25 April, 2025 04:42:38 PM
ലഹരിക്കെതിരെ പൊരുതാനുറച്ച് ലഹരിവിരുദ്ധസംഗമം

കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ലഹരിക്കെതിരായ മുന്നേറ്റത്തിനാഹ്വാനം ചെയ്ത് ലഹരിവിരുദ്ധസംഗമം . എക്സൈസ് വകുപ്പ് സംഘടിപ്പിച്ച 'ലഹരിക്കെതിരെ ഒരുമിച്ച്' എന്ന സംവാദസദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബെഞ്ചമിൻ ജോർജ്, ലഹരി വിമോചന കേന്ദ്രത്തിന്റെ മുൻ മെഡിക്കൽ ഓഫീസർ ഡോ. കെ. കെ. ശ്രീജിത്ത് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ ജില്ലാ ജോയിന്റ് കൺവീനറുമായ വി. രാജേഷ്, ട്രാഡാ അഡ്മിനിസ്ട്രേറ്റർ കോശി മാത്യു, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൽ.മായ, വാഴൂർ ഐ.സി.ഡി.എസ്. സൈക്കോ-സോഷ്യൽ കൗൺസിലർ ബി.മീര, ജില്ലാ വിമുക്തി മാനേജർ എസ്. സഞ്ജീവ് കുമാർ എന്നിവർ പങ്കെടുത്ത പാനൽ ചർച്ചയിൽ പ്രിവൻറ്റീവ് ഓഫീസർ എ.എസ്. ദീപേഷ് മോഡറേറ്ററായി.
ലഹരിക്കെതിരെയുള്ള ബോധവൽക്കരണം ബാല്യം മുതൽക്കേ തുടങ്ങണമെന്നും പ്രായത്തിനനുസരിച്ച് ഭേദഗതി വരുത്തേണ്ടത് ആവശ്യമാണെന്നും ഡോ. ബെഞ്ചമിൻ ജോർജ്ജ് അഭിപ്രായപ്പെട്ടു. ഇതോടൊപ്പം സ്‌കൂൾതലത്തിൽ ലഹരിക്കെതിരേ പോരാടാൻ അധ്യാപകർ സജ്ജരാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമം നടപ്പാക്കലും ബോധവൽക്കരണവുമാണ് ലഹരിക്കെതിരെയുള്ള ഉത്തമമായ ആയുധമെന്നും നിയമം നടപ്പാക്കലിന്റെ ആദ്യ പാഠം വീടുകളിൽ തുടങ്ങണം എന്നും വി. രാജേഷ് പറഞ്ഞു. എന്തൊക്കെ കാര്യങ്ങൾ നമുക്ക് സുഖം പകരുന്നോ അതൊക്ക ആവർത്തിച്ച് ചെയ്യുവാൻ മനുഷ്യൻ ആഗ്രഹിക്കുന്നു എന്ന പ്രപഞ്ചസത്യത്തെ ആസ്പദമാക്കിയാണ് ഇന്ന് ലഹരി എന്ന മഹാ വിപത്ത് സമൂഹത്തിൽ പടർന്നു കയറുന്നതെന്ന് ഡോ. കെ. കെ. ശ്രീജിത്ത് വ്യക്തമാക്കി.
നല്ല ലഹരിയിലേക്കുള്ള യാത്ര ചെറുപ്പം മുതൽ തുടങ്ങണം. ബാല്യം മുതൽ ചെറുതും വലുതുമായ മത്സരങ്ങളിൽ പങ്കെടുക്കുകയും അതിന് പ്രോത്സാഹനം കൊടുക്കുകയും ചെയ്യേണ്ടത് ഇന്ന് ഏറ്റവും അനിവാര്യമാണ് എന്ന് എൽ. മായ അഭിപ്രായപ്പെട്ടു. മദ്യപാനം പോലുള്ള വിപത്തിനെതിരെയുള്ള പോരാട്ടം തുടങ്ങേണ്ടത് കുടുംബത്തിൽ നിന്നാണെന്ന് കോശി മാത്യു പറഞ്ഞു.
സംവാദത്തിന്റെ ഭാഗമായി ലഹരി വിമുക്ത പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച ഡോ. ബെഞ്ചമിൻ ജോർജ്, ഡോ.കെ.കെ. ശ്രീജിത്ത് എന്നിവരെ ആദരിച്ചു. ഇതോടൊപ്പം മണർകാട് സെന്റ് മേരിസ് ചർച്ച് സൺഡേ സ്കൂൾ അവതരിപ്പിച്ച ലഹരി വിരുദ്ധ മൂകാഭിനയം ഇന്ന് സമൂഹത്തിൽ യുവ തലമുറയെ കാർന്നു തിന്നുന്ന ലഹരിയുടെ അപകടം വ്യക്തതയോടെ അവതരിപ്പിച്ചു. പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
വിമുക്തി ജില്ലാ മെന്റർ ബെന്നി സെബാസ്റ്റ്യൻ, കെ.എസ്. ഇ.എസ്.എ. ജില്ലാ പ്രസിഡന്റ് പി. ജെ. സുനിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.