03 April, 2023 11:29:24 AM
പീഡന പരാതിയിൽ ചെന്നൈ കലാക്ഷേത്രയിലെ അധ്യാപകൻ അറസ്റ്റില്‍
ചെന്നൈ: പൂർവ വിദ്യാർത്ഥിയുടെ ലൈംഗിക പീഡന പരാതിയിൽ ചെന്നൈ കലാക്ഷേത്രയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരി പത്മൻ എന്ന അധ്യാപകനാണ് അറസ്റ്റിലായത്.
പഠനകാലയളവിലും അതിനു ശേഷവും അധ്യാപകൻ ലൈംഗിമായി പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ അഡയാർ വനിതാ പൊലീസ് കേസെടുത്തിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇയാൾക്കെതിരെ കേസെടുത്തത്.
ഹരിപത്മനെതിരെ നടപടി ആവശ്യപ്പെട്ട് കലാക്ഷേത്രയിൽ വിദ്യാർത്ഥികൾ സമരം ആരംഭിച്ചിരുന്നു. ഇയാൾക്കെതിരെ കേസെടുത്തതോടെയാണ് സമരം പിൻവലിച്ചത്. സ്ത്രീത്വത്തെ അവഹേളിച്ചു എന്നതടക്കം മൂന്ന് വകുപ്പുകളാണ് ചുമത്തിയത്. ഹരി പത്മനു പുറമേ, സഞ്ജിത് ലാൽ, സായി കൃഷ്ണൻ, ശ്രീനാഥ് എന്നിവരുടെ പേരിലും പരാതിയുണ്ട്. എന്നാൽ ഹരി പത്മന് എതിരെ മാത്രമാണ് പൊലീസിൽ പരാതി ലഭിച്ചത്.
കലാക്ഷേത്ര ഫൗണ്ടേഷനിലെ രുക്മിണീദേവി കോളേജ് ഫോർ ഫൈൻ ആർട്‌സിലെ അധ്യാപകനാണ് ഹരി പത്മൻ. 2015 മുതൽ 2019 വരെ ഇവിടെ വിദ്യാർത്ഥിനിയായിരുന്ന യുവതി കോഴ്സ് തീരും മുമ്പ് പഠനം അവസാനിപ്പിച്ചിരുന്നു. വെള്ളിയാഴ്ച്ച കലാക്ഷേത്രയിൽ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് മുന്നിൽ 90 കുട്ടികൾ രേഖാമൂലം പരാതിനൽകിയിരുന്നു.
വിദ്യാർത്ഥി സമരത്തെ തുടർന്ന് ഏപ്രിൽ ആറുവരെ സ്ഥാപനം അടച്ചിരുന്നു. വാട്സ്ആപ്പിലും മറ്റും ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും അധ്യാപകർ വിദ്യാർഥിനികൾക്ക് അയക്കാറുണ്ടെന്നും പരാതിയുണ്ട്.