06 May, 2023 01:42:25 PM


വരുന്നു 'മോച്ച' ചുഴലിക്കാറ്റ്; ഒഡീഷയിലെ 18 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത



ഭുവനേശ്വർ: മോച്ച ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലെ 18 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മോച്ച ചുഴലിക്കാറ്റ് മെയ് 7 ന് പശ്ചിമ ബംഗാളിലും ഒഡീഷയിലും ആഞ്ഞടിച്ചേക്കുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

മെയ് 8 ന് ന്യൂനമർദം ശക്തി പ്രാപിക്കുകയും പിന്നീട് അതിശക്ത ന്യൂനമർദമായി രൂപപ്പെടുകയും മധ്യ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുകയും മെയ് 9 ന് ചുഴലിക്കാറ്റായി മാറുകയും ചെയ്യുമെന്ന് കാലവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. ഒഡീഷയിലെ ബാലസോർ, ഭദ്രക്, ജാജ്പൂർ, കേന്ദ്രപദ, കട്ടക്ക്, പുരി എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ള മഞ്ഞ അലർട്ട് പുറപ്പെടുവിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജരായിരിക്കാൻ ജില്ലാ കളക്ടർമാരോട് ഒഡീഷ സർക്കാർ ആവശ്യപ്പെട്ടു. 18 തീരദേശ, സമീപ ജില്ലകളിലെ കളക്ടർമാരോട് ഏത് സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ ഒഡീഷ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷിക്കാനും ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായി അഭയം പ്രാപിക്കാനും നഗരപ്രദേശങ്ങളിലെ ട്രാഫിക് ഉപദേശങ്ങൾ പാലിക്കാനും ആളുകളോട് ആവശ്യപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K