02 May, 2023 04:01:43 PM
എൻസിപി അധ്യക്ഷ പദവി ഒഴിഞ്ഞ് ശരദ് പവാർ
മുംബൈ: എൻസിപി അധ്യക്ഷ പദവി ഒഴിഞ്ഞ് ശരദ് പവാർ. 1999 ൽ എൻസിപി രൂപീകരിച്ച നാൾ മുതൽ ശരദ് പവാർ അധ്യക്ഷനായി തുടർന്നുവരുകയായിരുന്നു. എന്നാല്‍ ആത്മകഥയുടെ പ്രകാശനവേളയിലാണ് പവാറിന്‍റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. 'രാഷ്ട്രീയ ആത്മകഥ' എന്നാണ് ആത്മകഥയുടെ പേര്.
പാർട്ടിയെ മുന്നോട്ടു നയിക്കാനും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനും ഒരു കമ്മിറ്റിയെ നിയോഗിച്ചതായും ശരദ് പവാർ അറിയിച്ചു. എൻസിപിയിലെ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേൽ, അജിത് പവാർ, ജയന്ത് പാട്ടീൽ തുടങ്ങിയവർ കമ്മിറ്റിയിൽ അംഗങ്ങളാണ്.
അതേസമയം രാജ്യസഭാ എംപി കാലാവധി അവസാനിക്കാൻ മൂന്ന് വർഷം കൂടി ബാക്കിയിരിക്കേയാണ് പവാറിന്‍റെ പിന്മാറ്റം. അവസാനിക്കേണ്ടത് എപ്പോഴാണെന്ന് തനിക്കറിയാമെന്ന് പറഞ്ഞുകൊണ്ടാണ് 82 കാരനായ പവാർ അധ്യക്ഷ സ്ഥാനം ഒഴിയുന്ന കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ 55 വർഷമായി രാഷ്ട്രീയ-സാമൂഹിക രംഗത്ത് സജീവമായിരുന്ന പവാർ തുടർന്നും തന്‍റെ പ്രവർത്തനം തുടരുമെന്നും അറിയിച്ചു.
.