27 March, 2023 11:39:57 AM


കറുപ്പണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍; ലോക് സഭ 4 മണിവരെയും നിർത്തിവച്ചു



ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും തടസ്സപ്പെട്ടു. ഒരു മിനിറ്റ് പോലും സഭ ചേരാനായില്ല. 


പ്രതിപക്ഷ എംപിമാര്‍ കറുത്ത വസത്രങ്ങളും കറുത്ത മാസ്കും ധരിച്ചാണ് പാര്‍ലമെന്‍റിലെത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റിന്‍റെ ഉത്തരവ് പ്രതിപക്ഷം കീറിയെറിഞ്ഞു. സ്പീക്കറുടെ ഡയസിന് മുന്നിലേക്കാണ് ഉത്തരവ് വലിച്ചെറിഞ്ഞത്.  ഇതോടെ ലോക് സഭ നാല് മണി വരെയും രാജ്യസഭ 2 മണി വരെയും നിർത്തിവച്ചു. 


പാര്‍ലമെന്‍റിന് മുന്നില്‍ നിന്നും വിജയ് ചൗക്കിലേക്ക് പ്രതിപക്ഷം പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ ചേര്‍ന്ന സംയുക്ത പ്രതിപക്ഷ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്.


ജനപ്രതിനിധികളെ ശിക്ഷിച്ചാലുടൻ സഭയിലെ അംഗത്വം റദ്ദാക്കാൻ പാടില്ലെന്നു ആവശ്യപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതിയിൽ പരാമർശിക്കും. രണ്ട് വർഷമോ അതിലധികമോ ജയിൽ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അപ്പീൽ നൽകാനുള്ള സാവകാശം ജനപ്രതിനിധിക്ക് നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. 


അപകീർത്തി കേസിൽ ശിക്ഷിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധിയുടെ ലോക് സഭാ അംഗത്വം റദ്ദാക്കിയ സാഹചര്യവും വ്യക്തമാക്കുന്നുണ്ട് . മലപ്പുറം സ്വദേശിയും ദില്ലിയിൽ  ഗവേഷകയുമായ ആഭാ മുരളീധരനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ചു കോൺഗ്രസ് നേതാവ് അനിൽ ബോസും ഹർജി സമർപ്പിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K