04 October, 2023 10:58:06 AM
ന്യൂസ് ക്ലിക് സ്ഥാപകൻ പ്രബീർ പുരകായസ്ത റിമാൻഡിൽ
ന്യൂഡൽഹി: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക് സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുരകായസ്തയെ 7 ദിവസത്തെ റിമാൻഡിൽ വിട്ടു. ന്യൂസ് ക്ലിക്കിന്‍റെ എച്ച്ആർ ബെഡ് അമിത് ചക്രവർത്തിയെയും റിമാൻഡിൽ വിട്ടിട്ടുണ്ട്. ചൈനീസ് മാധ്യമശൃംഖലയുമായി ബന്ധമുള്ള ശതകോടീശ്വരനിൽ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന് ആരോപിച്ചാണ് ന്യൂസ് ക്ലിക് എഡിറ്ററെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്നലെ ന്യൂസ് ക്ലിക്കുമായി ബന്ധമുള്ള 30 ഇടങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. നിരവധി മാധ്യമപ്രവർത്തകരെയും ചോദ്യം ചെയ്തു. ഇതിനു ശേഷമാണ് പ്രബീറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡൽഹിയിലെ ന്യൂസ് ക്ലിക്കിന്‍റെ ഓഫിസും പൊലീസ് അടച്ചു പൂട്ടി. ഊർമിളേഷ്, ഓനിന്തോ ചക്രവർത്തി, അഭിസാർ ശർമ, പരൻജോയ് ഗുഹ താകൂർത്ത എന്നീ മാധ്യമപ്രവർത്തകരെയും ചരിത്രകാരനായ സുഹൈൽ ഹാഷ്മിയെയും പൊലീസ് ആറു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ന്യൂസ് ക്ലിക്കിന് ചൈനീസ് മാധ്യമശൃംഖലയുമായി അടുത്ത ബന്ധമുള്ള യുഎസ് ശതകോടീശ്വരനുമായി ബന്ധമുണ്ടെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.