11 April, 2023 04:08:04 PM
ഡല്‍ഹിയിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകം; മരുമകൾ അറസ്റ്റിൽ
ന്യൂഡല്‍ഹി: ഞായറാഴ്ച വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയതിന് പിന്നിൽ മരുമകളും കാമുകനും കൂട്ടുകാരനുമാണെന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹിയിലെ ഗോകുൽപുരിയിൽ താമസിച്ചിരുന്ന വൃദ്ധ ദമ്പതികളാണ് കൊല്ലപ്പെട്ടത്. മരുമകൾ മോണിക്കയാണ് കൊലപാതകത്തിന് പിന്നിൽ. കാമുകന്‍റെയും സുഹൃത്തിന്‍റെയും സഹായത്തോടയാണ് കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.
വിരമിച്ച സർക്കാർ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ രാധശ്യാം വർമയും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ഇവർ താഴത്തെ നിലയിലാണ് താമസം. മോണിക്കയും ഭർത്താവും മകനും ഒന്നാം നിലയിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി 7 മണിയോടെ, മോണിക്ക തന്‍റെ കാമുകനെയും മറ്റൊരാളെയും വീടിന്‍റെ ടെറസിൽ ഒളിപ്പിക്കുകയും രാത്രിയിൽ വൃദ്ധ ദമ്പതികളുടെ കിടപ്പുമുറിയിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു.
ഞായറാഴ്ച രാത്രി 10.30നാണ് ദമ്പതികളുടെ മകൻ രവി മാതാപിതാക്കളെ അവസാനമായി കണ്ടതെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. മരുമകൾ മോണിക്കയെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനെയും കൂട്ടാളിയെയും കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണെന്ന് പൊലീസ് പറഞ്ഞു. വീട് വിൽക്കുന്നതിന് ലഭിച്ച അഡ്വാൻസ് തുകയിൽ നിന്ന് നാല് ലക്ഷം രൂപയെങ്കിലും ദമ്പതികളുടെ വീട്ടിൽ നിന്ന് കാണാതായതായി പൊലീസ് പറഞ്ഞു.