29 September, 2023 12:50:51 PM
കർണാടക ബന്ദിൽ വൻ പ്രതിഷേധം; സ്കൂളുകൾ അടച്ചു, 44 വിമാനങ്ങൾ റദ്ദാക്കി
ബംഗ്ലൂരു: കാവേരി തർക്കവുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന കർണാടക ബന്ദിൽ വൻ പ്രതിഷേധം. സംസ്ഥാനത്തിന്‍റെ തെക്കൻ മേഖലയെയാണ് ബന്ദ് കാര്യമായി ബാധിച്ചത്. മാണ്ഡ്യ, ബംഗ്ലൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും അടച്ചു. ബന്ദുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിൽ 50 ഓളം പേരെ പൊലീസ് അറസ്റ്റു ചെയ്തു.
ബംഗ്ലൂരു രാജ്യാന്തര വിമാനത്താവളത്തിൽ 44 വിമാനങ്ങൾ റദ്ദാക്കി. ബംഗ്ലൂരുവിലെ വിമാനത്താവളത്തിൽനിന്ന് ടേക് ഓഫ് ചെയ്യേണ്ട 22 വിമാനങ്ങളും ലാൻഡ് ചെയ്യേണ്ട 22 വിമാനങ്ങളുമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നും വിവരം യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നതായും വിമാനത്താവള അധികൃതർ അറിയിച്ചു.
ചിക്മാംഗളൂരുവിൽ പ്രതിഷേധക്കാർ ബൈക്കുകളിൽ പെട്രോൾ പമ്പുകളിൽ എത്തി പ്രതിഷേധിക്കുകയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ കോളം കത്തിക്കുകയും ചെയ്തു. ഇന്ന് രാവിലെ 6 മുതൽ വെകിട്ട് 6 വരെയാണ് പ്രതിഷേധം കണക്കിലെടുത്ത് ബംഗ്ലൂരു നഗരത്തിൽ ഇന്നലെ അർധരാത്രി മുതൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആയിരത്തിലധികം സംഘടനകളാണ് ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.