03 May, 2023 05:07:24 PM


വിവാദ പരാമർശത്തിനൊടുവിൽ സമര പന്തലില്‍ പി.ടി.ഉഷ; വാഹനം തടഞ്ഞ് പ്രതിഷേധം



ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റും ബിജെപി നേതാവുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ സമരം നടത്തുന്ന താരങ്ങൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തിനു ശേഷം സമര പന്തലിൽ ആദ്യമായി എത്തി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പിടി ഉഷ. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചാണ് ഗുസ്തി താരങ്ങളുടെ സമരം.

പി.ടി.ഉഷ സമര സ്ഥലത്ത് എത്തിയപ്പോൾ പ്രതിഷേധം ഉണ്ടായി. സമരത്തോട് അനുഭാവം പ്രകടിപ്പിച്ചെത്തിയ വിമുക്ത ഭടനാണ് ഉഷയുടെ വാഹനം തടഞ്ഞത്. ഗുസ്തി താരങ്ങളുടെ സമരത്തിനെതിരെ ഉഷ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ എത്തി മാറ്റുകയായിരുന്നു.

ബ്രിജ് ഭൂഷണിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ രാജ്യത്തിന്‍റെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കിയെന്ന പിടി ഉഷയുടെ പരാമർശം വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇ‌ടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റിന്‍റെ സന്ദർശനം. ഡല്‍ഹി ജന്തര്‍ മന്ദിറില്‍ 11 ദിവസമായി ഗുസ്തി താരങ്ങള്‍ സമരത്തിലാണ്.

ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ് രംഗ് പുനിയ തുടങ്ങിയ താരങ്ങളുമായി പി ടി ഉഷ സംസാരിച്ചു. സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കൊപ്പമാണെന്നും തങ്ങൾക്ക് നീതി ലഭിക്കുമെന്നും പിടി ഉഷ ഉറപ്പ് നൽകിയതായി ബജ് രംഗ് പുനിയ പറഞ്ഞു.

മറ്റെന്തിനേക്കാളും ഉപരി താൻ ഒരു കായിക താരമാണെന്നാണ് പിടി ഉഷ പറഞ്ഞത്. ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിശോധിച്ച് എത്രയും വേഗം പരിഹരിക്കുമെന്ന് പിടി ഉഷ ഉറപ്പ് നൽകിയിട്ടുണ്ട്. ബ്രിജ് ഭൂഷണെ സ്ഥാനത്തു നിന്ന് നീക്കുന്നതു വരെ സമരം തുടരുമെന്നും പുനിയ വ്യക്തമാക്കി.

 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K