06 April, 2023 04:50:18 PM
കോണ്‍ഗ്രസ് ഒരു കുടുംബത്തിനായി പ്രവർത്തിക്കുന്നതെന്ന് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്‍റണി
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാക്കൾ ഒരു കുടുംബത്തിനായി പ്രവർത്തിക്കുമ്പോൾ ബിജെപി ഒരു രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് അനിൽ ആന്‍റണി. ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് പ്രതികരണം. ബിജെപി സംസ്ഥാന അധ്യയക്ഷൻ കെ സുരേന്ദ്രൻ ഒപ്പമായിരുന്നു അനില്‍ ബിജെപി ആസ്ഥാനത്തെത്തിയത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
മോദിയുടേത് ഇന്ത്യയെ മുന്നോട്ടു നയിക്കുന്ന നിലപാടാണെന്നും അനിൽ പറഞ്ഞു. കോൺഗ്രസ് പാർട്ടിയിലുള്ളവർ രാജ്യത്തെ വഞ്ചിച്ചുക്കൊണ്ടിരിക്കുകയാണ്. പാർട്ടിക്കുപരി ഞാൻ രാജ്യത്തിനു പ്രാധാന്യം നൽകുന്നെന്നും അനിൽ പറഞ്ഞു.
ബിജെപിയിൽ ചേർന്നത് വ്യക്തിപരമായ തീരുമാനമാണെന്നും സ്വന്തം മനസാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാനും, സ്വന്തം വിശ്വാസത്തിനനുസരിച്ചു മുന്നോട്ടു പോകാനുമാണ് വീട്ടിൽ നിന്നു പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിൽ രാഷ്ട്രീയമില്ലെന്നും തന്‍റെ ജീവിതത്തിലെ ഏറ്റവും ബഹുമാന്യനായ വ്യക്തി എ കെ ആന്‍റണിയാണെന്നും അച്ഛനോടുള്ള സ്നേഹത്തിനും ബഹുമാനത്തിനും മാറ്റമില്ലെന്നും അനിൽ ആന്‍റണി വ്യക്തമാക്കി.
രാജ്യത്തിനായി നിലപാടെടുത്തപ്പോൾ കോൺഗ്രസ് അപമാനിക്കപ്പെട്ടെന്നും താൻ രാജ്യത്തെ സ്നേഹിക്കുന്നതായും അനിൽ പറഞ്ഞു. അനിൽ മികച്ച രാഷ്ട്രീയ സാമൂഹിക പ്രവർത്തകനാണെന്ന് പീയുഷ് ഗോയൽ പ്രതികരിച്ചു.