07 October, 2023 01:22:56 PM
തുരങ്കമുണ്ടാക്കി ഐഒസിയുടെ പൈപ്പില്‍നിന്ന് എണ്ണചോര്‍ത്തല്‍; ഡല്‍ഹി സ്വദേശി പിടിയില്‍
ന്യൂഡല്‍ഹി: തുരങ്കമുണ്ടാക്കി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പൈപ്പ് ലൈനില്‍ നിന്ന് ഇന്ധനെമടുക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്ത് പോലീസ്. പൈപ്പ് ലൈനിന് മുകളില്‍ തുരങ്കം നിര്‍മിച്ച പ്രതി ഒരു മെഷീന്‍ ഉപയോഗിച്ചാണ് ഇന്ധനമെടുത്തിരുന്നത്. ഡല്‍ഹിയിലെ ദ്വാരകയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 4നാണ് ഐഒസിഎല്‍ അധികൃതര്‍ ഇന്ധനമോഷണം നടക്കുന്നുവെന്ന പരാതിയുമായി എത്തിയത്. സെപ്റ്റംബര്‍ 29ന് നടത്തിയ പരിശോധനയില്‍ ഡല്‍ഹി-പാനിപ്പത്ത് സെക്ഷനിലെ പൈപ്പ് ലൈനില്‍ നിന്ന് ഇന്ധനം മോഷണം പോകുന്നതായി കമ്പനി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇക്കാര്യം പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പോച്ച്‌നാപൂര്‍ ഗ്രാമത്തിനടുത്തുള്ള പ്രദേശങ്ങളിലാണ് ഇന്ധന മോഷണം നടക്കുന്നതെന്നും കമ്പനി അധികൃതര്‍ പോലീസിനോട് പറഞ്ഞു.
ഈ പ്രദേശം സന്ദര്‍ശിച്ചപ്പോഴാണ് ഇന്ധന മോഷണം സംബന്ധിച്ച തെളിവുകള്‍ പോലീസിന് ലഭിച്ചത്. പൈപ്പ് ലൈന്‍ തുരന്ന് രണ്ട് പ്ലാസ്റ്റിക് പൈപ്പുകള്‍ ഉപയോഗിച്ച് ഇന്ധനം മോഷ്ടിക്കപ്പെടുന്നതായി പോലീസ് കണ്ടെത്തി. ഈ പൈപ്പുകള്‍ 40 മീറ്റര്‍ അകലെയുള്ള ഒരു പ്രദേശത്തേക്കാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അന്വേഷണത്തില്‍ ഈ സ്ഥലം രാകേഷ് എന്ന 52 കാരന്‍റേതാണെന്ന് പോലീസ് കണ്ടെത്തി.
തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാകേഷിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്.