരും. സംസ്കാരം ഉച്ച കഴിഞ്ഞ് മൂന്നിന് സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ.


    സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ 1963ൽ മാമ്മൻ മാപ്പിള സ്‌കോളർഷിപ്പ് നേടിയതാണ് മലയാള മനോരമയിൽ പ്രവേശിച്ചത്. ഏറെക്കാലം മനോരമ ബിസിനസ്സ് പേജിൻ്റെ ചുമതല വഹിച്ചു. ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്

    ഭാര്യ: പരേതയായ റോസമ്മ പൊൻകുന്നം താന്നിക്കപ്പാറ കുടുംബാംഗമാണ്. മക്കൾ: ജോഷി ജോസഫ് (കോർപ്പറേറ്റ് മാനേജർ , എംആർഎഫ് ചെന്നൈ), ഡോ. സോഫിയാമ്മ ജോസഫ് (ഫിസിയോളജി അസി. പ്രഫസർ, മെഡിക്കൽ കോളജ് കോട്ടയം), തോമസുകുട്ടി ജോസഫ്. മരുമക്കൾ: ലേഖ ജോഷി (ആർക്കിടെക്ട്, ചെന്നൈ), ഏറ്റുമാനൂർ രത്നഗിരി കരിങ്ങോട്ടിൽ ക്രിസ്റ്റിൻ.


  • വള്ളിക്കുന്ന്: യുക്തിവാദി പ്രസ്ഥാനത്തിന്‍റെ നേതാവ് യു കലാനാഥൻ അന്തരിച്ചു.84 വയസ്സായിരുന്നു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജിൽ ഉള്ളിശ്ശേരി തെയ്യൻ വൈദ്യരുടെയും യു കോച്ചി അമ്മയുടെയും മകനായി ജനിച്ച കലാനാഥൻ വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂൾ, ഫറോക്ക് ഗവ. ഗണപത് ഹൈസ്കൂൾ, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്‍ പ്രവർത്തകനായിരുന്നു. 1960 മുതൽ സിപിഐ, സിപിഐഎം പ്രസ്ഥാനങ്ങളോടൊപ്പം പ്രവർത്തിച്ചു.

    കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1979 മുതൽ 1984 വരെയും 1995 മുതൽ 2000 വരെയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2000 മുതൽ 2005 വരെ പഞ്ചായത്ത് അംഗവുമായിരുന്നു. ഗുരുവായൂരിൽ കൊടിമരം സ്വർണ്ണം പൂശുന്നതിനെതിരെ 1977-ൽ കേരള യുക്തിവാദി സംഘം നടത്തിയ സമരത്തിന് നേതൃത്വം നൽകി. സമരം കയ്യേറിയ ആർഎസ്എസുകാരുടെ മർദ്ദനം ഏൽക്കേണ്ടിവന്നിട്ടുണ്ട്.

    1981-ൽ ശബരിമലയിൽ മകരവിളക്ക് മനുഷ്യൻ കത്തിക്കുന്നതാണന്ന് തെളിയിക്കാനും 1989 ൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കോഴി ബലി അവസാനിപ്പിക്കുന്നതിനു വേണ്ടിയും നിയമനടപടികൾ സ്വീകരിക്കുകയും വിജയം കൈവരിക്കുകയും ചെയ്തു. ആത്മാവ് സങ്കൽപമോ യാഥാർത്ഥ്യമോ?, ജ്യോത്സ്യം ശാസ്ത്രമോ ശാസ്ത്രാഭാസമോ?, മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ഇസ്ലാം മതവും യുക്തിവാദവും, ജീവ പരിണാമം, മതനിരപേക്ഷതയും ഏക സിവിൽകോഡും എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്യാൻ എഴുതിവെച്ചതിനാൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്യും. എം കെ ശോഭനയാണ് ഭാര്യ. മകന്‍: ഷെമീര്‍



  • പത്തനംതിട്ട: 'ഒരു സർക്കാർ ഉത്പന്നം'  സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. 49 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. പത്തനംതിട്ടയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സിനിമ ഈ മാസം എട്ടിന് തീയറ്ററുകളിലെത്താനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. സക്കറിയയുടെ ഗര്‍ഭിണികള്‍, ബോംബെ മിഠായി എന്ന സിനിമകള്‍ക്കും നിസാം തിരക്കഥയൊരുക്കിയിട്ടുണ്ട്.

    സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു സര്‍ക്കാര്‍ ഉത്പന്നം. ഫണ്‍-ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്. സര്‍ക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നര്‍മ്മത്തില്‍ ചാലിച്ച ആഖ്യാനവുമാണ് സിനിമയുടെ ഇതിവൃത്തം.

    ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന പേരില്‍ ഒരുങ്ങിയ സിനിമയുടെ പേരില്‍ നിന്ന് ഭാരത എന്ന വാക്ക് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. പേര് മാറ്റാതെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭാരത എന്ന വാക്കിനു മുകളില്‍ കറുത്ത കടലാസ് ഒട്ടിച്ച് അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.


  • ചെന്നൈ: തമിഴ് നാടക, ചലച്ചിത്ര നടൻ അടഡേ മനോഹർ (68) അന്തരിച്ചു. ചെന്നൈയിൽ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ചെറുപ്പം മുതൽ നാടകങ്ങളിൽ അഭിനയിച്ച മനോഹർ 3500-ഓളം നാടകങ്ങളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

    35 ഓളം നാടകങ്ങൾ എഴുതി സംവിധാനവും ചെയ്തിട്ടുണ്ട്. നാടകങ്ങളിലെ ഹാസ്യവേഷങ്ങളിലൂടെയാണ് ഇദ്ദേഹം ഏറെയും ശ്രദ്ധിക്കപ്പെട്ടത്. റേഡിയോനാടകങ്ങളിലും സജീവമായിരുന്നു. 25 ൽ കൂടുതൽ സിനിമകളിൽ ഹാസ്യ സ്വഭാവമുള്ള വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.



  • തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റും രാജ്യസഭാംഗവുമായ എ എ റഹീമിന്‍റെ അമ്മ നബീസ ബീവി അന്തരിച്ചു.79 വയസ്സായിരുന്നു.

    വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വെമ്പായത്തെ വസതിയിലെ പൊതു ദര്‍ശനത്തിനുശേഷം വൈകുന്നേരം അഞ്ചരയോടെ വേളാവൂര്‍ ജുമ മസ്ജിദില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും


  • ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ (55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രീലങ്കയിലേക്ക് പോകാനിരിക്കെയാണ് അന്ത്യം. അടുത്തിടെയാണ് ശാന്തന് അമ്മയെ കാണാൻ ശ്രീലങ്കയിലേക്ക് പോകാൻ കേന്ദ്രം എക്സിറ്റ് പെർമിറ്റ് അനുവദിച്ചത്. 

    രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപ് വിട്ടയച്ച ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തൻ എന്ന സുതേന്ദിരരാജ. 2022 മെയ് മാസത്തിലാണ് സുപ്രിം കോടതി ശിക്ഷാ കാലയളവ് പൂർത്തിയാകും മുൻപ് രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ മോചിപ്പിച്ചത്. ജയിൽ മോചിതനായ ശേഷം ട്രിച്ചിയിലെ സ്പെഷ്യൽ ക്യാംപിലായിരുന്നു ശാന്തൻ കഴിഞ്ഞിരുന്നത്.


  • അതിരമ്പുഴ : പണ്ടാരക്കളം ജോഷി ജോസഫ് (77) അന്തരിച്ചു. സംസ്കാരം  വ്യാഴാഴ്ച രാവിലെ 10ന് അതിരമ്പുഴ സെന്റ് മേരീസ്‌ പള്ളി സെമിത്തേരിയിൽ. 



  • മുംബൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി(83) അന്തരിച്ചു. മായാ ദര്‍പണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും കുമാര്‍ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ചു.

    1940 ഡിസംബര്‍ ഏഴിന് ലര്‍ക്കാനയിലാണ് ജനനം. പിന്നീട് കുടുംബസമേതം മുംബൈയിലേയ്ക്ക് താമസം മാറ്റി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ സാഹ്നി പ്രശസ്ത സംവിധായകന്‍ ഋത്വിക് ഘട്ടക്കിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരില്‍ ഒരാളായിരുന്നു.

    1972-ല്‍ ഒരുക്കിയ മായാ ദര്‍പണ്‍ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. സംഗീതത്തെയും നൃത്തത്തേയും ആസ്പദമാക്കി ഒരുക്കിയ രണ്ടുചിത്രങ്ങളില്‍ ദൈനംദിന ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് അദ്ദേഹം പകര്‍ത്തിയത്. 1989-ല്‍ ഖായല്‍ ഗാഥയും 1991-ല്‍ ഭവനതരണയും സാഹ്നി ഒരുക്കി. 1997-ല്‍ രബീന്ദ്രനാഥ് ടാഗോറിന്റെ ഛാര്‍ അധ്യായ് എന്ന നോവലിനെ കുമാര്‍ സാഹ്നി ചലച്ചിത്രമാക്കി. ഒഡീസ്സി നര്‍ത്തകി നന്ദിനി ഘോഷാലായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. രാജ്യത്തിന് മികച്ച സമാന്തര ചിത്രങ്ങള്‍ സംഭാവന ചെയ്ത കുമാര്‍ സാഹ്നിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് എത്തുകയാണ് സിനിമ ലോകം.


  • മുംബൈ: മുതിർന്ന ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹർ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാജ്പേയ് സർക്കാരിൻ്റെ കാലത്ത് ലോക്സഭാ സ്പീക്കർ ആയിരുന്നു മനോഹർ ജോഷി.

    1937 ഡിസംബർ രണ്ടിന് മഹാരാഷ്ട്രയിലെ റയ്‌ഗാഡ് ജില്ലയിലായിരുന്നു മനോഹർ ജോഷിയുടെ ജനനം. അധ്യാപകനായിരുന്ന മനോഹർ ജോഷി 1967ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1995-99 കാലഘട്ടത്തിലായിരുന്നു മനോഹർ ജോഷി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ശിവസേന നേതാവ് കൂടിയായിരുന്നു മനോഹർ ജോഷി. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മനോഹർ ജോഷി 2002-04 കാലഘട്ടത്തിലാണ് സ്പീക്കർ സ്ഥാനം വഹിച്ചത്.



  • കോട്ടയം: കോടിമത ഡി എസ് സദനത്തിൽ പരേതനായ സി. എസ്. സഹദേവന്‍റെ മകൻ സി. എസ്. കൺസ്ട്രക്ഷൻസ് മാനേജിംഗ് ഡയറക്ടർ ജഗന്നാഥ പ്രസാദ് (രഘു -66) അന്തരിച്ചു. സംസ്കാരം ഇന്ന് 4 ന് ടിബി റോഡിലുള്ള വീട്ടുവളപ്പിൽ. ഭാര്യ : ജിജി. ജെ. പ്രസാദ്. മക്കൾ : വാണിദേവി (ബംഗളൂരു), പ്രേംസായി (ദുബായ്). മരുമകൻ: ശ്രീബന്ത് പാണ്ഡ (ബംഗളൂരു).


  • ന്യൂഡല്‍ഹി: മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ (95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.

    ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായനായ ഫാലി എസ് നരിമാന്‍റെ സംഭാവനകളെ മാനിച്ച് രാജ്യം പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി അദരിച്ചിട്ടുണ്ട്. 1999 മുതല്‍ 2005 വരെ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു ഇദ്ദേഹം.

    സുപ്രീം കോടതി മുന്‍ ജഡ്ജ് റോഹിങ്ടന്‍ നരിമാന്‍ മകനാണ്. 1950 നവംബറില്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1961-ല്‍ മുതിര്‍ന്ന അഭിഭാഷകനായി നിയമിതനായി.1972-1975 അഡീഷണൽ സോളിസിറ്റർ ജനറൽ ആയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പദവി രാജിവച്ചു. അഭിഭാഷകനായി 70 വര്‍ഷത്തിലേറെ കാലമാണ് പ്രാക്ടീസ് ചെയ്തത്.




  • മുംബൈ: പ്രശസ്ത ഹിന്ദി ടെലിവിഷൻ താരം ഋതുരാജ് സിങ് ( 59) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഋതുരാജ് സിങ്ങിന്റെ സുഹൃത്തും നടനുമായ അമിത് ബെലാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. പാൻക്രിയാറ്റിക് അസുഖത്തെ തുടർന്ന് അടുത്തിടെ നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

    'ബനേഗി അപ്‌നി ബാത്', 'ജ്യോതി', 'ഹിറ്റ്‌ലർ ദീദി', 'ശപത്', 'വാരിയർ ഹൈ', 'ആഹത്, അദാലത്ത്', 'ദിയ', 'ഔർ ബാത്തി ഹം', 'അനുപമ' തുടങ്ങിയ ജനപ്രിയ പരമ്പരകളിൽ ഋതുരാജ് ശ്രദ്ധേയ വേഷത്തിലെത്തിയിട്ടുണ്ട്. കൂടാതെ, 'ബദരീനാഥ് കി ദുൽഹനിയ' (2017), 'വാഷ്-പോസസ്ഡ് ബൈ ദി ഒബ്‌സസ്ഡ്', 'തുനിവ്' (2023) തുടങ്ങിയ സിനിമകളിലും ഋതുരാജ് വേഷമിട്ടു.

    2023-ൽ പുറത്തിറങ്ങിയ 'യാരിയൻ 2' ആയിരുന്നു അദ്ദേഹത്തിന്റെ അവസാനം ചിത്രം. വെബ് സീരീസുകളിലും നടൻ സജീവമായിരുന്നു. 'ദ ടെസ്റ്റ് കേസ്', 'ഹേ പ്രഭു', 'ക്രിമിനൽ', 'അഭയ്', 'ബന്ദിഷ് ബാൻഡിറ്റ്‌സ്', 'മെയ്ഡ് ഇൻ ഹെവൻ സീസൺ 2' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ വെബ് സീരീസുകൾ. സംസ്കാരം നാളെ മുംബൈയിൽ വെച്ച് നടക്കും.


  • രാജ്നന്ദഗാവ്: ഛത്തിസ്ഗഢിലെ സുപ്രസിദ്ധ ജൈന സന്യാസി ആചാര്യ വിദ്യാസാഗർ മഹാരാജ് അന്തരിച്ചു. ജൈന ആചാര പ്രകാരമുള്ള സല്ലേഖ്ന ആചരിച്ചിരുന്ന ആചാര്യൻ ഞായറാഴ്ച പുലർച്ചയോടെയാണ് അന്തരിച്ചത്. 

    ആത്മീയ ശുദ്ധീകരണത്തിനായി മരണം വരെ ജലപാനം പോലുമില്ലാതെ നിരാഹാരം അനുഷ്ഠിക്കുന്ന ആചാരമാണ് സല്ലേഖ്ന. കഴിഞ്ഞ മൂന്നു ദിവസമായി ദോങ്കരാഗഡിലെ ആശ്രമത്തിൽ ആചാര്യൻ സല്ലേഖ്നയിലായിരുന്നുവെന്ന് പുരോഹിതർ അറിയിച്ചു.

    ഛത്തിസ്ഗഡിൽ കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്രമത്തിലെത്തി ആചാര്യനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയതിന്‍റെ വാർത്തകളും ചിത്രങ്ങളും വലിയ തോതിൽ പ്രചരിക്കപ്പെട്ടിരുന്നു.



  • ന്യൂഡല്‍ഹി ആമീര്‍ ഖാന്‍ ചിത്രം ദംഗലില്‍ ബബിത ഫോഗട്ടിന്‍റെ ബാല്യകാലം അവതരിപ്പിച്ച നടി സുഹാനി ഭട്​നഗര്‍ അന്തരിച്ചു. മരണകാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. 19 വയസ് മാത്രമാണ് നടിയുടെ പ്രായം. നേരത്തെ വാഹനാപകടത്തിൽ കാലൊടിഞ്ഞ് ചികിത്സയിലായിരുന്നു താരം.ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയുന്നു.

    കുറച്ചുകാലമായി സുഹാനി അസുഖ ബാധിതയായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഫരീദാബാദിലെ അജ്​റോണ്ട ശ്​മശാനത്തില്‍ നടിയുടെ അന്ത്യകര്‍മങ്ങള്‍ നടക്കും.

    2016ൽ നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ പുറത്തുവന്ന ദംഗലിലൂടെയാണ് സുഹാനി ഭട്‌നാഗർ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ഗുസ്​തി താരങ്ങളായ ഫോഗട്ട് സഹോദരിമാരെയും അവരുടെ പിതാവ് മഹാവീർ ഫോഗട്ടിനെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ബാലെ ട്രൂപ്പ് എന്ന സിനിമയിലും ബബിത അഭിനയിച്ചിരുന്നു.



  • പന്തളം: പന്തളം രാജകുടുംബാംഗം കൈപ്പുഴ അംബിക വിലാസം കൊട്ടാരത്തിൽ മൂലം നാൾ പി. ജി.ശശികുമാർ വർമ്മ (72)  അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.37നായിരുന്നു അന്ത്യം. പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിലെ മീര വർമ്മയാണ് ഭാര്യ. മക്കൾ: സംഗീത വർമ്മ, അരവിന്ദ് വർമ്മ, മഹേന്ദ്രവർമ്മ, മരുമകൻ: നരേന്ദ്രവർമ്മ. അശൂലം മൂലം വലിയ കോയിക്കൽ ക്ഷേത്രം 11 ദിവസം അടച്ചിടും. 24 ന് ശുദ്ധക്രിയകൾക്ക് ശേഷം ക്ഷേത്രം തുറക്കും. സംസ്കാരം 14 ന് ഉച്ചക്ക് 3 മണിക്ക്. 

    തിരുവനന്തപുരത്ത് ഗവ.സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനായിരുന്നു. മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡൻ്റ് ആയിരുന്നു. കേരള ക്ഷത്രിയക്ഷേമ സംഘം പ്രസിഡൻ്റ്, പന്തളം കേരളവർമ്മ വായനശാല പ്രസിഡൻ്റ് എന്നീ നിലയിലും പ്രവർത്തിച്ചിരുന്നു. വിവിധ സാഹിത്യ സംസ്കരിക സംഘടനകളുടെ വിവിധ പദവികളിൽ പ്രവർത്തിച്ചിട്ടുള്ളതും നിലവിൽ കേരള ക്ഷേത്ര ആചാരസമിതി, തിരുവാഭരണ പാത സംരക്ഷണ സമിതി എന്നിവയുടെ അദ്ധ്യക്ഷനാണ്.





  • തിരുവനന്തപുരം: എസ്എൻസി ലാവലിൻ കേസിലെ പ്രതിയും റിട്ടയേഡ് കെഎസ്ഇബി ചീഫ് എൻജിനീയറുമായ കസ്തൂരിരങ്ക അയ്യർ അന്തരിച്ചു. 82 വയസ്സായിരുന്നു. കരമന നാഗമയ്യാ സ്ട്രീറ്റിലെ വസതിയിൽ വച്ചായിരുന്നു മരണം. 

    കേസിൽ അയ്യർ സമർപ്പിച്ച ഹർജി ഇപ്പോഴും തീർപ്പായിട്ടില്ല. കേസിൽ വിചാരണ നേരിടണമെന്ന് കോടതി വിധിച്ച മൂന്നു പേരിൽ ഒരാളായിരുന്നു അയ്യർ. എന്നാൽ 38 തവണയായി സുപ്രീം കോടതി കേസ് മാറ്റി വയ്ക്കുകയായിരുന്നു. 2017 ൽ വിചാരണ നേരിടണമെന്ന് വിധി പ്രഖ്യാപിച്ചപ്പോൾ എന്‍റെ വലിയ പിഴ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 

    ഭാര്യ: തങ്കം, മക്കൾ:ഡോ. പ്രീതി, ഡോ.മായ, മരുമക്കൾ: രാമസ്വാമി, ഡോ.പ്രശാന്ത്, ഡോ. രമേഷ്.


  • ന്യൂഡൽഹി: പ്രശസ്ത ചിത്രകാരൻ എ.രാമചന്ദ്രൻ (89) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. 2005 ൽ രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചിരുന്നു. 2001 ൽ ലളിതകലാ അക്കാദമിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

    തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ 1935 ലാണ് ജനനം. 1957 ൽ കേരള സർവ്വകലാശാലയിൽ മലയാളത്തിൽ ബിരുദമെടുത്തു. 1961 ൽ പശ്ചിമ ബംഗാളിലെ വിശ്വഭാരതിയിൽ നിന്ന് ഫൈൻ ആർട്സിൽ ഡിപ്ലോമ‍യെടുത്തു. 1965 ൽ ഡൽഹിയിലെ ജാമിഇ മില്ലിയ്യയിൽ ചിത്രകലാ അധ്യാപകനായി ചേർന്നു. സർവ്വകലാശാലയിൽ ചിത്രകലാ വിഭാഗം മേധാവിയായും പ്രവർത്തിച്ചു. യയാതി, ഉർവശി, ന്യൂക്ലിയർ രാഗിണി തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിൽ ചിലത്.



  • കോട്ടയം കേരള നടനത്തിൻ്റെ തനതു ശൈലി ആയിരങ്ങൾക്ക് പകർന്ന് നൽകിയ നർത്തകി ഭവാനി ചെല്ലപ്പൻ അന്തരിച്ചു. 98 വയസായിരുന്നു. സംസ്കാരം ഞായറാഴ്ച.

    ഭവാനിയുടെ എട്ടു പതിറ്റാണ്ടു നീണ്ട കലാസപര്യ ഗുരു ഗോപിനാഥിന്റെ ശിക്ഷണത്തിലാണ് ആരംഭിച്ചത്. കോട്ടയത്തെ 'ഭാരതീയ നൃത്തകലാലയം' എന്ന നൃത്തവിദ്യാലയത്തിന്റെ ഡയറക്ടറാണ്. 

    മലയാളികൾക്ക് നൃത്തത്തിന്റെ സൗന്ദര്യം എത്രത്തോളമെന്ന് കാണിച്ചു നൽകിയ പ്രതിഭയാണ്. തൊള്ളൂറുകളുടെ നിറവിലും കോട്ടയം തിരുനക്കരയിലെ വീടിനോടു ചേർന്നുള്ള നൃത്തവിദ്യാലയത്തിൽ പുത്തൻ തലമുറയിലേക്ക് കലയെ തന്മയത്വത്തോടെ എത്തിക്കുകയായിരുന്നു

    തിരുവിതാംകൂർ മഹാരാജാവ് നിന്നടക്കം നിരവധി പുരസ്കാരങ്ങൾ ഭവാനി ചെല്ലപ്പനെ തേടി എത്തിയിട്ടുണ്ട്.


  • തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എസ്. പ്രേമചന്ദ്ര കുറുപ്പ് ഐ എ എസ് (റിട്ട) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു. 

    മുൻ ടൂറിസം ഡയറക്ടറായിരുന്നു. ലേബർ കമ്മീഷണർ, കേപ് ഡയറക്ടർ പദവികൾ വഹിച്ചിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.


  • ഏറ്റുമാനൂര്‍: ശക്തിനഗര്‍ ആര്യഭവനില്‍ ഡോ.എ.പി.സരസമ്മ (85) അന്തരിച്ചു. ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ സ്ഥാപക ഭാരവാഹിയായിരുന്നു. ഭര്‍ത്താവ്: പരേതനായ ദേവസ്വം റിട്ട ഡപ്യൂട്ടി കമ്മീഷണര്‍ കെ.ആര്‍.സുകുമാരന്‍. തിരുവനന്തപുരം ആയുര്‍വേദകോളേജിലെ ആദ്യകാല ബാച്ചിലുള്ള ഡോക്ടറാണ് പരേത. മക്കള്‍: ശിവപ്രസാദ്, ഹരിപ്രസാദ് (മുന്‍ ഫിനാന്‍സ് ഓഫീസര്‍, പാരിസ് ഗാലറി, ദുബായ്), അഞ്ജന ജയകുമാര്‍, മരുമക്കള്‍: ചൈത്ര (കൃഷ്ണശ്രീ, കായംകുളം), ജയകുമാര്‍, റിട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ (നാലുകണ്ടത്തില്‍, കരിപ്പാടം, തലയോലപ്പറമ്പ്). സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പില്‍.



  • അങ്കമാലി: കവിയും എഴുത്തുകാരനും നിരൂപകനുമായ എന്‍കെ ദേശം അന്തരിച്ചു.87 വയസായിരുന്നു.കൊടങ്ങല്ലൂരിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ അങ്കമാലി കോതൻകുളങ്ങരയിലുള്ള മകളുടെ വീട്ടിൽ വച്ച് നടക്കും.

    കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.'അന്തിമലരി' ആണ് എന്‍കെ യുടെ ആദ്യ സമാഹാരം. കന്യാഹൃദയം, അപ്പൂപ്പന്‍താടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അന്‍പത്തിയൊന്നക്ഷരാളി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നർമരസവും കാലദേശാവബോധവും എന്‍കെ ദേശത്തിന്റെ കവിതയുടെ സവിശേഷതകളാണ്. ടാഗോറിന്റെ ഗീതാഞ്ജലിക്ക് എൻ.കെ. ദേശം നടത്തിയ വിവർത്തനം ശ്രദ്ധേയമാണ്.

    1936 ഒക്ടോബര്‍ 31ന് ആലുവയിലെ ദേശത്താണ് ജനനം. ദേശം കൊങ്ങിണിപ്പറമ്പില്‍ പരേതരായ നാരായണ പിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ് എന്‍കെ ദേശം എന്ന എന്‍ കുട്ടിക്കൃഷ്ണ പിള്ള. ലീലാവതിയമ്മയാണ് ഭാര്യ.മക്കൾ :കെ ബിജു, കെ ബാലു, അപര്‍ണ കെ പിള്ള.


  • തൃശൂർ : ചിറയ്ക്കാകോട് ആനന്ദ നഗറിൽ കണ്ടുണ്ണിയുടെ മകൻ കനകാംബുജൻ (61) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്‌ച  ചിറയ്ക്കാകോട് നിദ്രാലയത്തിൽ. ഭാര്യ: മിനി, മക്കൾ: നിഖിൽ, നിവേദ്യ, മരുമക്കൾ: മോഹിത്, ശ്വേത.



  • കൊച്ചി: ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു. 54 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ തൃപ്പൂണിത്തുറയിൽ നടക്കും.

    എന്‍റെ മെഴുതിരിയത്താഴങ്ങൾ, കൃഷ്ണൻകുട്ടി പണി തുടങ്ങി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു.



  • തിരുവല്ല: പ്രശസ്ത കഥകളി മേള ആചാര്യൻ ആയാംകുടി കുട്ടപ്പൻ മാരാർ അന്തരിച്ചു. 93 വയസ്സായിരുന്നു. തിരുവല്ലയിലെ മതിൽഭാഗം മുറിയായിക്കൽ വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി വിശ്രമ ജീവിതത്തിലായിരുന്നു കുട്ടപ്പൻ മാരാർ. 

    ഗുരു ചെങ്ങന്നൂർ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം, കേരള സർക്കാരിന്റെ പല്ലാവൂർ അപ്പു മാരാർ സ്മാരക പുരസ്‌കാരം തുടങ്ങി കേരളത്തിന്‌ അകത്തും പുറത്തും നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. നീണ്ട എട്ട് പതിറ്റാണ്ട് ആയി കഥകളി മേള ലോകത്തെ അതികായനായിരുന്നു ആയാംകുടി കുട്ടപ്പൻ മാരാർ. 1931ലെ മീന മാസത്തിലെ തിരുവോണത്തിലാണ് ജനനം. കുഞ്ഞൻ മാരാർ നാരായണി ദമ്പതികളുടെ പുത്രനാണ് കുട്ടപ്പൻ മാരാർ. സംസ്കാരം പിന്നീട്.



  • തൃശൂർ: കുട്ടനെല്ലൂർ കാക്കനാട്ട് രാമൻ നായരുടെയും പരേതയായ അമ്മുക്കുട്ടിയമ്മയുടെയും മകൾ കെ. കമലം (70) അന്തരിച്ചു. സഹോദരങ്ങൾ: കെ രാഘവൻ, കെ സരസ്വതി, കെ ഉണ്ണികൃഷ്ണൻ, കെ വേണു ഗോപാലൻ, കെ ഗോപാലകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച്ച ഒരു മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. 


  • കണ്ണൂര്‍: യുവ വൈദികൻ ഫാദർ സിറിൽ തോമസ് കുറ്റിക്കൽ (37) അന്തരിച്ചു. കപ്പൂച്ചിൻ സഭയുടെ കണ്ണൂർ പാവനാത്മ പ്രൊവിൻസിലെ വൈദികനായിരുന്നു. നിലമ്പൂർ മണിമൂളി സ്വദേശിയാണ്.

    2015 നവംബർ 14ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. ബംഗ്ലാദേശിലും കുവൈത്തിലും ഉത്തരേന്ത്യയിലും മിഷണറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

    മൃതദേഹം ഇന്ന് ഉച്ചവരെ കോഴിക്കോട് കുണ്ടായിത്തോട് സെന്‍റ് ആൻ്റണീസ് ആശ്രമ ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ശേഷം കപ്പുച്ചിൻ സഭയുടെ കണ്ണൂർ ഇരിട്ടി പട്ടാരത്തുള്ള വിമലഗിരി ആശ്രമത്തിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മണിക്ക് സംസ്കാര ശുശ്രൂഷകൾ നടത്തും.

    മണിമൂളി കുറ്റിക്കൽ തോമസിന്‍റെയും മോഹിനിയുടെയും മകനാണ്. സഹോദരൻ അഗസ്റ്റിൻ തോമസ്.


  • കൊച്ചി: എഴുത്തുകാരി കെ ബി ശ്രീദേവി (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയിലെ മകന്‍റെ വീട്ടിലായിരുന്നു താമസം. കഥ, നോവൽ, പഠനം, ബാലസാഹിത്യം, നാടകം തുടങ്ങി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. സമഗ്ര സംഭാവനകൾക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, കുങ്കുമം അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ്, വി.ടി. അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു.

    മൂന്നാം തലമുറ, യജ്ഞം, ചാണക്കല്ല്, മുഖത്തോട് മുഖം, തിരിയുഴിച്ചില്‍, ദാശരഥം, അഗ്നിഹോത്രം, ബോധിസത്വന്‍ തുടങ്ങിയവ നോവലുകളാണ്. കുട്ടിത്തിരുമേനി, കൃഷ്ണാവതാരം, പടുമുള തുടങ്ങിയ ചെറുകഥകളും കുറൂരമ്മ (നാടകം), പിന്നെയും പാടുന്ന കിളി (ബാലസാഹിത്യം), നിറമാല (തിരക്കഥ) തുടങ്ങിയവ ശ്രീദേവിയുടെ കൃതികളാണ്. 13-ാം വയസിലായിരുന്നു ആദ്യ കഥയെഴുതുന്നത്. കെ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടാണ് ഭര്‍ത്താവ്. 3 മക്കളുണ്ട്.



  • തൃശ്ശൂർ: സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെ ചെന്നൈയിലാണ് അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ അദ്ദേഹം ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

    1975ൽ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 70ഓളം മലയാളചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കി. വിവിധ സംഗീത സംവിധായകർക്കായി 500ലധികം ചിത്രങ്ങളിൽ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.

    തെന്നിന്ത്യൻ സിനിമയിൽ ആദ്യമായി കീബോര്‍ഡ് അവതരിപ്പിച്ചതും കെ ജെ ജോയ് ആണ്. മലയാള ചലച്ചിത്ര​ഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന വിശേഷണവും അദ്ദേഹത്തിന് സ്വന്തം.

    അരനൂറ്റാണ്ടോളം നീണ്ടുനിന്ന സംഗീത യാത്രയായിരുന്നു കെ ജെ ജോയുടേത്. 'കസ്തൂരി മാൻമിഴി', 'അക്കരെ ഇക്കരെ' തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനാണ്. 1994-ൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'ദാദ' ആണ് സംഗീതമൊരുക്കിയ അവസാനചിത്രം.


  • കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. 84 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്തഫ ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 8 മണിക്ക് മാറമ്പള്ളി ജമാ അത്ത് കബർസ്ഥാനിലാണ് കബറടക്കം. 

    കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. യൂത്ത് കോൺഗ്രസ് വഴിയാണ് മുസ്തഫ രാഷ്ട്രീയ രംഗത്തേക്കെത്തിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് , ബ്ലോക്ക് പ്രസിഡന്‍റ് , ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 14 വർഷം എറണാകുളം ഡിസിസി പ്രസിഡന്‍റായിരുന്നു.

    1977ൽ ആലുവയിൽ നിന്ന് ടി.എച്ച്. മുസ്തഫ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1982, 1987,1991,2001 എന്നീ വർഷങ്ങളിൽ കുന്നത്തുനാട് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991-95 മന്ത്രി സഭയിൽ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയായി.