19 October, 2023 09:44:34 AM


മധ്യപ്രദേശില്‍ കറുത്ത കുതിരകളാകാൻ എഎപി: 39 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളായി



ഭോപ്പാൽ: രണ്ട് പട്ടികകളിലായി 39 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനത്തിലാണ് പാര്‍ട്ടി പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. ബിജെപിയെ എതിരിടുന്ന കോണ്‍ഗ്രസിന് കനത്ത വെല്ലുവിളിയാണ് ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം.

മുൻപ് 2018 ലെ നിയമഭ തെരഞ്ഞടുപ്പില്‍ നോട്ടക്കും താഴെയായിരുന്നു മധ്യപ്രദേശിലെ ആംആദ്മി പാര്‍ട്ടിയുടെ വോട്ട് ശതമാനം. 208 ഇടത്ത് മത്സരിച്ചെങ്കിലും ആകെ പോള്‍ ചെയ്തതില്‍ ദശാംശം 74 ശതമാനം മാത്രം വോട്ട്. എന്നാല്‍ ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തി തെരഞ്ഞെടുപ്പിലെ കറുത്ത കുതിരകളാകുമെന്നതാണ് ആംആദ്മി പാര്‍ട്ടിയുടെ അവകാശ വാദം. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തെര‍ഞ്ഞെടുപ്പില്‍ സിഗ്രോളി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാൻ എഎപിക്ക് സാധിച്ചിരുന്നു. ഇതാണ് പാര്‍ട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയര്‍പ്പിക്കാൻ കാരണം. ഇന്ത്യ സഖ്യ രൂപീകരണ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ എന്തെങ്കിലും നീക്കു പോക്കുകള്‍ കോണ്‍ഗ്രസുമായി എഎപിയും സമാജ്‍വാദി പാര്‍ട്ടിയും നടുത്തുമെന്നായിരുന്നു സൂചന. എന്നാല്‍ അത് സാധ്യമായില്ല. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത മത്സരമുണ്ടായാല്‍ തൂക്ക് മന്ത്രിസഭക്ക് സാധ്യതയുണ്ടെന്നും എഎപിയായിരിക്കും ഭരണം തീരുമാനിക്കുകയെന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം.

കൂടുതല്‍ സ്വാധീനമുള്ള മണ്ഡലങ്ങളെ പട്ടിക തിരിച്ചാണ് പ്രവര്‍ത്തകര്‍ക്കുള്ള പ്രചാരണം തീരുമാനിച്ചിരിക്കുന്നത്. ദില്ലി, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ വിജയം കണ്ട മാതൃകകളാണ് മധ്യപ്രദേശിലും പാര്‍ട്ടി പരീക്ഷിക്കുന്നത്. നല്‍കുന്ന വാഗ്ധാനങ്ങളിലും ദില്ലി മാതൃകയാണ് പാര്‍ട്ടി പിന്തുടരുന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പ്രചാരണത്തിന് നേതൃത്വം ഏറ്റെടുക്കുമ്ബോള്‍, 'എ' സ്റ്റാര്‍ മണ്ഡലങ്ങളിലെങ്കിലും വിജയം ഉണ്ടാകുമെന്ന് പ്രദേശിക നേതാക്കള്‍ പറയുന്നു. എന്നാല്‍ എഎപി സ്വാധീനം വര്‍ധിപ്പിക്കാൻ നോക്കുന്നത് മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിന് ചിലയിടങ്ങളിലെങ്കിലും കാരണമാകുമെയന്നതാണ് കോണ്‍ഗ്രസ് ആശങ്കപ്പെടുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K