15 April, 2023 09:42:41 PM
'സിബിഐയും ഇഡിയും കള്ളം പറയുന്നു'; വിമർശനവുമായി അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡൽഹി: സിബിഐയും ഇഡിയും കോടതിയിൽ കള്ളം പറയുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഇന്നലെ സിബിഐ സമൻസ് അയച്ചതിൽ പ്രതികരിക്കുകയായിരുന്നു അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെയും കെജ്‌രിവാള്‍ രൂക്ഷ വിമർശനം ഉന്നയിച്ചു.
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് തുടങ്ങിയ ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കേന്ദ്ര സർക്കാർ ഉപയോഗിക്കുകയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഏജൻസികൾ തെറ്റായ വിവരങ്ങളാണ് പുറത്തുവിടുന്നത്. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ 14 ഫോണുകൾ നശിപ്പിച്ചെന്ന തെറ്റായ വിവരമാണ് നൽകിയിരിക്കുന്നതെന്നും ഭീഷണിപ്പെടുത്തിയെന്നും കെജ്‌രിവാള്‍ ആരോപിച്ചു. അറസ്റ്റിലായവരെ പീഡിപ്പിക്കുകയാണെന്നും താൻ തെറ്റ് ചെയ്തതിന് ഒരു തെളിവുമില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേർത്തു.
മുൻ ഡെപ്യൂട്ടി മനീഷ് സിസോദിയയെ അടക്കം അറസ്റ്റ് ചെയ്തിട്ടും മാസങ്ങളോളം അന്വേഷണം നടത്തിയിട്ടും അദ്ദേഹത്തിനെതിരെ ഒരു തെളിവുകളും ലഭിച്ചിട്ടില്ല. റെയ്ഡ് നടത്തിയതിൽ നിന്നും ഒന്നും കണ്ടെത്താനാകാതെ വന്നപ്പോൾ തങ്ങളുടെ ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കാണ് പണം ഒഴുക്കിയതെന്ന് അവർ പറഞ്ഞു. ഇതിന്‍റെ തെളിവെവിടെ? തങ്ങളുടെ പേയ്‌മെന്‍റുകളെല്ലാം ചെക്കുകൾ ഉപയോഗിച്ചാണ് നടത്തിയത്. തങ്ങൾക്ക് 100 കോടി രൂപ ലഭിച്ചെന്നാണ് ആരോപണം. എന്നാൽ ആ 100 കോടി രൂപയിൽ ഒരു രൂപയെങ്കിലും കാണിച്ചു തരൂ' കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. സെപ്തംബർ 17 ന് വൈകുന്നേരം ഏഴ് മണിക്ക് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 1,000 കോടി രൂപ നൽകിയെന്ന് പറഞ്ഞാൽ തെളിവില്ലാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോയെന്ന് അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു.
ഇന്നലെയാണ് മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അരവിന്ദ് കെജ്‌രിവാളിന് സിബിഐയുടെ സമൻസ് ലഭിച്ചത്. ചോദ്യംചെയ്യലിനായി ഞായറാഴ്ച ഹാജരാകാനായിരുന്നു നിർദേശം. ഇതേ കേസിലാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നത്.