11 September, 2023 03:59:27 PM
ട്രാക്ടറിന്‍റെ സീറ്റ് കവർ കീറി; മഹാരാഷ്ട്രയില്‍ തെരുവ് നായയെ ക്രൂരമായി തൂക്കിക്കൊന്നു
മഹാരാഷ്ട്ര: ട്രാക്ടറിന്‍റെ സീറ്റ് കവർ കീറിയ തെരുവുനായയെ മഹാരാഷ്ട്ര സ്വദേശി അതിക്രൂരമായി തൂക്കിക്കൊന്നു. മഹാരാഷ്ട്രയിലെ പരോളയിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴുത്തിൽ കയർ കെട്ടി വാഹനത്തിൽ തൂക്കിയിട്ടാണ് നായയെ ഇയാൾ കൊന്നത്. നാട്ടുകാരാണ് വീഡിയോ ചിത്രീകരിച്ചത്. ആദ്യം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ പിന്നാലെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുമെത്തി.
ഇൻസ്റ്റഗ്രാമിലാണ് സംഭവത്തിന്‍റെ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. അതിക്രൂരവും ഭയപ്പെടുത്തുന്നതുമായ ഈ പ്രവൃത്തിയെക്കുറിച്ചുള്ള ആശങ്കകളും വീഡിയോക്കു താഴെ പങ്കുവെച്ചിരുന്നു. "നായയുടെ ജീവന് സീറ്റിനേക്കാൾ വില കുറവായിരുന്നോ?" എന്നും വീഡിയോക്കു താഴെ ഇവർ ചോദിച്ചു. സംഭവത്തെക്കുറിച്ച് ഒരാൾ ആശങ്ക പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കേൾക്കാം. പട്ടിയെ തൂക്കിക്കൊന്ന മനുഷ്യൻ വലിയ തെറ്റാണ് ചെയ്തത് എന്നും അയാൾക്കു നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറയുന്നതും കേൾക്കാം.
സംഭവം ഇതിനകം തന്നെ സൈബർ ലോകത്ത് ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ രാജ്യത്ത് അരങ്ങേറുന്നതിനെക്കുറിച്ചുള്ള ആശങ്കകളും പലരും പങ്കുവെയ്ക്കുന്നുണ്ട്. 'മൃഗങ്ങളെ ദ്രോഹിക്കുന്ന മനുഷ്യരെ നമ്മൾ ശിക്ഷിക്കുന്നുണ്ടോ? എല്ലാ ജീവജാലങ്ങളെയും തുല്യരായി നമുക്ക് കാണാൻ കഴിയുമോ" , എന്നാണ് ഒരാൾ വീഡിയോക്കു താഴെ കുറിച്ചത്. "ആ വ്യക്തിക്ക് ഇപ്പോഴും നാണമില്ല. ചെയ്ത തെറ്റ് എന്താണെന്ന് പോലും അയാൾക്ക് മനസിലാകുന്നില്ല", എന്ന് മറ്റൊരാൾ കുറിച്ചു.