29 September, 2023 04:03:02 PM


ഉത്തരം നൽകാത്ത കുട്ടിയെ ഇതര മതത്തിൽപ്പെട്ട സഹപാഠിയെ കൊണ്ട് തല്ലിച്ച് അധ്യാപിക



മുസാഫർനഗർ: ഉത്തര്‍പ്രദേശില്‍ വീണ്ടും മതവികാരം വ്രണപ്പെടുത്തി അധ്യാപിക സഹപാഠിയെകൊണ്ട് വിദ്യാർഥിയെ തല്ലിച്ചതായി പരാതി. ഹിന്ദു വിദ്യാർഥിയെ മുസ്ലീം വിദ്യാര്‍ത്ഥിയെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പ് നടന്ന സമാന സംഭവത്തില്‍ വന്‍പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ചോദ്യത്തിന് ഉത്തരം നല്‍കാത്തതിന് ശിക്ഷയായി ഹിന്ദു സഹപാഠിയെ തല്ലാന്‍ മുസ്ലീം വിദ്യാർഥിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഹിന്ദുവായ വിദ്യാർഥി വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങൾ കാണിക്കുകയും വീട്ടിൽ ഒതുങ്ങി കഴിയുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

പിതാവ് ചോദിച്ചതിനെത്തുടർന്ന് 11 വയസ്സുള്ള ആൺകുട്ടി തനിക്ക് നേരിട്ട ദുരനുഭവം മുഴുവൻ വിവരിക്കുകയായിരുന്നു. ഇതോടെ അധ്യാപികയ്ക്കെതിരെ സെപ്റ്റംബർ 27 ന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അന്വേഷണത്തെത്തുടർന്ന്, സെപ്തംബർ 28 ന് പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയും സ്കൂൾ അധികൃതർ അവരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

മതവികാരം വ്രണപ്പെടുത്തി എന്നതുള്‍പ്പടെ മര്‍ദനമേറ്റ കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ദുഗാവാര്‍ ഗ്രാമത്തിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപിക ഷൈസ്തയെയാണ് അസ്‌മോലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഐപിസി 153 എ (മതസ്പര്‍ദ്ധ വളര്‍ത്തല്‍) 323 (സ്വമേധയാ മുറിവേല്‍പ്പിക്കുക) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ മാസം മുസാഫര്‍നഗറിലെ ഖുബ്ബാപൂര്‍ ഗ്രാമത്തില്‍ നടന്ന സമാനമായ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തൃപ്ത ത്യാഗി എന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപിക ഗൃഹപാഠം ചെയ്തില്ലെന്ന് ആരോപിച്ച് ഹിന്ദു സഹപാഠികളെ കൊണ്ട് ഒരു മുസ്ലീം ആണ്‍കുട്ടിയെ അടിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ യു പി സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K