21 October, 2023 10:34:13 AM
ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയകരം; ക്രൂമൊഡ്യൂള്‍ റോക്കറ്റില്‍ നിന്ന് വേര്‍പെട്ടു
ശ്രീഹരിക്കോട്ട: സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഗഗന്‍യാന്‍ ദൗത്യത്തിന്‍റെ പരീക്ഷണ വിക്ഷേപണം ഐഎസ്ആര്‍ഒ വിജയകരമായി പൂർത്തിയാക്കി. നേരത്തെ നിശ്ചയിച്ച വിക്ഷേപണ സമയത്തിന് 5 സെക്കന്‍ഡ് മുൻപ് സാങ്കേതിക തകരാർ കണ്ടെത്തിയതോടെ നിര്‍ത്തിവെച്ച പരീക്ഷണം 10 മണിയോടെയാണ് പുനരാരംഭിച്ചത്.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്‍റെ ഭാഗമായുള്ള വെഹിക്കിൾ അബോർട്ട് മിഷനാണ് വിജയകരമായി പരീക്ഷിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ സഞ്ചാരികളെ രക്ഷിക്കാനുള്ള സംവിധാനത്തിന്‍റെ കാര്യക്ഷമത പരീക്ഷിക്കാനുള്ള ടെസ്റ്റ് വെഹിക്കിൾ ലോഞ്ചാണ് ഇന്ന് നടന്നത്.
മുൻ നിശ്ചയിച്ച പ്രകാരം 17 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂൾ വേർപെട്ട് താഴേക്കിറങ്ങി. തുടർന്ന് പാരച്യൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോ മീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ വീണു. 8 മണിക്ക് നിശ്ചയിച്ചിരുന്ന വിക്ഷേപണം കാലാവസ്ഥ അടക്കമുള്ള പ്രശ്നങ്ങളെത്തുടർന്ന് 8.45നാണ് നടത്താനിരുന്നത്.
എന്നാല്‍ അവസാന അഞ്ച് സെക്കന്റില്‍ വിക്ഷേപണം നിര്‍ത്തലാക്കപ്പെട്ടു. ഓട്ടോമാറ്റിക് ലോഞ്ച് സീക്വന്‍സിന്‍റെ ഭാഗമായുള്ള കംപ്യൂട്ടര്‍ സംവിധാനമാണ് സെക്കന്റുകള്‍ ബാക്കി നില്‍ക്കെ വിക്ഷേപണം നിര്‍ത്തിവെച്ചത്. പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിക്ഷേപണം ഒഴിവാക്കുന്നതിനുള്ള സംവിധാനമാണിത്.