24 October, 2023 10:46:51 AM
തിരുവണ്ണാമലയിൽ കാറും ബസും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു; 14 പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്‍ണഗിരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഏഴുപേർ മരിച്ചു. തിരുവണ്ണാമലൈ ജില്ലയിലെ ചെങ്ങം ടൗണിന് സമീപം തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപറേഷന്‍റെ ബസിലേക്ക് എസ് യു വി വാഹനം ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 9.20ഓടെയാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ ആസാം സ്വദേശികളാണ്.
കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആർ കുഞ്ചറായി (24), എസ് നാരായൺ സേഥി (35), സി ഭിൻമൽ തീര്‍ത്ഥ് (28), ബി ദല്ലു (26), വി നിക്കോളസ് (22) എന്നിവരാണ് കൊല്ലപ്പെട്ട ആസാം സ്വദേശികൾ. കൃഷ്ണഗിരി ജില്ലയിലെ മരംപട്ടി ദേൻകണികോട്ടൈ സ്വദേശികളായ എസ് പുനീത് കുമാർ (23), ജി കാമരാജ് (29) എന്നിവരും അപകടത്തിൽ മരിച്ചു.
പുനീത് ആയിരുന്നു വാഹനമോടിച്ചിരുന്നതെന്നും മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിൽ എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എസ് യു വി വാഹനത്തിലുണ്ടായിരുന്ന നാലുപേരെ പരിക്കുകളോടെ തിരുവണ്ണാമലൈ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരും പരിക്കേറ്റവരും ഹൊസൂർ ടൗണിലെ ഫാക്ടറി തൊഴിലാളികളാണ്. പുതുച്ചേരി സന്ദർശിച്ച ശേഷം മടങ്ങവെയാണ് അപകടം.