18 October, 2023 04:37:09 PM
സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്: 5 പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷ പിന്നീട്
ന്യൂഡല്‍ഹി: ഇന്ത്യാ ടുഡേ ഗ്രൂപ്പ് മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസിൽ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് ഡല്‍ഹി സാകേത് കോടതി. സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷത്തിന് ശേഷമാണ് വിധി. ശിക്ഷ പിന്നീട് പ്രസ്താവിക്കും. രവി കപൂർ, അമിത് ശുക്ല, ബൽജീത് മാലിക്, അജയ് സേത്തി, അജയ്കുമാർ എന്നിവരാണ് കേസിലെ പ്രതികൾ.
2008 സെപ്റ്റംബർ 30 നാണ് രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഡൽഹിയിൽ ഇന്ത്യാടുഡേ ഗ്രൂപ്പിന്‍റെ 'ഹെഡ്ലൈൻസ് ടുഡേ' ചാനലിൽ മാധ്യമ പ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ വസന്ത്കുഞ്ചിന് സമീപം കാറിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് മാധ്യമപ്രവർത്തക മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, മൃതദേഹ പരിശോധനയിൽ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി. ഓടുന്ന കാറിൽനിന്നാണ് യുവതിക്ക് നേരേ പ്രതികൾ വെടിയുതിർത്തതെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. കവർച്ചയായിരുന്നു അക്രമികളുടെ ലക്ഷ്യം.