03 December, 2024 06:13:31 PM


കളര്‍കോട് അപകടം: മരിച്ച ദേവാനന്ദൻ്റെ സംസ്കാരം നാളെ മറ്റക്കരയിൽ



കോട്ടയം: ആലപ്പുഴ കളര്‍കോട്  അപകടത്തിൽ മരിച്ച എംബിബിഎസ് വിദ്യാർത്ഥി ദേവാനന്ദൻ്റെ (19) സംസ്കാരം നാളെ കോട്ടയത്ത്  മറ്റക്കരയിൽ. മൃതദേഹം മറ്റക്കരയിലെ പിതാവിൻ്റെ വീട്ടിൽ എത്തിച്ചു. മലപ്പുറം കോട്ടയ്ക്കലിൽ ജോലി സംബന്ധമായി താമസിക്കുന്ന ബിനുരാജ്, രഞ്ജിമോൾ ദമ്പതികളുടെ ഇളയ മകനാണ് ദേവാനന്ദ്. ദേവാനന്ദിൻ്റെ സംസ്കാരം നാളെ രണ്ട് മണിക്ക് മറ്റക്കരയിലെ കുടുംബ വീട്ടിൽ നടക്കും. വണ്ടാനം മെഡിക്കൽ കോളേജിലെ പൊതുദർശനത്തിനു ശേഷം ഇന്ന് 3 മണിയോടെയാണ് മൃതദേഹം മറ്റക്കരയിൽ എത്തിച്ചത്.

മലപ്പുറം കോട്ടക്കൽ എം എ എം യു പി സ്കൂൾ അധ്യാപകനാണ് പിതാവ് ബിനു രാജ്. മലപ്പുറത്ത് വാണിജ്യ നികുതി വകുപ്പിൽ ഉദ്യോഗസ്ഥയാണ് അമ്മ രഞ്ജിമോൾ. സഹോദരൻ ദേവദത്ത് പോണ്ടിച്ചേരിയിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ്. ബിനുരാജിൻ്റെ മാതാപിതാക്കളായ നാരായണപിള്ള തങ്കമ്മയും, ബിനുരാജിൻ്റെ സഹോദരനും, കുടുംബവുമാണ് മറ്റക്കര പൂവക്കുളത്തെ കുടുംബവീട്ടിൽ താമസിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K