24 April, 2023 05:33:31 PM


സ്റ്റാലിനെതിരായ അണ്ണാമലൈയുടെ ആരോപണം; തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ റെയ്ഡ്



ചെന്നൈ: മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ ആരോപണത്തിന് പിന്നാലെ തമിഴ്നാട്ടിൽ ഡിഎംകെ നേതാക്കളുടെ വീടുകളിലും ജി സ്ക്വയർ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഓഫീസിലും ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. 

തമിഴ്നാട്ടിലെ വിവിധയിടങ്ങളിലും ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും റെയ്ഡ് തുടരുകയാണ്. സ്റ്റാലിന്‍റെ മരുമകന്‍റെ ഓഡിറ്ററുടെ വീട്ടിലും ആദായനികുതി വകുപ്പിന്‍റെ പരിശോധന നടന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തിന് റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയറിൽ ബിനാമി നിക്ഷേപമുണ്ടെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ആരോപണം ഉന്നയിച്ചിരുന്നു. 

ഡിഎംകെ ഫയൽസ് എന്ന പേരിൽ സ്റ്റാലിൻ ഉൾപ്പെടെയുള്ള ദ്രാവിഡ മുന്നേറ്റ കഴകം  നേതാക്കൾക്കെതിരെയായിരുന്നു ആരോപണം. സ്റ്റാലിന്‍റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, മരുമകൻ ശബരീശൻ എന്നിവർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് ആക്ഷേപം.

അണ്ണാമലൈയുടെ ആരോപണത്തിന് പിന്നാലെയാണ് ജി സ്ക്വയറിന്‍റെ ഓഫീസിലെ പരിശോധന. അണ്ണാനഗറിൽ നിന്നുള്ള ഡിഎംകെ എംഎൽഎയും സ്റ്റാലിന്‍റെ വിശ്വസ്തനുമായ എം കെ മോഹൻ, മകൻ കാർത്തിക് എന്നിവരുടെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തി. ശബരീശന്‍റെ ഓഡിറ്റർ ഷൺമുഖരാജിന്‍റെ വീട്ടിലും പരിശോധന നടന്നു.

ചെന്നൈയ്ക്കും കോയമ്പത്തൂരിനും പുറമെ ബെഗ്ലൂരുവിലും ഹൈദരാബാദിലും അടക്കം അമ്പതോളം ഇടങ്ങളിലാണ് പരിശോധന. ഡിഎംകെ പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് പലയിടത്തും സിആര്‍പിഎഫ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. ഡിഎംകെ അധികാരത്തിലെത്തിയ ശേഷം ജി സ്ക്വയറിന്‍റെ വരുമാനം പതിന്മടങ്ങ് വർധിച്ചെന്നാണ് ആക്ഷേപം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K