11 October, 2023 01:11:58 PM
ഒഡീശ ട്രെയിൻ ദുരന്തം: 28 അജ്ഞാത മൃതദേഹങ്ങൾ സംസ്കരിച്ചു
ഭുവനേശ്വർ: ഒഡീശ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ട അവകാശികളില്ലാത്ത 28 പേരുടെ മൃതദേഹങ്ങൾ ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ സംസ്കരിച്ചു. ബന്ധുക്കളോ സുഹൃത്തുക്കളോ അവകാശമുന്നയിക്കാത്ത 28 പേരുടെ മൃതദേഹങ്ങളാണ് ഇന്ന് സംസ്കരിച്ചത്.
കഴിഞ്ഞ നാലു മാസമായി മൃതദേഹങ്ങൾ ഭുവനേശ്വർ എയിംസിലെ കണ്ടെയ്നറുകളിൽ ശീതീകരിച്ചു സൂക്ഷിച്ചിരിക്കുകയായിരുന്നു. ഭാരത്പുർ ശ്മശാനത്തിൽ ദഹിപ്പിച്ച മൃതദേഹങ്ങളുടെ അസ്ഥികൾ ശേഖരിച്ച് ജലാശയങ്ങളിൽ ഒഴുക്കും.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും മനുഷ്യാവകാശ കമ്മിഷന്‍റെയും നിർദേശങ്ങൾ അനുസരിച്ചാണ് മൃതദേഹങ്ങൾ സംസ്കരിച്ചതെന്ന് ബിഎംസി അധികൃതർ വ്യക്തമാക്കി. മൃതദേഹങ്ങൾ കൈമാറുന്നതു മുതൽ ദഹിപ്പിക്കുന്നതു വരെയുള്ള നടപടികൾ പൂർണമായും റെക്കോഡ് ചെയ്തിട്ടുണ്ട്.
അന്വേഷണത്തിന്‍റെ ഭാഗമായി മരണപ്പെട്ടവരുടെ ഡിഎൻഎ സൂക്ഷിച്ചിട്ടുണ്ട്. ഭാവിയിൽ അവകാശികൾ എത്തിയാൽ തിരിച്ചറിയാൻ ഇതു സഹായിക്കും. ജൂൺ 2ന് ബാലസോറിൽ ഉണ്ടായ ഇരട്ട ട്രെയിൻ അപകടത്തിൽ 297 പേരാണ് കൊല്ലപ്പെട്ടത്.