29 April, 2023 11:32:03 AM


'ഞാന്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ മോദിയുടെ 15 ലക്ഷം പോലെയാകില്ല' - രാഹുല്‍ഗാന്ധി



ബെംഗ്ലൂരു: മോദിയുടെ 15 ലക്ഷം പോലെയാകില്ല താന്‍ നല്‍കുന്ന വാഗ്ദാനങ്ങളെന്ന് രാഹുല്‍ഗാന്ധി. ബെല്ലാരിയില്‍ നടന്ന റോഡ്‌ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബെല്ലാരിയിലെ രാഹുലിന്‍റെ റോഡ് ഷോ വന്‍ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിയുന്നു. പൊതുയോഗത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ ആരവങ്ങളോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. കലബര്‍ഗി, കൊപ്പല്‍ എന്നിവിടങ്ങളിലും രാഹുല്‍ പ്രസംഗിച്ചു. ബെല്ലാരി നഗരത്തിലൂടെ 3 കിലോമീറ്ററോളം രാഹുലിന്റെ തുറന്ന വാഹനത്തെ ജനങ്ങള്‍ പിന്തുടര്‍ന്നു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനത്തെ വിവിധ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. വിവിധ ഘട്ടങ്ങളിലായി ആറ് ദിവസത്തെ പ്രചാരണത്തിനാണ് ഇതോടെ തുടക്കമാകുന്നത്.  റോഡ് ഷോ ഉള്‍പ്പെടെ 22 പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ പത്തിന് ബീദറിലെ ഹുംനാബാദിലും 12ന് വിജയപുരയിലും രണ്ടിന് ബെലഗാവിയിലെ കുടച്ചിയിലും പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. 

വൈകീട്ട് മൂന്നരയ്ക്ക് ബെംഗളൂരുവിലെ മാഗഡി റോഡില്‍ നൈസ് റോഡ് മുതല്‍ സുമനഹള്ളി വരെ നാലരക്കിലോമീറ്റര്‍ റോഡ് ഷോ നയിക്കും. ഞായറാഴ്ച രാവിലെ 9.30ന് കോലാറിലും വൈകീട്ട് നാലിന് ഹാസനിലെ ബേലൂറിലും പ്രചാരണസമ്മേളനം. വൈകീട്ട് മൈസൂരുവില്‍ റോഡ് ഷോ നടത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K