27 February, 2025 08:55:32 AM
വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തുരുത്തിക്കാട് ഭാഗത്ത് അപ്പക്കോട്ടമുറിയിൽ വീട്ടിൽ പ്രീതി മാത്യു (51), ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം ചിനിക്കടുപ്പിൽ വീട്ടിൽ സഞ്ജയ് സി.റ്റി (47) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രീതി മാത്യു നടത്തിയിരുന്ന Can Assure Consultancy എന്ന സ്ഥാപനം മുഖേന തലപ്പുലം സ്വദേശിയായ മധ്യവയസ്കയുടെ മകൾക്ക് UK യിൽ Care Giver ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 8,60,000 (എട്ടു ലക്ഷത്തി ആറുപതിനായിരം) രൂപ പലതവണയായി വാങ്ങിയെടുക്കുകയായിരുന്നു. ഇതിനുശേഷം കൊടുത്ത പണം തിരികെ നല്‍കാതെയും , മകൾക്ക് ജോലി ലഭിക്കാതിരുന്നതിനെയും തുടര്‍ന്ന് പോലീസിൽ പരാതി നല്‍കുകയായിരുന്നു.
പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രീതി മാത്യുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ കേസിൽ ഇവരെ കൂടാതെ മാറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലാണ് ഇപ്പോൾ സസ്പെൻഷനിലുള്ള പോലീസ് ഇൻസ്പെക്ടറായ സഞ്ജയ് കൂടി ഈ കേസിൽ ഉൾപ്പെട്ടതായി പോലീസ് കണ്ടെത്തുന്നത്. പ്രീതി മാത്യുവിന്റെ അക്കൗണ്ടിൽ നിന്നും ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായും, കൂടാതെ ഇയാൾ പരാതിക്കാരിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഇയാളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രീതി മാത്യുവിന് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ഒമ്പത് കേസുകളും, ജില്ലയിലെ മറ്റു പല സ്റ്റേഷനുകളിലുമായി അഞ്ചു കേസുകളും ഉൾപ്പെടെ 14 കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഈ കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസ് പറഞ്ഞു.