10 May, 2023 09:33:36 PM
തിരഞ്ഞടുപ്പ് നിരീക്ഷകനായി 35-ാം തവണ: റെക്കോർഡിട്ട് രാജു നാരായണ സ്വാമി
ബംഗളുരു : 35-ാം തവണയും തിരഞ്ഞടുപ്പ് നിരീക്ഷകനായി റെക്കോർഡ് ഇട്ടിരിക്കുകയാണ് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. രാജു നാരായണ സ്വാമി. രാജ്യത്തെ ഏറ്റവും വലിയ മണ്ഡലങ്ങളിലൊന്നായ കർണാടകയിലെ ബാംഗ്ലൂർ സൗത്തിലാണ് അദ്ദേഹം ഇത്തവണ തിരഞ്ഞടുപ്പ് നിരീക്ഷകനായി എത്തുന്നത്. ഏകദേശം 7 ലക്ഷം വോട്ടർമാരാണ് ഇവിടെയുള്ളത്. കർണാടകയിൽ ഇത് മൂന്നാം തവണയാണ് സ്വാമി എത്തുന്നത്. സിവിൽ സർവിസ് പരീക്ഷ ഒന്നാം റാങ്കോടെ പാസായ ഇദ്ദേഹം കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. മദ്രാസ് ഐ.ഐ.ടിയിലെ റാങ്ക് ഹോൾഡറായ രാജു, 16 ബിരുദാനന്തര ബിരുദ പരീക്ഷകളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
1991 ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവിൽ പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. അഞ്ചു ജില്ലകളിൽ കലക്ടറായും കോളജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എം.ഡി, കാർഷികോല്പാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭരണത്തോടുള്ള നൂതനവും ക്രിയാത്മകവുമായ സമീപനത്തിന് പേരുകേട്ട അദ്ദേഹം മൂന്നാറിലെ അനധികൃത റിസോർട്ടുകൾ പൊളിക്കുന്നതിന് നേതൃത്വം നൽകിയ ഇടുക്കി ജില്ലാ കളക്ടറെന്ന നിലയിൽ പ്രശസ്തനാണ്.
2018 ലെ സിംബാബ്വേ തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകനായിരുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെ മത്സരിച്ച കുടാൽ പോലുള്ള ഹൈ പ്രൊഫൈൽ മണ്ഡലങ്ങളിലും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. അഴിമതിക്കെതിരായ പോരാട്ടം മുൻനിർത്തി 2018ൽ ഐ.ഐ.ടി കാൺപൂർ അദ്ദേഹത്തിന് സത്യേന്ദ്ര ദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു. 29 പുസ്തകങ്ങളുടെ രചയിതാവായ സ്വാമിക്ക് 2003 ൽ "ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ" എന്ന യാത്രാവിവരണ ഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.
കൂടാതെ അഭിമാനകരമായ ഹോമി ഭാഭ ഫെല്ലോഷിപ്പും (സൈബർ നിയമത്തിൽ) നേടി. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പു നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് അവകാശ നിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്സിറ്റി നൽകുന്ന അംഗീകാരമായ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് ഇക്കഴിഞ്ഞ ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്