17 October, 2023 02:03:39 PM


സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല; ഹർജികൾ സുപ്രീംകോടതി തള്ളി



ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. ഭൂരിപക്ഷ വിധി പ്രകാരം ഹർജികൾ തള്ളി. പ്രത്യേക വിവാഹ നിയമം നിയമവിരുദ്ധമല്ലെന്നും നിയമം റദ്ദാക്കേണ്ടതില്ലെന്നും ഭൂരിപക്ഷ വിധി. 

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷതയിൽ ജസ്റ്റിസ്മാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചെങ്കിലും മറ്റു മൂന്നു പേർ വിയോജിച്ചതോടെ ഭൂരിപക്ഷവിധി പ്രകാരം ഹർജികൾ തള്ളി.

ജസ്റ്റിസ് ഹിമ കോഹ്ലി ഒഴികെയുള്ള മറ്റു മൂന്നു പേരും പ്രത്യേകം വിധിപ്രസ്താവം നടത്തിയിരുന്നു. 1954ലെ സ്പെഷ്യൻ മാര്യേജ് ആക്റ്റ്, 1955ലെ ഹിന്ദു മാര്യേജ് ആക്റ്റ്, 1969ലെ ഫോറിൻ മാര്യേജ് ആക്റ്റ് എന്നിവയിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തു കൊണ്ട് സ്വവർഗ പങ്കാളികൾ, ട്രാൻസ്ജൻഡർ വ്യക്തികൾ തുടങ്ങിയവർ സമർപ്പിച്ച് ഇരുപതോളം ഹർജികളാണ് ബെഞ്ച് തീർപ്പാക്കിയത്.

സ്വവർഗ ലൈംഗികത വിഡ്ഢിത്തമോ നഗരവരേണ്യ സങ്കൽപ്പമോ അല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. എന്നാൽ പ്രത്യേക വിവാഹ നിയമത്തിൽ പാർലമെന്‍റിന് തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.. ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നവർക്ക് വൈറ്റ് കോളർ ജോലി ചെയ്യുന്നവർക്കോ മാത്രം അവകാശപ്പെടാനാവുന്നതല്ല സ്വവർഗ ബന്ധം. ഗ്രാമത്തിൽ കാർഷിക ജോലി ചെയ്യുന്ന ഒരു സ്ത്രീയ്ക്കും സ്വവർഗ ബന്ധം അവകാശപ്പെടാനാകണം. സ്വവർഗരതി വിഡ്ഡിത്തമോ നഗരവരേണ്യമോ അല്ല. സ്വകാര്യത ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്.  

സ്വവർഗ വിവാഹം നിയമപരമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിൽ വിധി പറയവേ പ്രത്യേക വിവാഹ നിയമത്തിലെ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തെ മാത്രം അംഗീകരിക്കുന്ന സെക്ഷൻ 4 കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസിന്‍റെ വിധിയോട് വിയോജിച്ച് ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്. വ്യക്തിയുടെ അവകാശത്തിനുമപ്പുറത്തേക്ക് വിവാഹം എന്നത് ഒരു സാമൂഹിക കാര്യമാണ്. വിവാഹം ആചാരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ വ്യക്തി നിയമങ്ങൾ ഉണ്ട്. ക്വീർ വ്യക്തികൾക്ക് പങ്കാളികളെ തിരഞ്ഞെടുക്കാം. എന്നാൽ അതിനുള്ള നിയമപരമായ അവകാശം നൽകാൻ ഭരണകൂടത്തിന് സാധിക്കില്ല. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസിനോട് വിയോജിക്കുന്നുവെന്നും ജസ്റ്റിസ് ഭട്ട്.

ക്വീർ ദമ്പതികൾ അടക്കമുള്ള അവിവാഹിതരായ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാൻ സാധിക്കും. ലൈംഗിക വ്യക്തിത്വവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി ക്വീർ വ്യക്തികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കരുത്. ചീഫ് ജസ്റ്റിസിനോട് അനുകൂലിച്ച് ജസ്റ്റിസ് എസ്.കെ. കൗൾ. സ്വവർഗ വിവാഹം ലൈംഗികതയ്ക്കു വേണ്ടി മാത്രമുള്ളതല്ല വൈകാരികമായ നിറവിനു വേണ്ടിയുള്ളതാണെന്ന് ജസ്റ്റിസ് കൗൾ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K