29 September, 2023 01:59:10 PM
മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടി; ലോക്കറില്‍ സൂക്ഷിച്ച 18 ലക്ഷം ചിതലരിച്ചു
മൊറാദാബാദ്: മകളുടെ വിവാഹാവശ്യത്തിനായി മാതാവ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ ചിതലരിച്ചു നഷ്ടപ്പെട്ടു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ ഒരു പൊതുമേഖലാ ബാങ്കിലാണ് സംഭവം.
കെവൈസി പുതുക്കണമെന്ന് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് ലോക്കർ ഉടമസ്ഥയായ അല്‍ക്ക പഥക് ബാങ്കിലെത്തുകയും, തുടർന്ന് ലോക്കര്‍ തുറന്നു നോക്കിയപ്പോഴാണ് അമ്പരിപ്പിക്കുന്ന വിവരം തിരിച്ചറിഞ്ഞത്. ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ ചിതലരിച്ച് പൊടിയായി മാറിയെന്നറിഞ്ഞ് ബാങ്ക് അധികൃതരും ഞെട്ടി.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് അല്‍ക്ക 18 ലക്ഷം രൂപയുടെ ആഷിയാന ശാഖയിലെ ലോക്കറില്‍ വച്ചത്. വിവരം ബാങ്ക് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.ബാങ്കില്‍ നിന്ന് അനുകൂലമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് അൽക്കയുടെ തീരുമാനം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടുവന്ന ഏറ്റവും പുതിയ നിയമങ്ങൾ അനുസരിച്ച് ലോക്കറില്‍ സ്വര്‍ണാഭരണങ്ങളും രേഖകളും സൂക്ഷിക്കാവുന്നതാണെന്നും എന്നാൽ പണം സൂക്ഷിക്കാന്‍ പാടില്ല എന്ന നിയമമിറക്കിയിരുന്നു എന്ന വിവരവും പുറത്ത് വരുന്നുണ്ട്..