23 April, 2023 08:45:17 AM
ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് കീഴടങ്ങി; അറസ്റ്റ് രേഖപ്പെടുത്തിയതായി പഞ്ചാബ് പൊലീസ്
അമൃത്സർ: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് കീഴടങ്ങി. പഞ്ചാബിലെ മോഗയിലാണ് അദ്ദേഹം കീഴടങ്ങിയിരിക്കുന്നത്. അമൃത്പാലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പഞ്ചാബ് പൊലീസ് അറിയിച്ചു.
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും, ക്രമസമാധാനം കാത്തു സൂക്ഷിക്കണമെന്നും, കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്നും പഞ്ചാബ് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അമൃത്പാലിനെ അസമിലേക്കു മാറ്റുമെന്നാണു വിവരം.
കഴിഞ്ഞ ഒരു മാസത്തിലധികമായി അമൃത്പാലിനായുള്ള അന്വേഷണത്തിലായിരുന്നു പഞ്ചാബ് പൊലീസ്. മാർച്ച് പതിനെട്ടിനാണ് വാരിസ് പഞ്ചാബ് ദേയുടെ നേതാവായ അമൃത്പാൽ ഒളിവിൽ പോയത്.
പൊലീസിനെ വിദഗ്ധമായി കബളിപ്പിച്ചാണു അമൃത്പാൽ സിങ് കടന്നു കളഞ്ഞത്. പലയിടങ്ങളിലും പൊലീസ് എത്തുന്നതിനു തൊട്ടുമുമ്പ് കടന്നു കളയുകയായിരുന്നു. അമൃത്പാലിനെ പിന്തുണയ്ക്കുന്ന നിരവധി പേരെ അറസ്റ്റ് ചെയ്തെങ്കിലും ഖാലിസ്ഥാൻ നേതാവിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.
ഭയത്താൽ ഒളിച്ചോടില്ല. രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നു ഒളിവിലായിരുന്നപ്പോൾ പുറത്തുവിട്ട വീഡിയോയിൽ അമൃത്പാൽ വ്യക്തമാക്കിയിരുന്നു.