17 April, 2023 01:07:23 PM


അരിക്കൊമ്പൻ: സംസ്ഥാന സർക്കാരിന് തിരിച്ചടി; ഹർജി സുപ്രീം കോടതി തള്ളി



ന്യൂഡൽഹി: അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സർക്കാരിന്‍റെ ഹർജി സുപ്രീം കോടതി തള്ളി. വിഷയത്തിൽ ഇടപെടാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി നിർദ്ദേശം അപ്രായോഗികമാണെന്നു ചൂണ്ടിക്കാട്ടിയാണു കേരളം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.


ചിന്നക്കനാലിൽ നാശം വിതയ്ക്കുന്ന കാട്ടാനയായ അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും, ഇതു സംബന്ധിച്ചു ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നുമാണു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ പറമ്പിക്കുളത്തും പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ ആനയെ മാറ്റാനുള്ള സ്ഥലം കണ്ടെത്തുന്നത് സർക്കാരിന്‍റെ ചുമതലയാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.


എന്നാൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ തന്നെ ഉൾപ്പെടുന്ന വിദഗ്ധസമിതിയാണ് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന നിർദ്ദേശം നൽകിയതെന്നും, അതിനാൽ വിഷയത്തിൽ ഇടപെടാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ തീരുമാനം യുക്തിസഹമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K