04 October, 2023 12:28:15 PM


കറണ്ട് പോയപ്പോള്‍ ഇരുമ്പ് തോട്ടി ഉപയോഗിച്ച് ലൈനില്‍ തട്ടി: അമ്മയും മക്കളും ഷോക്കേറ്റ് മരിച്ചു



കന്യാകുമാരി: ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. കന്യാകുമാരി ആറ്റൂർ സ്വദേശി ചിത്ര(45) മക്കളായ ആതിര(24), അശ്വിൻ(21) എന്നിവരാണ് മരിച്ചത്. വീട്ടിൽ വൈദ്യുതി നഷ്ടമായതിനെ തുടർന്ന് അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയപ്പോഴായാണ് ഷോക്കേറ്റത്.

തിരുവട്ടാറിന് സമീപം ആറ്റൂർ, സിത്തൻ വിളയിൽ ആണ് ദാരുണ സംഭവം. മഴയത്ത് കറണ്ട് പോയതോടെ അശ്വിനാണ് ഇരുമ്പ് തോട്ടിയുമെടുത്ത് ലൈനിൽ തട്ടി ശരിയാക്കാൻ ശ്രമിച്ചത്. സഹോദരി ആതിരയും കൂടെയുണ്ടായിരുന്നു. അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയതോടെ ഷോക്കേൽക്കുകയായിരുന്നു.

ഇത് കണ്ടു നിന്ന സഹോദരി, അശ്വിനെ രക്ഷിക്കാനായി ഇരുമ്പ് തോട്ടി തട്ടി മാറ്റാൻ ശ്രമിച്ചു. അശ്വിന് പിന്നാലെ ആതിരയും ഷോക്കേറ്റ് തറയിൽ വീണു. ഓടിവന്ന അമ്മ ചിത്ര ഇരുവരെയും രക്ഷിക്കാൻ നോക്കിയപ്പോളാണ് ഷോക്കേറ്റത്.

മൃതദേഹങ്ങൾ കുഴിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആതിര 8 മാസം ഗർഭിണിയാണ്. തിരുവട്ടാർ പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K