09 November, 2023 01:21:04 PM


ജമ്മുകശ്മീരില്‍ പാക് റേഞ്ചേഴ്‌സിന്‍റെ വെടിവെയ്പ്: ബി എസ് എഫ് ജവാന് വീരമൃത്യു



ശ്രീനഗര്‍: ജമ്മുകശ്മീരിലെ സാംബ ജില്ലയിൽ പാക് റേഞ്ചേഴ്‌സ് നടത്തിയ വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് ഔട്ട് പോസ്റ്റുകള്‍ ലക്ഷ്യമാക്കിയായിരുന്നു വെടിവയ്പ്. വെടിവയ്പില്‍ പരുക്കേറ്റ ജവാനെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജമ്മു അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ 24 ദിവസത്തിനിടെ നടത്തുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഇത്. ഇന്നലെ രാത്രി മുതല്‍ രാംഗഡിലെ വിവിധ സ്ഥലങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണങ്ങള്‍ നടന്നതായി ബിഎസ്എഫ് അറിയിച്ചു. രാത്രി 12 മണിയോടെയാണ് വെടിവയ്പ് ആരംഭിച്ചത്. വെടിവയ്പ് മണിക്കൂറുകള്‍ നീണ്ടതായും പിന്നീട് ഷെല്ലാക്രമണത്തിലേക്ക് നീങ്ങിയതായും ബിഎസ്എഫ് അറിയിച്ചു.

അതേസമയം, കാശ്മീരിൽ ഇന്ന് പുലർച്ചെ സുരക്ഷാ സേനയുടെ നേതൃത്വത്തിലുണ്ടായ ആക്രമണത്തിനിടെ ഒരു ഭീകരനെ വധിച്ചു. കശ്മിരിൽ കഴിഞ്ഞ കുറച്ചുനാളുകളായി നിരവധി തവണയാണ് ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടൽ നടത്തുന്നത്. വെടിവെപ്പ് ഉണ്ടായ പ്രദേശത്ത് നിന്ന് തോക്കുകളും മറ്റു ആയുധങ്ങളും കണ്ടെത്തി. ‌



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K