06 October, 2023 12:37:23 PM


എഫ്ഐആർ റദ്ദാക്കണം: ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ന്യൂസ് ക്ലിക്ക്



ന്യൂഡല്‍ഹി: ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിലെ എഫ്ഐആ‍ർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കേസുമായി ബന്ധപ്പെട്ട് വീണ്ടും ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ പേര്‍ക്ക് ഡല്‍ഹി പൊലീസ് നോട്ടീസ് നല്‍കി. 

ഇന്ത്യ വിരുദ്ധ നീക്കത്തിന് 115 കോടി രൂപയുടെ ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന ഇഡിയുടെ ആക്ഷേപം അതേ പടി പകര്‍ത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയുടെയും, എച്ച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയുടെയും ആവശ്യം. കപില്‍ സിബല്‍ മുഖേന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച ന്യൂസ് ക്ലിക്കിന്‍റെ ഹര്‍ജി ഉടന്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശര്‍മ്മയുടെ  ബെഞ്ച് വ്യക്തമാക്കി. 

ആരോപണങ്ങള്‍ ഉന്നയിച്ചതല്ലാതെ ഇഡിയുടെ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. പ്രബിര്‍ പുര്‍കായസ്തയെ ചോദ്യം ചെയ്യാന്‍ പോലും വിളിപ്പിച്ചിട്ടില്ല. അതേ ആരോപണങ്ങള്‍ ഏറ്റുപിടിച്ച് തയ്യാറാക്കിയ എഫ്ഐആറും, അറസ്റ്റും നിയമവിരുദ്ധമാണെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു .എഫ് ഐആറിന്‍റെ പകര്‍പ്പ് നല്‍കാന്‍ പൊലീസ് വിസമ്മതിച്ചതും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. 

ഇതിനിടെ കേസില്‍ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ പൊലീസ് തുടങ്ങി. ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവര്‍ത്തകരും മറ്റ് ജീവനക്കാരുമടക്കം 5 പേര്‍ക്ക് കൂടി നോട്ടീസ് നല്‍കി. ഇന്നലെ 10 പേരെ ആറ് മണിക്കൂറോളം നേരം ചോദ്യം ചെയ്തിരുന്നു. ന്യൂസ് ക്ലിക്കിന് കിട്ടിയ ചൈനീസ് ഫണ്ടില്‍ നിന്ന് നാല്‍പത് ലക്ഷത്തോളം രൂപ കൈപ്പറ്റിയെന്ന ഇഡിയുടെ ആരോപണത്തില്‍ ടീസ്ത സെതല്‍വാദിനെയും വീണ്ടും ചോദ്യം ചെയ്യുമെന്നറിയുന്നു. 

ഡല്‍ഹി കലാപം, ഇന്ത്യ- ചൈന സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളിലെ ന്യൂസ് ക്ലിക്കിന്‍റെ നിലപാടിന് തീവ്രവാദ ഛായ നല്‍കുന്ന ഡല്‍ഹി പൊലീസ് കേന്ദ്രസര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ നീക്കങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷപവും ഉയര്‍ത്തുന്നുണ്ട്. 






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K