22 April, 2023 04:33:14 PM
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു
ന്യൂഡൽഹി: ലോക്സഭ അംഗമെന്ന നിലയിൽ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നുള്ള സമയപരിധിയുടെ അവസാന ദിവസമായ ഇന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സെൻട്രൽ ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്‍റെ സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും രാവിലെ മുതൽ രണ്ടുതവണ ബംഗ്ലാവിൽ എത്തിയിരുന്നു. ഉച്ചകഴിഞ്ഞ് 3 മണിയോടെ താക്കോൽ കൈമാറി രാഹുൽ ഗാന്ധി ഔദ്യോഗിക വസതിയിൽനിന്ന് ഇറങ്ങി.
ബി.ജെ.പി എം.പി സി.ആർ പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി, 2005 മുതൽ താമസിക്കുന്ന 12 തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് ഏപ്രിൽ 22 നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന് കത്തയച്ചിരുന്നു. കേന്ദ്രം രാഷ്ട്രീയമായി പകപോക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അയോഗ്യനാക്കപ്പെട്ട ഒരു എംപിക്ക് സർക്കാർ വസതിക്ക് അർഹതയില്ല. ഔദ്യോഗിക വസതി ഒഴിയാൻ അയോഗ്യനാക്കപ്പെട്ട എം.പിക്ക് ഒരു മാസത്തെ സമയം ലഭിക്കും.
സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യാൻ അദ്ദേഹത്തിന് 30 ദിവസത്തെ സമയം നൽകിയിരുന്നു, അപ്പീൽ നൽകിയെങ്കിലും കോടതി തള്ളിയിരുന്നു. ഇതോടെ രാഹുൽ ഗാന്ധിയെ എം.പി സ്ഥാനം തിരികെ ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു.
കീഴ്‌ക്കോടതിയുടെ ശിക്ഷ ശരിവച്ചുള്ള അപ്പീൽ കോടതിയുടെ വിധി ഗാന്ധി കുടുംബത്തിന്‍റെ മുഖത്തേറ്റ അടിയെന്ന് ഭാരതീയ ജനതാ പാർട്ടി (ബിജെപി) പറഞ്ഞു, നിയമം എല്ലാവർക്കും തുല്യമാണെന്നും മുൻഗണനാ പരിഗണന നൽകാനാവില്ലെന്ന് കോടതി തെളിയിച്ചുവെന്നും ബിജെപി വക്താവ് പറഞ്ഞു.
ലോക്‌സഭാ അംഗത്വം നിലനിർത്താനായി സൂറത്ത് കോടതിയുടെ ഉത്തരവിനെതിരെ മുൻ വയനാട് എംപിക്ക് ഇനി ഗുജറാത്ത് ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ അപ്പീൽ നൽകേണ്ടിവരും.കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അപ്പീൽ നൽകിയ കോൺഗ്രസ് നേതാവിന് നേരത്തെ ഏപ്രിൽ മൂന്നിന് സൂറത്ത് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ സൂറത്തിലെ കോടതി, 52 കാരനായ ഗാന്ധിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി, 2019 ലെ അപകീർത്തി കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു ".
വീട് ഒഴിയാൻ സമ്മതിച്ച രാഹുൽ ഗാന്ധിക്ക് പാർട്ടി നേതാക്കൾ വീടുകൾ വിട്ടുനൽകാമെന്ന് വാഗ്‌ദാനം നൽകി. സെൻട്രൽ ഡൽഹിയിലെ 10 ജൻപഥിലുള്ള അമ്മ സോണിയ ഗാന്ധിയുടെ ബംഗ്ലാവിലേക്കായിരിക്കും രാഹുൽ ഗാന്ധി മാറുന്നത്. രാഹുൽ ഗാന്ധിയ്ക്കെതിരെ കേന്ദ്രസർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.